ഗോപാലകൃഷ്ണന്‍ ആരെയൊക്കെ തല്ലും ?

#

(07-07-18) : സക്കറിയയെ തല്ലുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഗോപാലകൃഷ്ണന്‍. സക്കറിയ എന്ന് കേള്‍ക്കുമ്പോള്‍ സാമാന്യം വായനാശീലമുള്ള മലയാളികള്‍ക്ക് ആളെ മനസ്സിലാവുമെന്നുള്ളതുകൊണ്ട് വിശേഷണങ്ങള്‍ ആവശ്യമില്ല. ഈ ഗോപാലകൃഷ്ണന്‍ എന്നു പറയുന്നത് ബി.ജെ.പിയുടെ തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ഒരു നേതാവാണ്. ടി.വി.ചാനല്‍ ചര്‍ച്ചകള്‍ കാണുന്നവര്‍ക്ക് പരിചിതനായിരിക്കും. കറ തീര്‍ന്ന ഹിന്ദു വര്‍ഗ്ഗീയതയുടെ വക്താവാണ്. ആധുനികവും ശാസ്ത്രീയവുമായ എല്ലാ സംഗതികളോടും ഭയവും വെറുപ്പുമുള്ള ഈ മനുഷ്യന്‍, പ്രാകൃതചിന്തകളുടെ ഏതോ ഭയാനകമായ ഭൂതകാലത്തിലാണ് ജീവിക്കുന്നത്. ഭൂതകാലത്തിന്റെ ഇരുണ്ട തടവറയില്‍ ജീവിച്ചു ശീലിച്ചുപോയതുകൊണ്ടാകാം ആധുനികകാലത്തെ മനുഷ്യരെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ വെകിളി എടുത്തതുപോലെയാണ് പെരുമാറുക. ചാനലുകളില്‍ ചര്‍ച്ചകള്‍ക്ക് വരുമ്പോള്‍ മറുവശത്തിരിക്കുന്നയാള്‍ പറയുന്നതിനുത്തരമില്ലാതെ വരുമ്പോള്‍ ഭീഷണിപ്പെടുത്തുകയും കൊഞ്ഞനം കുത്തുകയും ചെയ്യുക പതിവാണ്. സക്കറിയയെ തല്ലുമെന്നാണ് ഇപ്പോള്‍ ഭീഷണി.

പൊതുവേ, ഒരു ഹാസ്യകഥാപാത്രമായാണ് മാധ്യമങ്ങളും ജനങ്ങളും ഗോപാലകൃഷ്ണനെ കാണുന്നത്. മലയാളത്തിലെ ജനപ്രിയ സിനിമകളില്‍ വില്ലന്മാരായി വന്ന് ഹാസ്യതാരങ്ങളായി മാറിയ ചില നടന്മാരെപ്പോലെയാണ് ഗോപാലകൃഷ്ണന്‍. ബി.ജെ.പി എന്ന് കേള്‍ക്കുമ്പോള്‍ ആര്‍ക്കും ആദ്യം ഓര്‍മ്മ വരിക തൃശൂലവും കത്തിയും വടിവാളുമൊക്കയായിരിക്കുമല്ലോ. ബി.ജെ.പിയെ പ്രതിനിധീകരിക്കുന്നയാള്‍ എന്നു കേള്‍ക്കുമ്പോള്‍ ഭയത്തോടെ കാണേണ്ട ഒരാള്‍ എന്നാകും ആരും ആദ്യം കരുതുക. പക്ഷേ, ഗോപാലകൃഷ്ണന്‍ വാ തുറക്കുമ്പോള്‍ ജനം ചിരിക്കാന്‍ തുടങ്ങും. കഥാപുരുഷന്റെ നര്‍മ്മബോധമല്ല ചിരിക്ക് കാരണം. ഇങ്ങനെ വങ്കത്തരങ്ങള്‍ ഉളുപ്പില്ലാതെ പറയുന്ന ഒരാളെ കണ്ടുകിട്ടുക പ്രയാസം. ശുദ്ധവങ്കത്തരം അത്യന്തം ഗൗരവത്തോടെ പറയുന്നത് കേൾക്കുമ്പോള്‍ ഏത് അരസികനും, എന്തിന് ഒ.രാജഗോപാൽപോലും ചിരിച്ചുപോകും.

