ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 60 സീറ്റിൽ കൂടുതൽ ലഭിക്കില്ല : ഹാർദ്ദിക്‌ പട്ടേൽ

#

അഹമ്മദാബാദ് (19-11-17) : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 60 സീറ്റിൽ കൂടുതൽ നേടില്ലെന്ന് ഹാർദ്ദിക്‌ പട്ടേൽ. ഗുജറാത്തിൽ ബിജെപി ജയിച്ചാൽ ആറരക്കോടി ജനങ്ങളായിരിക്കും പരാജയപ്പെടുക. അതിന് അനുവദിക്കരുത്. മന്‍സയില്‍ നടന്ന മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു ഹാർദ്ദിക്‌ പട്ടേൽ.

ദളിത് പട്ടീദാർ യുവാക്കൾക്ക് ജോലി ലഭിക്കുന്നത് കാണണം. കർഷകരുടെ ആത്മഹത്യകൾക്ക് കരണക്കാരായവർ പരാജയപ്പെടുന്നത് കാണണം. പട്ടീദാർ സമുദായം വിട്ട് ബിജെപിക്കൊപ്പം ചേരുന്നവർക്ക് ജനങ്ങളുടെ പിന്തുണ ഉണ്ടാകില്ലെന്നും ഹാർദ്ദിക്‌ പറഞ്ഞു.

രാഹുൽ ഗാന്ധിക്കെതിരായി ബിജെപി നടത്തുന്ന അക്രമമങ്ങളെയും ഹാർദ്ദിക്‌ വിമർശിച്ചു. രാഹുൽ ഗാന്ധി ഗുജറാത്തിൽ എത്തുമ്പോഴെല്ലാം ആരോപണങ്ങൾ ഉന്നയിക്കുന്ന ബിജെപി  കഴിഞ്ഞ ആറുമാസമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിൽ നിരന്തര സന്ദർശനം നടത്തുന്നത് എന്തിനെന്ന് വിശദീകരിക്കുമോയെന്നും ഹാർദ്ദിക്‌ ചോദിച്ചു.