അമിത്ഷാ-നിതീഷ് ചര്‍ച്ച ; സീറ്റ് തര്‍ക്കം തീരില്ല

#

പാറ്റ്‌ന (12-07-18) : ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത്ഷാ പാറ്റനയിലെത്തി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി. ബി.ജെ.പി സഖ്യം ഉപേക്ഷിച്ച് പാര്‍ട്ടികള്‍ ഓരോന്നായി പുറത്തുപോകുകയും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ വിശാലസഖ്യം രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ സജീവമാകുകയും ചെയ്യുന്ന സാഹചര്യത്തിലുള്ള കൂടിക്കാഴ്ചയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളുള്ള സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പിയുടെ നില പരുങ്ങലിലായതോടെ നിതീഷ് കുമാറിനെ ഒപ്പം നിറുത്തേണ്ടത് ബി.ജെ.പിയുടെ ആവശ്യമാണ്. സ്വന്തം നിലയില്‍ പരമാവധി സീറ്റുകള്‍ നേടാനുള്ള ബി.ജെ.പിയുടെ ശ്രമവും ഘടകക്ഷികളുടെ അവകാശവാദങ്ങളും തമ്മിലുള്ള പൊരുത്തക്കേട് ബി.ജെ.പിയെ വലിയ പ്രതിസന്ധിയിലാണെത്തിച്ചിരിക്കുന്നത്.

ഇന്ന് രാവിലെ വിമാനത്താവളത്തില്‍ നിന്ന് നേരേ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വീട്ടിലേക്കാണ് പോയത്. മുഖ്യമന്ത്രിയുമൊന്നിച്ച് പ്രഭാതഭക്ഷണം കഴിച്ച അമിത്ഷാ വൈകിട്ട് വീണ്ടും നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. രാത്രി അത്താഴത്തിനാണ് ഒത്തുകൂടുന്നതെങ്കിലും സീറ്റ് വിഭജനത്തെക്കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചകള്‍ ഇന്നാരംഭിക്കും. അമിത്ഷായും നിതീഷ്‌കുമാറും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടല്ലെങ്കിലും പാര്‍ട്ടി നേതാക്കള്‍ വഴി പരസ്പരം ആശയവിനിമയം നടത്തിയിട്ടുണ്ട്. ജെ.ഡി.(യു) വിന്റെ ആവശ്യം ബി.ജെ.പി നേതൃത്വത്തിന് ഒട്ടും സ്വീകാര്യമല്ല. തങ്ങളുടെ ആവശ്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന സൂചന ജെ.ഡി.(യു) നേതാക്കളും നല്‍കിയിട്ടുണ്ട്.

2014 ല്‍ ആകെയുള്ള 40 സീറ്റുകളില്‍ 31 എണ്ണം ബി.ജെ.പി മുന്നണി നേടിയിരുന്നു. ബി.ജെ.പിക്ക് മാത്രം 22 സീറ്റുകള്‍ ലഭിച്ചു. തനിച്ച് മത്സരിച്ച ജെ.ഡി.(യു)വിന് 2 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. 2014 ലെ തെരഞ്ഞെടുപ്പ് ഫലം 2019 ല്‍ മാനദണ്ഡമാക്കാന്‍ സാധ്യമല്ല എന്ന ഉറച്ച നിലപാടിലാണ് ജെ.ഡി.(യു). 2014 ല്‍ റാം വിലാസ്പസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടിക്ക് 6 സീറ്റുകള്‍ ലഭിച്ചിരുന്നു. സിറ്റിംഗ് സീറ്റുകള്‍ വിട്ടുകൊടുക്കാന്‍ ആ പാര്‍ട്ടി തയ്യാറല്ല. ബി.ജെ.പി മത്സരിക്കുന്ന സീറ്റുകളില്‍ കാര്യമായ കുറവു വരുത്താതെ ജെ.ഡി.(യു) വുമായി ധാരണ സാധ്യമല്ലെന്ന സ്ഥിതിയാണുള്ളത്. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ബീഹാറിലെ തെരഞ്ഞെടുപ്പു സഖ്യം ഒരു കീറാമുട്ടിയണ്. 2019 ലെ തെരഞ്ഞെടുപ്പിലെ സഖ്യ രൂപീകരണത്തെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ് ബീഹാറിലെ സഖ്യം.