ഗുജറാത്തിലെ കൊലയാളിയായ മോദി എന്ന് സക്കറിയ നടത്തിയ സാന്ദര്‍ഭികമായ ഒരു പരാമര്‍ശമാണ് ഗോപാലകൃഷ്ണനെ ചൊടിപ്പിച്ചിരിക്കുന്നത്. പാലക്കാട്ട് ഒ.വി.വിജയന്‍ അനുസ്മരണച്ചടങ്ങിന്റെ ഭാഗമായ ഒരു സംവാദത്തിനിടയ്ക്കായിരുന്നു ഈ പരാമര്‍ശം സക്കറിയ നടത്തിയത്. ഫാഷിസ്റ്റുകള്‍ നല്‍കുന്ന അവാര്‍ഡുകള്‍ സ്വീകരിക്കുന്നതിനെ വിമര്‍ശിക്കുകയായിരുന്നു സക്കറിയ. ഒ.വി.വിജയന്റെ കൃതികളെ സംബന്ധിച്ചുണ്ടായ തര്‍ക്കമൊന്നും ഗോപാലകൃഷ്ണന് പിടികിട്ടില്ല. അതുകൊണ്ട് തന്നെ സക്കറിയ ആ പരാമര്‍ശം നടത്തിയ സന്ദര്‍ഭം എന്താണെന്ന് മനസ്സിലാക്കാനൊന്നും കഴിവുള്ളയാളല്ല ഗോപാലകൃഷ്ണന്‍. ഗുജറാത്തിലെ കൊലയാളി എന്നു മോദിയെ സക്കറിയ വിളിച്ചു എന്നുമാത്രം ഗോപാലകൃഷ്ണന് മനസ്സിലായി. ഇങ്ങനെ ഒരു സംഭവമുണ്ടായി എന്ന് ആരെങ്കിലും ഗോപാലകൃഷ്ണനോട് പറഞ്ഞു കൊടുത്തതുമാകാം.

2002 ലെ ഗുജറാത്ത് വംശഹത്യയ്ക്ക് മുഖ്യ ഉത്തരവാദിയായ നരേന്ദ്രമോദിയെ കൊലയാളിയെന്ന് വിളിക്കുന്ന ആദ്യത്തെയാളാണോ സക്കറിയ? അതിന്റെ പേരില്‍ സക്കറിയയെ തല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഗോപാലകൃഷ്ണന്, ഈ രാജ്യത്ത് ജീവിച്ചിരിക്കുന്ന എത്ര ലക്ഷം ആളുകളെ തല്ലേണ്ടി വരും? ഗുജറാത്തില്‍ നടന്ന ക്രൂരമായ നരമേധത്തിന്റെ ഞെട്ടിപ്പിക്കുന്ന വസ്തുതകള്‍ ജനങ്ങളിലെത്തിച്ച മാധ്യമ പ്രവര്‍ത്തകര്‍, അതേക്കുറിച്ച് സൂക്ഷ്മമായ ധാരണയുണ്ടാക്കാന്‍ സഹായിക്കുന്ന ഡോക്യുമെന്ററികള്‍ നിര്‍മ്മിച്ച ചലച്ചിത്ര പ്രവര്‍ത്തകര്‍, കൊല ചെയ്യപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ പരിശ്രമിക്കുകയും ആക്രമിക്കപ്പെട്ടവരോടൊപ്പം നില്‍ക്കുകയും ചെയ്ത ആക്ടിവിസ്റ്റുകള്‍ തുടങ്ങി ഗുജറാത്ത് കൂട്ടക്കൊലയ്‌ക്കെതിരേ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്ത ആയിരക്കണക്കിന് മതേതര ചിന്താഗതിക്കാരായ മനുഷ്യരെല്ലാവരും ഒരേസ്വരത്തില്‍ മോദിയെ കൊലയാളി എന്നു വിളിച്ചവരാണ്. അന്നൊന്നും ഈ ഗോപാലകൃഷ്ണന്‍ ഭൂമിയില്‍ ഉണ്ടായിരുന്നില്ലേ? ഇപ്പോള്‍ പെട്ടെന്ന് സക്കറിയയെ തല്ലണമെന്ന് ഭൂതോദയമുണ്ടായിരിക്കുന്ന ഗോപാലകൃഷ്ണന്‍ 2002 നു ശേഷമുള്ള 10-16 കൊല്ലക്കാലം കുംഭകര്‍ണ്ണസേവയിലായിരുന്നോ?

