സംഘപരിവാര്‍ പിടി മുറുക്കുന്നു : രക്ഷാബന്ധന് അവധി

#

കൊച്ചി (04-08-17) : കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രീയ വിദ്യാലയങ്ങള്‍ക്ക് ആഗസ്റ്റ് 7 തിങ്കളാഴ്ച രക്ഷാബന്ധന്‍ പ്രമാണിച്ച് അവധിയായിരിക്കും. ദേശീയ അവധി ദിനങ്ങളിലും അതതു സംസ്ഥാനങ്ങളിലെ ദേശീയോത്സവദിനങ്ങളിലും മാത്രമേ കേന്ദ്രീയ വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കാറുള്ളൂ. ഇത്രയും കാലമായി പിന്തുടര്‍ന്നു വന്ന ആ സമ്പ്രദായം അവസാനിപ്പിച്ചുകൊണ്ടാണ് ഉത്തരേന്ത്യയിലെ ഹൈന്ദവ ആഘോഷമായ രക്ഷാബന്ധന് കേരളത്തിലെ കേന്ദ്രീയ വിദ്യാലയങ്ങളില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലെ അവധി നിര്‍ദ്ദേശിക്കാനുള്ള അധികാരം എറണാകുളത്തുള്ള മേഖലാ ഓഫീസിനാണ്. മുകളില്‍ നിന്നുള്ള നിര്‍ദ്ദേശമാണോ, ഏതു സാഹചര്യത്തിലാണ് രക്ഷാബന്ധന്‍ അവധിയായി തീരുമാനിച്ചത് എന്നീ കാര്യങ്ങളില്‍ പ്രതികരിക്കാന്‍ കേന്ദ്രീയ വിദ്യാലയ അധികൃതര്‍ തയ്യാറാകുന്നില്ല. ഉത്തരേന്ത്യന്‍ ഹൈന്ദവ ആചാരങ്ങള്‍ തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലും മറ്റു മതവിഭാഗങ്ങളിലും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ. രക്ഷാബന്ധന്‍ ദിനത്തില്‍ എല്ലാ സ്ത്രീ ജീവനക്കാരും സഹപ്രവര്‍ത്തകരായ പുരുഷന്മാരുടെ കയ്യില്‍ രാഖി കെട്ടണമെന്ന് ദാമന്‍ ആന്റ് ഡ്യൂ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് വിവാദമായതിനെത്തുടര്‍ന്ന് പിന്‍വലിച്ചിരുന്നു.