മമതയും കേജ്‌രിവാളും വേണ്ടെന്ന് കോണ്‍ഗ്രസ് ബംഗാള്‍, ഡല്‍ഹി ഘടകങ്ങള്‍

#

ന്യൂഡല്‍ഹി (23-06-18) : 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാൻ ഇടവരാത്ത തരത്തില്‍ വിശാലമായ പ്രതിപക്ഷസഖ്യം രൂപീകരിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ക്ക് പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങള്‍ വിഘാതം സൃഷ്ടിക്കുന്നു. സംസ്ഥാനതലത്തില്‍ പ്രാദേശികമായുള്ള തര്‍ക്കങ്ങളും പ്രശ്‌നങ്ങളും മാറ്റിവെച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് മഹാസഖ്യം രൂപീകരിക്കാനുള്ള ശ്രമങ്ങളിലാണ് കോൺഗ്രസ്. ആ ദിശയിൽ വലിയ ഒരു ചുവടുവെയ്പാണ് കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുണ്ടായത്. 78 സീറ്റ് നേടിയ കോണ്‍ഗ്രസ് 39 സീറ്റു ലഭിച്ച ജനതാദള്‍(എസ്)ന് മുഖ്യമന്ത്രി സ്ഥാനം വിട്ടു നല്‍കുകയായിരുന്നു. എന്തു വിട്ടുവീഴ്ച ചെയ്തും വിശാലമായ പ്രതിപക്ഷസഖ്യം രൂപീകരിക്കുകയും 2019 ലെ ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന സന്ദേശമാണ് അതുവഴി കോണ്‍ഗ്രസ് നല്‍കിയത്.

കര്‍ണാടകത്തില്‍ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷനേതാക്കളുടെ കൂടിച്ചേരലിനുള്ള വേദിയായി മാറി. പ്രതിപക്ഷമഹാസഖ്യം സംഘടനാ രൂപം കൈവരിക്കുന്നതിന്റെ പ്രതീതി സൃഷ്ടിക്കുമ്പോഴാണ് കോണ്‍ഗ്രസിന്റെ പ്രാദേശിക ഘടകങ്ങളില്‍ നിന്ന് അപസ്വരമുയരുന്നത്. ബി.ജെ.പിക്കെതിരേ പൊതുസ്ഥാനാര്‍ത്ഥി എന്ന ആശയം അംഗീകരിക്കാന്‍ ആം ആദ്മി പാര്‍ട്ടിയും തയ്യാറാണ്. ഡല്‍ഹിയില്‍ ആകെയുള്ള 7 ലോക്സഭാ സീറ്റുകളില്‍ 2 എണ്ണം കോണ്‍ഗ്രസിന് വിട്ടുനല്‍കാമെന്ന നിലയില്‍ അനൗപചാരികമായ ആലോചനകള്‍ പോലും ആം ആദ്മി പാര്‍ട്ടിയുലുണ്ടായി. ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ ധാരണയായാല്‍ ഡല്‍ഹി തൂത്തുവാരാന്‍ കഴിയും. മറ്റ് പ്രതിപക്ഷപ്പാര്‍ട്ടികള്‍ക്ക് ഡല്‍ഹിയില്‍ കാര്യമായ സാന്നിധ്യമില്ല. കോണ്‍ഗ്രസുമായി ധാരണയ്ക്ക് ആം ആദ്മി പാര്‍ട്ടി തയ്യാറാണെന്ന സൂചന ലഭിച്ചയുടന്‍ തന്നെ കോണ്‍ഗ്രസിന്റെ ഡല്‍ഹിയിലെ ഒരു വിഭാഗം നേതാക്കള്‍ അതിനെതിരേ രംഗത്തുവന്നു. അജയ്മാക്കാന്‍ പരസ്യപ്രസ്താവനയിറക്കി.