പറഞ്ഞത് ഗോപാലകൃഷ്ണനായതുകൊണ്ട് ജനം തമാശയായി തള്ളും എന്നത് സത്യം. പക്ഷേ, ഇതൊരടവാണ്. പ്രധാനപ്പെട്ട നേതാക്കള്‍, ഗൗരവത്തോടെ കാര്യങ്ങളെ കാണുന്നവരെന്ന തോന്നലുണ്ടായിക്കിയിട്ടുള്ളവര്‍ മിണ്ടാതിരിക്കുകയും ഗോപാലകൃഷ്ണനെ പോലെയുള്ള ഏഴാംകൂലികളെക്കൊണ്ട് ഭീഷണി മുഴക്കിക്കുകയും ചെയ്യുക ഒരു തന്ത്രമാണ്. "ഗോപാലകൃഷ്ണനല്ലേ, ആരെങ്കിലും ഗൗരവത്തിലെടുക്കുമോ?" എന്ന് പറഞ്ഞ് സംഭവത്തെ ലഘൂകരിക്കാന്‍ നേതാക്കള്‍ക്ക് കഴിയും. അതേസമയം തന്നെ പ്രമുഖരായ ചിന്തകരെയും എഴുത്തുകാരെയും അപമാനിക്കാനും തെരുവില്‍ അവരുടെ പേരുകള്‍ അനാവശ്യമായി വലിച്ചിഴയ്ക്കാനും ഗോപാലകൃഷ്ണനെയും അതുപോലെയുള്ള കോമാളികളെയും ഉപയോഗിക്കുകയും ചെയ്യും. സാധാരണക്കാരായ മനുഷ്യരെ ഭീഷണിപ്പെടുത്താന്‍ ഇതുപയോഗിക്കും. സക്കറിയയെ തല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നവര്‍ക്ക് നാട്ടുമ്പുറത്തെ സാധാരണ സാംസ്‌കാരിക പ്രവര്‍ത്തകനെ കൈകാര്യം ചെയ്യാനാണോ പ്രയാസം എന്ന ധാരണ സൃഷ്ടിക്കുകയാണ് ലക്ഷ്യം. "ഗൗരീ ലങ്കേഷിനെപ്പോലെ പ്രമുഖയായ ഒരു മാധ്യമപ്രവര്‍ത്തകയെ കൊന്നു. പിന്നെ നിന്നെയൊക്കെ കൈകാര്യം ചെയ്യാന്‍ എന്തു പ്രയാസം?" എന്ന് ചെറിയ മാധ്യമപ്രവര്‍ത്തകരോടും നാട്ടുമ്പുറങ്ങളിലെ സാംസ്‌കാരിക പ്രവര്‍ത്തകരോടും ചോദിക്കാന്‍ മടി കാണിച്ചിട്ടില്ലാത്തവരാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ എന്നോര്‍ക്കുക.

ഗോപാലകൃഷ്ണനാണ് പറഞ്ഞത് എന്നതുകൊണ്ട് ഈ ഭീഷണിയെ നമ്മള്‍ ചിരിച്ചു തള്ളരുത്. സക്കറിയയെയും അതുപോലെ മലയാളത്തിന് പ്രിയപ്പെട്ട എഴുത്തുകാരെയും സാംസ്‌കാരികപ്രവര്‍ത്തകരെയും ആക്ഷേപിക്കാനും അസഭ്യം പറയാനും ഒരു ഗോപാലകൃഷ്ണനും അവകാശമില്ല. കേരളത്തിന്റെ മതേതര സംസ്‌കാരത്തെയും ഉയര്‍ന്ന രാഷ്ട്രീയബോധത്തെയും തകര്‍ക്കാനുള്ള ഗൂഢശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം കൊലവിളികളും ആക്ഷേപങ്ങളും. ഗുജറാത്ത് വംശഹത്യ ഉള്‍പ്പെടെ നമ്മുടെ രാജ്യം നേരിട്ട ഭീകരാക്രമണങ്ങളെക്കുറിച്ച് നാട്ടിലെ എല്ലാ മനുഷ്യര്‍ക്കും വ്യക്തമായ ധാരണയുണ്ടാവണം.നമ്മുടെ ഭരണഘടനയെയും സമാധാന ജീവിതത്തെയും തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരേ ശക്തമായ ആശയപ്രചരണവും വിശാലമായ ഐക്യവുമുണ്ടാവണം. നാം നേരിടുന്ന വെല്ലുവിളി എത്ര ഗൗരവമുള്ളതാണെന്ന് തിരിച്ചറിയാനുള്ള ഒരു സന്ദര്‍ഭം കൂടിയായി സക്കറിയയ്‌ക്കെതിരേയുള്ള ഭീഷണിയെ കാണാന്‍ മതേതരത്വത്തില്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും എല്ലാ വിഭാഗം ജനങ്ങളും തയ്യാറാകണം. ഇനി പാഴാക്കാന്‍ നമുക്ക് സമയമില്ല.