ജിഗ്നേഷ് മെവാനി സ്ഥാനാര്‍ത്ഥിയാകും

#

അഹമ്മദാബാദ് (27-11-17) : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന്റെ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ഇന്ന് ദളിത് നേതാവ് ജിഗ്നേഷ് മെവാനി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. സ്വതന്ത്രനായാണ് മെവാനി മത്സരിക്കുന്നത്. ബി.ജെ.പിയെ തോല്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അറിയിച്ച മെവാനി, തനിക്കെതിരേ സ്ഥാനാര്‍ത്ഥികളെ നിറുത്തരുതെന്ന് ബി.ജെ.പി ഇതര പാര്‍ട്ടികളോട് അഭ്യര്‍ത്ഥിച്ചു.

സ്വതന്ത്രനായാണ് മത്സരിക്കുന്നതെങ്കിലും കോണ്‍ഗ്രസുമായി ധാരണയിലാണ് ജിഗ്നേഷ് മത്സരിക്കുന്നത്. ബനസ്‌കാന്ത ജില്ലയിലെ ബദ്ഗാം മണ്ഡലത്തിലാണ് ജിഗ്നേഷ് മത്സരിക്കുക. ദളിതര്‍ക്കും മുസ്ലീങ്ങള്‍ക്കും വലിയ സ്വാധീനമുള്ള മണ്ഡലമാണ് ബദ്ഗാം. താന്‍ മത്സരിക്കുന്ന വിവരം ജിഗ്നേഷ് മെവാനി ട്വിറ്ററില്‍ കുറിച്ചയുടന്‍ തന്നെ മെവാനിക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ വിജയാശംസകള്‍ നേര്‍ന്നു.