മോദിയുടെ റാലികളിൽ ആളെക്കൂട്ടാനായി തന്ത്രം മെനഞ്ഞ് ബിജെപി

#

അഹമ്മദാബാദ് (28-11-17) : മോദിയുടെ റാലികളിൽ ജനപങ്കാളിത്തം കുറയുന്നുവെന്ന പ്രതിപക്ഷ ആരോപണം പ്രതിരോധിക്കുന്നതിന് തന്ത്രം മെനഞ്ഞ് ബിജെപി ഗുജറാത്ത് നേതൃത്വം. ഗുജറാത്തിന്റെ മകനെകാണാൻ വരൂ എന്ന മുദ്രാവാക്യം ഉയർത്തി കൂടുതൽ ആളുകളെ റാലികളിലേക്ക് എത്തിക്കുന്നതിനാണ് ശ്രമം.

കഴിഞ്ഞ ദിവസം കച്ചിലെ ഭുജ്ജ്, സൗരാഷ്ട്രയിലെ ജസ്‌ദാൻ, ധാരി, സൂറത്തിലെ കഡോദര എന്നിവിടങ്ങളിൽ മോദി തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്തിരുന്നു. ഇവിടങ്ങളിൽ ജനപങ്കാളിത്തം കുറവായിരുന്നത് ബിജെപി സംസ്ഥാന നേതൃത്വത്തെ ആശങ്കയിലാക്കിയിരുന്നു. ഇത് പ്രതിപക്ഷം ബിജെപിക്കെതിരെ ആയുധമാക്കുകയും മോദിയുടെ റാലികൾ ജനങ്ങൾ ഉപേക്ഷിക്കുന്നുവെന്ന് വീഡിയോ സഹിതം പ്രചരിപ്പിക്കുകയും ചെയ്തതോടെ സമ്മർദ്ദത്തിലായ നേതൃത്വം റാലികളിലേക്ക് പരമാവധി ആളുകളെ കൂട്ടാനുള്ള തത്രപ്പാടിലാണ്.

എന്നാൽ മോദിയുടെ റാലികളിൽ ആളുകൾ കുറവായിരുന്നുവെന്ന ആരോപണം ബിജെപി സംസ്ഥാന നേതൃത്വം നിഷേധിച്ചു. ആളുകൾ കുറഞ്ഞിട്ടില്ലെന്ന് ജസ്ധാരയിലെ ബിജെപി സ്ഥാനാർഥി ഡോ. ഭാരത് ഭോഗാര പറഞ്ഞു. പരിപാടി തുടങ്ങുന്നതിനു മുൻപ് എടുത്ത ദൃശ്യങ്ങളിലേക്ക് പ്രധാനമന്ത്രിയുടെ പ്രസംഗം എഡിറ്റ് ചെയ്തു ചേർക്കുകയായിരുന്നുവെന്നും റാലിയിൽ അരലക്ഷത്തിലധികം ആളുകൾ പങ്കെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.