വേണ്ടത് വിശാല ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയ-സാംസ്കാരിക ഐക്യമുന്നണി

#

(25-06-18) : ( അടിയന്തരാവസ്ഥയുടെ നാല്പതാം വാർഷികദിനത്തിൽ പഴയ അടിയന്തരാവസ്ഥയെയും ഇന്നത്തെ അടിയന്തരാവസ്ഥയെയും കുറിച്ച് പ്രമുഖ എഴുത്തുകാരനും ചിന്തകനും ആക്ടിവിസ്റ്റുമായ സിവിക്‌ചന്ദ്രൻ ലെഫ്റ്റ്ക്ലിക്ന്യൂസിനോട് സംസാരിക്കുന്നു.)

നാലു പതിറ്റാണ്ടു കഴിഞ്ഞുപോയിരിക്കുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വിവരം പിറ്റേദിവസം രാവിലെയാണ് ഞാന്‍ പത്രങ്ങളില്‍ നിന്നറിയുന്നത്. അതിനു തലേദിവസം തന്നെ ഞാന്‍ പോലീസ് കസ്റ്റഡിയിലായിരുന്നു. വി.സി.ശ്രീജനും കെ.കെ.കൊച്ചും ഞാനും കൂടി എഡിറ്റു ചെയ്തിരുന്ന യെനാന്‍ എന്ന മാസിക നിരോധിച്ചുകൊണ്ടായിരുന്നു എന്നെ കസ്റ്റഡിയിലെടുത്തത്. ചെറുപ്പക്കാരെക്കുറിച്ചുള്ള ഒരു  ഗവേഷണപഠനത്തിന്റെ ഭാഗമായിട്ടാണ് എന്നു പറഞ്ഞാണ് അന്നത്തെ വയനാട് ജില്ലാ പോലീസ് സൂപ്രണ്ട് എന്നെ ചോദ്യം ചെയ്തത്. മാനന്തവാടി ടി.ബിയില്‍ ആ അര്‍ദ്ധരാത്രി മണിക്കൂറുകള്‍ നീണ്ടുനിന്ന  ചോദ്യം ചെയ്യലിനുശേഷം അദ്ദേഹം പറഞ്ഞു, "1947 ആഗസ്റ്റ് 15 നുശേഷം ജനിച്ച എല്ലാ തന്തയില്ലാ കഴുവേറികളെയും ഞങ്ങള്‍ ഭയപ്പെടുന്നു".

1947 ആഗസ്റ്റ് 14 ലെ അര്‍ദ്ധരാത്രിക്കുശേഷം ജനിച്ച എല്ലാ തന്തയില്ലാ കഴുവേറികളെയും ഭയക്കുന്നു എന്നു പറഞ്ഞ ആ പോലീസ് സൂപ്രണ്ടിന്റെ ശബ്ദം തന്നെയാണ് ഇന്ന് ഇന്ത്യയില്‍ മുഴങ്ങുന്നത്. 1975 ജൂണ്‍ 25 നു ശേഷം ജനിച്ച എല്ലാ തന്തയില്ലാ കഴുവേറികളെയും അതേപോലെതന്നെ ഇപ്പോഴും ഭരണകൂടം ഭയപ്പെടുന്നു. അന്നത്തെ അടിയന്തരാവസ്ഥയും ഇന്നത്തെ അടിയന്തരാവസ്ഥയും തമ്മിലുള്ള പ്രധാനവ്യത്യാസം, അന്നത്തെ അടിയന്തരാവസ്ഥ ഒരു പ്രഖ്യാപനത്തെ തുടര്‍ന്നാണ് സംഭവിച്ചത്. ഇപ്പോൾ പ്രഖ്യാപിക്കാതെ തന്നെ  അടിയന്തരാവസ്ഥയുടേതുപോലുള്ള അതിക്രമങ്ങള്‍ നടത്താന്‍ ഭരണകൂടത്തിനു കഴിയുന്നു. കക്കയം ക്യാമ്പും ശാസ്തമംഗലം ക്യാമ്പും ഇപ്പോഴും ഒരു പഴങ്കഥയല്ലല്ലോ. കേരളത്തില്‍ ഈ എല്‍.ഡി.എഫ് ഭരണത്തിനുകീഴില്‍ തന്നെ 18 കസ്റ്റഡി മരണങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

