ചർച്ച പ്ലാന്റ് സ്ഥാപിക്കില്ലെന്നും പോലീസുകാരെ ശിക്ഷിക്കുമെന്നും ഉറപ്പ് ലഭിക്കാൻ : മാഗ്ലിന്‍

#

കൊച്ചി (20-06-17) : പുതുവൈപ്പില്‍ ഐ.ഒ.സി പ്ലാന്റ് സ്ഥാപിക്കാന്‍ അനുവദിക്കുന്ന പ്രശ്‌നമില്ലെന്ന് സമരസമിതി. നാളെ മുഖ്യമന്ത്രി വിളിച്ചു ചേര്‍ക്കുന്ന ചര്‍ച്ചയില്‍ സമരസമിതി നേതാക്കളായ മുരളി, മാഗ്ലിന്‍, ജയഘോഷ് എന്നിവര്‍ പങ്കെടുക്കും. ഐ.ഒ.സി പ്ലാന്റ് ഇവിടെ സ്ഥാപിക്കില്ലെന്ന് ഉറപ്പു നല്‍കണമെന്ന് ആവശ്യപ്പെടാനാണ് തങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതെന്ന് സമരസമിതി നേതാവ് മാഗ്ലിന്‍ ലെഫ്റ്റ് ക്ലിക് ന്യൂസിനോട് പറഞ്ഞു. സമരം ചെയ്തവർക്കെതിരേ ആക്രമണം അഴിച്ചുവിട്ട പോലീസ് ഉദ്യോഗസഥർക്കെതിരെ സ്വീകരിക്കുന്ന നടപടിയെക്കുറിച്ചുള്ള കൃത്യമായ ഉറപ്പും ലഭിക്കണം.

പ്ലാന്റ് സുരക്ഷിതമാണെന്ന് പറയുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും എം.എല്‍.എമാരും ഉപദേശികളും ഒരു മാസം ഇവിടെ വന്നു താമസിക്കാന്‍ തയ്യാറുണ്ടോ എന്ന് വെല്ലുവിളി ഉയര്‍ത്തിയ മാഗ്ലിന്‍, അവര്‍ താമസിക്കുന്നതിന് പുറകിലേക്ക് മാറി താമസിക്കാന്‍ സമരത്തില്‍ പങ്കെടുക്കുന്ന ജനങ്ങള്‍ തയ്യാറാണെന്ന് അറിയിച്ചു. മന്ത്രിമാരും ഉപദേശികളും "വിദഗ്ദ്ധരും" അവരുടെ മക്കളുമെല്ലാം സുരക്ഷിതമായ സ്ഥലങ്ങളില്‍ താമസിച്ചുകൊണ്ടാണ്, വികസനത്തിനു വേണ്ടി ത്യാഗം സഹിക്കാന്‍ പാവപ്പെട്ടവരോട് പറയുന്നത്. ഏതു പദ്ധതി വന്നാലും പാവപ്പെട്ടവര്‍ ത്യാഗം സഹിക്കണമെന്ന് പറയുന്നത് ഇനി അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്ന് മാഗ്ലിന്‍ പറഞ്ഞു.

നല്ലൊരു കാര്യത്തിനു വേണ്ടി ത്യാഗം സഹിക്കണമെന്നാണ് ഭരണക്കാര്‍ പറയുന്നത്. ഒരുപാട് ത്യാഗം സഹിച്ചവരാണ് ഇവിടത്തെ ജനങ്ങള്‍. കുടിവെള്ളത്തിനു വേണ്ടി വലിയ സമരം നടത്തേണ്ടി വന്നവര്‍. ഇരട്ടച്ചങ്കുള്ളവരാണ് ഇവിടത്തെ സ്ത്രീകള്‍. നല്ലൊരു കാര്യത്തിനു വേണ്ടിയാണ് അവരിപ്പോള്‍ സമരം ചെയ്യുന്നതൊന്നും ഈ സമരത്തില്‍ മരിച്ചുവീഴാന്‍ തയ്യാറായാണ് ഓരോ ആളും സമരരംഗത്തു നില്‍ക്കുന്നതെന്നും മാഗ്ലിന്‍ പറഞ്ഞു. വികസനത്തിനുവേണ്ടി ഈ നേതാക്കളാരും ത്യാഗം സഹിക്കാൻ തയ്യാറാകാത്തതെന്താണെന്ന് മാഗ്ലിൻ ചോദിച്ചു.

ഐ.ഒ.സി പ്ലാന്റിന്റെ സുരക്ഷയെക്കുറിച്ച് ഉപദേശിക്കാന്‍ ഇപ്പോള്‍ ധാരാളം "വിദഗ്ദ്ധര്‍" ഇറങ്ങിയിട്ടുണ്ട്. ഈ വിദഗ്ദ്ധര്‍ അവരുടെ സ്വന്തം വീട്ടിനു മുമ്പില്‍ പ്ലാന്റ് സ്ഥാപിക്കാന്‍ മുന്‍ കയ്യെടുക്കട്ടെ. എന്‍ഡോസള്‍ഫാന് ഒരു കുഴപ്പവുമില്ല എന്നായിരുന്നല്ലോ വിദഗ്ദ്ധര്‍ പറഞ്ഞിരുന്നത്. പാവപ്പെട്ടവര്‍ സമരം ചെയ്യുമ്പോള്‍, അതിന്റെ പിന്നില്‍ മറ്റാരോ ഉണ്ട് എന്ന് ആരോപിക്കുന്നത്, സാധാരണ ജനങ്ങളെ ആക്ഷേപിക്കലാണ്. ഇവിടെ നിമിഷം വെച്ച് കടലെടുക്കുന്ന ഭൂമിയില്‍ ഇങ്ങനെയൊരു പ്ലാന്റ് സ്ഥാപിക്കാന്‍ അനുവദിക്കുന്ന പ്രശ്‌നമില്ല.

ഇവിടത്തെ സ്ത്രീകളുള്‍പ്പെടെയുള്ളവരുടെ നെഞ്ചില്‍ കയറി തെമ്മാടിത്തരം കാണിച്ച പോലീസുകാരുടെ പേരില്‍ നടപടി എടുക്കണമെന്ന ആവശ്യം തങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിക്കുമെന്ന് മാഗ്ലിന്‍ അറിയിച്ചു. ഐ.ഒ.സി പ്ലാന്റ് പുതുവൈപ്പില്‍ സ്ഥാപിക്കില്ലെന്നും ആക്രമണം നടത്തിയ പോലീസുകാകർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉറപ്പു ലഭിക്കാനാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നതെന്നും അല്ലാതെ ചര്‍ച്ച വഴി തങ്ങളെ എന്തെങ്കിലും പഠിപ്പിച്ചു തരാമെന്ന് ആരെങ്കിലും കരുതിയാല്‍ അത് തെറ്റാണെന്നും മാഗ്ലിന്‍ പറഞ്ഞു. "വിദഗ്ദ്ധരു"മായുള്ള ചര്‍ച്ചകളൊക്കെ ഒരുപാട് കഴിഞ്ഞതാണ്. ഇനി ഒരു വിദഗ്ദ്ധനില്‍ നിന്നും തങ്ങള്‍ക്ക് ഒന്നും പഠിക്കാനില്ലെന്നും മാഗ്ലിന്‍ അസന്ദിഗ്ദ്ധമായി വ്യക്തമാക്കി.