സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ എഴുത്തുകാര്‍ ഒന്നിച്ചു നില്‍ക്കണം : സച്ചിദാനന്ദന്‍

#

ന്യൂഡല്‍ഹി (21-07-18) : മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുന്ന മീശ എന്ന നോവല്‍ പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ നിന്ന് നോവലിസ്റ്റ് എസ്.ഹരീഷ് പിന്മാറണമെന്ന് സച്ചിദാനന്ദന്‍. നോവൽ പിൻവലിക്കുന്നത് വലതുപക്ഷത്തിന് വിജയം ആഘോഷിക്കാനുള്ള അവസരമായി മാറുമെന്ന് സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. നോവല്‍ പിന്‍വലിക്കാനുള്ള ഹരീഷിന്റെ തീരുമാനത്തെക്കുറിച്ച് ലെഫ്റ്റ് ക്ലിക് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഹരീഷ് നോവല്‍ പിന്‍വലിക്കാന്‍ പാടില്ല. കേരളത്തിലെ 95 ശതമാനം എഴുത്തുകാരെങ്കിലും അദ്ദേഹത്തോടൊപ്പമാണ്. ഹരീഷിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി നില്‍ക്കുന്നവരാണ്. ഏതു സാഹചര്യത്തിലാണ് നോവല്‍ പിന്‍വലിക്കുന്നതെന്ന് എനിക്കറിയില്ല. നോവല്‍ പിന്‍വലിക്കുന്നത് വലതുപക്ഷം ഒരു വിജയമായി കണക്കാക്കുമോ എന്ന ആശങ്ക എനിക്കുണ്ട്. പെരുമാള്‍ മുരുഗന്‍ മാപ്പു പറയേണ്ടി വന്നതുപോലെ ഒരു സാഹചര്യത്തിലാണോ ഹരീഷ് ആ തീരുമാനമെടുത്തതെന്ന് അറിയില്ല. കേരളത്തിലെ എഴുത്തുകാര്‍ അദ്ദേഹത്തിന്റെ കൂടെത്തന്നെയാണ് എന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

കേരളത്തിലെ ധാരാളം കഥകളിലും നോവലുകളിലും അതിനെക്കാള്‍ കൂടുതല്‍ സിനിമാഗാനങ്ങളിലും മറ്റും ഇതുപോലെയുള്ള സന്ദര്‍ഭങ്ങള്‍, ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രണയത്തിന്റെ സന്ദര്‍ഭങ്ങള്‍ ധാരാളമായി ഉണ്ടായിട്ടുണ്ട്. വളരെ കണക്കുകൂട്ടിയുള്ള ഒരു ആക്രമണമാണ് വലതുപക്ഷം നടത്തിയിരിക്കുന്നത്. ഒരു ഭാഗത്ത് ഹരീഷിനെതിരായും മറുഭാഗത്ത് മാതൃഭൂമിക്ക് എതിരായുമുള്ള ആക്രമണം എന്ന നിലയ്ക്കാണ് ഞാന്‍ ഇതിനെ കാണുന്നത്. ഈ ആക്രമണത്തെ, കേരളത്തിലെ സ്വാതന്ത്ര്യബോധമുള്ള എല്ലാ എഴുത്തുകാരോടുമൊപ്പം ഞാന്‍ അപലപിക്കുന്നു.

എഴുത്തുകാരുടെ ഒരു സംഘടന ആവശ്യമാണെന്ന ആശയം ഞാന്‍ മുന്നോട്ട് വച്ചിരുന്നു. ഡല്‍ഹിയില്‍ ഞങ്ങള്‍ ഒരു റൈറ്റേഴ്‌സ് ഫോറം ഉണ്ടാക്കിയിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ധാരാളം എഴുത്തുകാരുണ്ട്. എഴുത്തുകാര്‍ എന്നാല്‍ സാഹിത്യകാരന്മാര്‍ മാത്രമല്ല, ചരിത്രകാരന്മാരുള്‍പ്പെടെ ധാരാളം പേരുണ്ട്. എഴുത്തുകാരുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ വേണ്ടിയെങ്കിലും മറ്റെല്ലാ പരിഗണനകളും മാറ്റിവെച്ച് സ്വാതന്ത്ര്യസ്‌നേഹത്തിന്റെ പേരിൽ ഒന്നിച്ചുനിൽക്കാൻ എഴുത്തുകാർക്ക് കഴിയണം.

സിനിമയിൽ സ്ത്രീ പ്രവര്‍ത്തകര്‍ സംഘടിച്ചപ്പോള്‍ മാറ്റങ്ങളുണ്ടായത് കണ്ടില്ലേ ? തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു സംഘടനയാണ് വേണ്ടത്. ഏതു ഗവണ്‍മെന്റ് അധികാരത്തിലിരുന്നാലും അങ്ങനെ ഒരു സംഘടന ആവശ്യമാണ്. കേരളത്തില്‍ മുമ്പൊരിക്കലും ഇതുപോലെ ഒരു സാഹചര്യം ഉണ്ടായിട്ടില്ല. ഒരു നോവലിലെ കഥാപാത്രത്തിന്റെ സംഭാഷണത്തിന്റെ പേരില്‍ എതിര്‍പ്പുണ്ടാകുന്നത് കേരളത്തില്‍ ആദ്യമാണ്. ഈ സാഹചര്യത്തില്‍ ഒരു എഴുത്തുകാരനും എഴുത്തുകാരിയും ഒറ്റയ്ക്കല്ല എന്ന തോന്നലുണ്ടാക്കാന്‍ കഴിയണം.

നോവല്‍ പിന്‍വലിക്കരുത് എന്നാണ് എന്റെ സംശയരഹിതമായ നിലപാട്. വലതുപക്ഷത്തിന് വലിയ ഒരു വിജയം ആഘോഷിക്കാനുള്ള അവസരമായി അവര്‍ അതു മാറ്റും. അതിന് അവസരം നൽകരുത്.