അടിയന്തരാവസ്ഥ ഒരു തുടര്‍ക്കഥയായി മാറിയിരിക്കുന്നു. നിസ്സഹായരായ, രാഷ്ട്രീയ പിന്‍ബലമില്ലാത്ത, ദരിദ്രരായ ആരും അപ്രഖ്യാതമായ ഒരു അടിയന്തരാവസ്ഥയുടെ നിഴലിലാണ്. പഴയ അടിയന്തരാവസ്ഥക്കാലത്ത് ആള്‍ക്കൂട്ടത്തിന് ഭ്രാന്തമായി ഭരണകൂടത്തിന്റെ അതിക്രമങ്ങളെ പരസ്യമായി പിന്തുണയ്ക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടായിരുന്നില്ല. സഞ്ജയ്ഗാന്ധിയുടെ നേതൃത്വത്തില്‍ ചില അതിക്രമങ്ങളുണ്ടായിട്ടുണ്ടെങ്കിലും അത് ഒരു പൊതുരീതിയായിരുന്നില്ല. ഇന്ന് അപ്രഖ്യാപിത അടിയന്തരാവസ്ഥക്കാലത്ത് ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അതിക്രമങ്ങളെ പിന്തുണയ്ക്കാനായി, ആര്‍.എസ്.എസ്സിന്റെ, ഹിന്ദുത്വവാദികളുടെ അനേകഗ്രൂപ്പുകള്‍ നിരന്തരമായി സമൂഹത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ അതിക്രമങ്ങളെ പിന്തുടര്‍ന്നുകൊണ്ടുള്ള ആള്‍ക്കൂട്ട അതിക്രമങ്ങള്‍ ഇപ്പോള്‍ നിത്യസംഭവമായിരിക്കുന്നു.

പഴയ അടിയന്തരാവസ്ഥയ്ക്ക് മുമ്പ് പരസ്യമായും, അടിയന്തരാവസ്ഥക്കാലത്ത് രഹസ്യമായും അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയമായും സാംസ്‌കാരികമായും പ്രബലമായിരുന്നു. പുതിയ അടിയന്തരാവസ്ഥയുടെ ഭീഷണിയെക്കുറിച്ച് ഇപ്പോഴും നമ്മള്‍ ബോധവാന്മാരായിട്ടില്ല. പഴയ അടിയന്തരാവസ്ഥയെ, കാത്തിരുന്നാലും, ഭരണഘടനാപരമായി പിന്തള്ളാനുള്ള സമ്മര്‍ദ്ദം ചെലുത്താന്‍ അവസരമുണ്ടായിരുന്നു.  2019 ലെ തെരഞ്ഞെടുപ്പില്‍ മോദിയെ അധികാരത്തില്‍ നിന്നു പുറത്താക്കിയാല്‍ പോലും ഇപ്പോഴത്തെ അടിയന്തരാവസ്ഥ സമൂഹത്തില്‍ സൃഷ്ടിച്ച വിപരീതമായ സ്വാധീനങ്ങള്‍ തുടച്ചുമാറ്റാന്‍ബുദ്ധിമുട്ടായിരിക്കും.

പഴയ അടിയന്തരാവസ്ഥ അതേപടി ആവര്‍ത്തിക്കുകയല്ല പുതിയ കാലത്ത് സംഭവിക്കുന്നത്. പഴയ അടിയന്തരാവസ്ഥ ഭരണഘടനാപരമായ ഒരു നടപടി മാത്രമായിരുന്നെങ്കില്‍, ഇപ്പോഴത്തെ അടിയന്തരാവസ്ഥ, സമൂഹമനസ്സിനെ, വ്യക്തിമനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കുന്നതും മാറ്റുന്നതുമായ സാംസ്‌കാരികമായ ഒരു വെല്ലുവിളി കൂടിയാണ്. കഴിഞ്ഞ അടിയന്തരാവസ്ഥയെ രാഷ്ട്രീയപ്രവര്‍ത്തനം കൊണ്ടുതന്നെ ചെറുക്കാന്‍ കഴിയുമായിരുന്നു. ഇപ്പോഴത്തെ അടിയന്തരാവസ്ഥയെ, വെറും രാഷ്ട്രീയപ്രവര്‍ത്തനം കൊണ്ടുമാത്രം ചെറുക്കാന്‍ കഴിയില്ല. രാഷ്ട്രീയവും സാംസ്‌കാരികവുമായി പല തലങ്ങളില്‍ നേരിടേണ്ടതാണ് ഈ വെല്ലുവിളി.