കോണ്‍ഗ്രസിന്റെ കേന്ദ്രനേതൃത്വത്തില്‍ നിന്ന് ആം  ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിനുള്ള അനുകൂലനീക്കമുണ്ടാകുന്നത് മുന്‍കൂട്ടി തടയാനെന്നവണ്ണം അജയ്മാക്കാനും ഷീലാദീക്ഷിത്തും ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ പരസ്യപ്രതികരണങ്ങള്‍ ഫലം കണ്ടു. ലഫ്.ജനറലിന്റെ വസതിയില്‍ അരവിന്ദ് കേജ്‌രിവാളും സഹമന്ത്രിമാരും ധര്‍ണ നടത്തിയപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ മാത്രം ആ ഭാഗത്തേക്ക് പോയില്ല. ബി.ജെ.പിക്ക് എതിരായ യോജിച്ച മുന്നേറ്റത്തിനുള്ള ഒരു സുവര്‍ണ്ണാവസരമാണ് അതുവഴി കോണ്‍ഗ്രസ് നേതൃത്വം  നഷ്ടപ്പെടുത്തിയത്. മമത ബാനര്‍ജിയും പിണറായി വിജയനുമടക്കമുള്ള നാലു മുഖ്യമന്ത്രിമാര്‍ ഒന്നിച്ച് കേജ്‌രിവാളിനെ സന്ദര്‍ശിക്കുകയും രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള പ്രതിപക്ഷനേതാക്കള്‍ പിന്തുണ അറിയിക്കുകയും ചെയ്‌തെങ്കിലും കോണ്‍ഗ്രസിന്റെ ഒരു നേതാവ് പോലും കേജ്‌രിവാളിനെ സന്ദര്‍ശിച്ചില്ല എന്നത് പ്രതിപക്ഷമഹാസഖ്യം തുടക്കത്തില്‍ തന്നെ ഇല്ലാതാകുകയാണോ എന്ന സംശയം ജനിപ്പിച്ചു. വളരെ വൈകി രാഹുല്‍ഗാന്ധിയില്‍ നിന്നുണ്ടായ പ്രതികരണമാകട്ടെ, ബി.ജെ.പിയെയും ആം ആദ്മി പാര്‍ട്ടിയെയും ഒരേ അകലത്തില്‍ നിറുത്തുന്ന തരത്തിലുള്ളതായിരുന്നു.

ഡല്‍ഹിയിലെ പ്രാദേശിക നേതൃത്വത്തെ നിലയ്ക്കു നിറുത്താന്‍ കഴിയാത്ത കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിന് തലവേദന സൃഷ്ടിച്ചുകൊണ്ട് പശ്ചിമബംഗാള്‍ ഘടകവും സ്വന്തം തീരുമാനവുമായി മുന്നോട്ടുവന്നിരിക്കുന്നു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാത്രം ശ്രദ്ധയൂന്നാതെ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കരുക്കൾ നീക്കണമെന്നാണ് പാര്‍ട്ടി പശ്ചിമബംഗാള്‍ ഘടകം കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടുന്നത്. തൃണമൂല്‍ കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള ബന്ധവും പാടില്ലെന്നും സി.പി.ഐ എമ്മുമായി വ്യക്തമായ ധാരണയുണ്ടാക്കണമെന്നുമാണ് കോണ്‍ഗ്രസ് പശ്ചിമബംഗാള്‍ ഘടകത്തിലെ പ്രബലമായ ഒരു വിഭാഗത്തിന്റെ  നിലപാട്. കോണ്‍ഗ്രസും സി.പി.എമ്മും യോജിച്ച് ഓഫീസുകള്‍ സ്ഥാപിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ദേശീയതലത്തില്‍ രൂപം കൊള്ളുന്ന മഹാസഖ്യത്തില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസിനെയും ആം ആദ്മി പാര്‍ട്ടിയെയും മാറ്റി നിറുത്തുക എന്നാല്‍ മഹാസഖ്യം പൊളിക്കുക എന്നാണര്‍ത്ഥം. ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരായ മുന്നേറ്റത്തിന്റെ പ്രതിരൂപങ്ങളാണ് മമതാ ബാനര്‍ജിയും അരവിന്ദ് കേജ്‌രിവാളും. അവരെ മാറ്റിനിർത്താൻ ശ്രമിച്ചാൽ ഫെഡറല്‍ മുന്നണി എന്ന ആശയം ശക്തി പ്രാപിക്കുകയും കോണ്‍ഗ്രസ് ഒറ്റപ്പെടുകയുമാകും ഫലം. ഒടുവില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് ലാലുപ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി.മാത്രമാകുന്ന സ്ഥിതിവരും. ദേശീയരാഷ്ട്രീയത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും യാഥാര്‍ത്ഥ്യ ബോധവുമില്ലാത്ത സ്വന്തം പ്രാദേശിക ഘടകങ്ങളെ നിലയ്ക്കു നിറുത്താന്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിനും കഴിയുമോ എന്നതിനെ ആശ്രയിച്ചിരിക്കും മഹാസഖ്യ രൂപീകരണത്തിനുള്ള സാധ്യത. കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനുള്ള സാധ്യതകളെയാണ് തിരിച്ചറിവില്ലാത്ത പ്രാദേശിക നേതാക്കള്‍ തുരങ്കം വയ്ക്കുന്നതെന്ന് തിരിച്ചറിയാന്‍ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിന് കഴിയുമോ എന്നത് കോണ്‍ഗ്രസിന്റെ ഭാവിയെ സംബന്ധിച്ച സുപ്രധാനമായ ചോദ്യമാണ്.