ഗാന്ധിജി, ജീവിതകാലത്ത് സ്വന്തം ജീവിതം കൊണ്ടും മരണത്തിലൂടെ മരണം കൊണ്ടും ഹിന്ദുത്വശക്തികളെ  ചെറുത്തുനിന്നു. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പ്രസ്ഥാനം സജീവമായിരുന്നിടത്തോളം അത് ജനകീയ പ്രസ്ഥാനമായിരുന്നിടത്തോളം ഹിന്ദു സംഘപരിവാറിന് അവരുടെ അജണ്ട നടപ്പാക്കാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് 1947 വരെ ഗാന്ധിജിയെയോ ദേശീയപ്രസ്ഥാനത്തെയോ മറികടക്കാന്‍ അവര്‍ക്ക് കഴിയാതെ പോയത്. സ്വന്തം ജീവിതംകൊണ്ടും മരണം കൊണ്ടും ഹിന്ദുത്വത്തെ അസാധ്യമാക്കിയ നേതാവായിരുന്നു ഗാന്ധി.

അടിയന്തരാവസ്ഥയ്ക്ക് എതിരായ സമരത്തിലൂടെയും പിന്നീട് ഇന്ദിരാഗാന്ധിയുടെ വധത്തിനുശേഷമുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണച്ചുകൊണ്ടും ദേശീയ രാഷ്ട്രീയത്തില്‍ സ്ഥാനം നേടാനാണ് ആര്‍.എസ്.എസ്സ് ശ്രമിച്ചത്. ആദ്യം 13 ദിവസവും പിന്നീട് 13 മാസവും അതിനുശേഷം 5 വര്‍ഷവും ഭരണത്തിലിരുന്ന ഹിന്ദു സംഘപരിവാര്‍  ഇപ്പോള്‍ 10 വര്‍ഷമെങ്കിലും ഭരണത്തിലിരിക്കണമെന്ന വ്യാമോഹത്തിലാണ്. പഴയ അടിയന്തരാവസ്ഥയുടെ കേവലമായ ആവര്‍ത്തനമല്ല ഇന്ത്യ നേരിടുന്ന വെല്ലുവിളി. സെക്യുലര്‍, സോഷ്യലിസ്റ്റ് ഇന്ത്യയെ അട്ടിമറിക്കാനുള്ള ഹിന്ദുസംഘപരിവാറിന്റെ ദശകങ്ങളായുള്ള ഗൂഢാലോചനയാണ് വിജയപ്രദമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അതിനെ നേരിടണമെങ്കില്‍ ഇടതുപക്ഷ, സെക്യുലര്‍ ബഹുജനസംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും വിശാലമായ, രാഷ്ട്രീയം മാത്രമല്ലാത്ത സാംസ്‌കാരികം കൂടിയായ വലിയൊരു ഐക്യമുന്നണി ആവശ്യമുണ്ട്. അടിയന്തരാവസ്ഥയെ വീണ്ടും അനുസ്മരിക്കുമ്പോള്‍ ഫാഷിസ്റ്റ് വിരുദ്ധമായ, രാഷ്ട്രീയവും സാംസ്‌കാരികവുമായ വലിയ ഒരു ഐക്യമുന്നണി എങ്ങനെ സാധ്യമാക്കാം എന്നതാണ് ഓരോ ജനാധിപത്യവാദിയുടെയും മുന്നിലുള്ള വെല്ലുവിളി എന്ന് ഞാന്‍ വിചാരിക്കുന്നു.