സാഹിത്യത്തിൽ സംഘപരിവാർ ഗുണ്ടകൾക്ക് എന്തു കാര്യം ?

#

(25.07.2018) : എസ്.ഹരീഷിന്റെ മീശ എന്ന നോവലിൽ ക്ഷേത്ര വിശ്വാസികളെ ആക്ഷേപിക്കുന്ന വിധത്തിൽ ഒരു കഥാപാത്രം സംസാരിക്കുന്നു എന്നാരോപിച്ച്  സംഘപരിവാർ സംഘങ്ങളും ബിജെപിയും രംഗത്ത് വന്നതോടെ ,മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിസിദ്ധീകരിച്ചുവന്ന നോവൽ നോവലിസ്റ്റ് പിൻവലിച്ചിരിക്കയാണല്ലോ. അദ്ദേഹത്തിന്റെയും  കുടുംബത്തിന്റെയും മേൽ സംഘികളും ബിജെപിയും  മതതീവ്രവാദികളും നടത്തുന്ന സൈബർ ആക്രമണത്തിലും വധ ഭീഷണിയിലും സഹികെട്ടാണത്രെ നോവൽ പിൻ വലിക്കുന്നത്. സാഹിത്യം അങ്ങാടിയോ പച്ചമരുന്നോ എന്നറിയാത്ത ഒരു പറ്റം സാമൂഹികവിരുദ്ധന്മാരുടെ ഭീഷണിയ്ക്കു മുമ്പിൽ കീഴടങ്ങുന്നതിനു തുല്യമാണിത്. കഥാഗതിയ്ക്കനുസരിച്ച് പാത്രസൃഷ്ടിയും സംഭാഷണവും  തയ്യാറാക്കാനുള്ള അവകാശം എഴുത്തുകാരനുള്ളതാണ്.ഹിന്ദു തീവ്രവാദികൾ രാജ്യം ഭരിക്കുന്നതുകൊണ്ടു എഴുത്തുകാരും കലാകാരന്മാരും കർഷകരും തൊഴിലാളികളും അവരുടെ ചൊൽപ്പടിക്ക് നിൽക്കണം എന്ന് ശഠിച്ചാൽ അത് അംഗീകരിച്ചു കൊടുക്കാൻ കഴിയില്ല. അവർക്കു ഇഷ്ടപ്പെടുന്ന മട്ടിൽ കഥാപാത്രങ്ങൾ സംസാരിക്കണമെന്ന് പറയുന്നത് സർഗ്ഗാത്മകസാഹിത്യത്തെ കുറിച്ചുള്ള അജ്ഞതയ്ക്കപ്പുറം അധികാരത്തിന്റെ അഹങ്കാരം കൊണ്ടാണ്.

ക്ഷേത്ര വിശ്വാസികളായ സ്ത്രീകളെ ഒരു കഥാപാത്രം ആക്ഷേപിക്കുന്നതു  കേട്ട് മതവികാരമിളകിയ ഇവർ , തങ്ങൾ ദൈവമായി ആരാധിക്കുന്ന ശ്രീരാമനെ രാവണൻ ആക്ഷേപിക്കുന്നത്തിന്റെ പേരിൽ വാല്മീകിയ്ക്ക് എതിരെ ഭീഷണി മുഴക്കുമോ? രാമായണം കത്തിക്കണം എന്ന് പറയുമോ? രാമായണം ആരണ്യ കാണ്ഡത്തിൽ "നാട് നഷ്ടപ്പെട്ടവനും മാനം കെട്ടവനും ശോചനീയനും താപസനുമായ രാമനെക്കൊണ്ട് നിനക്കെന്തു കാര്യം ?" എന്ന് രാവണൻ സീതയോട് ചോദിക്കുന്നുണ്ട്. ( സർഗ്ഗം 48 ; ശ്ലോകം 16) "നാട് നഷ്ടപ്പെട്ടവനും കാര്യം കാണാൻ കഴിവില്ലാത്തവനും അൽപായുസ്സുമായ രാമനിൽ നീ എന്തുകൊണ്ടാണ് അനുരക്തയായത്‌?"എന്ന് അടുത്ത സർഗ്ഗത്തിലും രാമനെ രാവണൻ ആക്ഷേപിക്കുന്നു. ഇവിടെ സീതയെയും, മൂഢേ,പണ്ഡിതമാനിനി എന്നെല്ലാം രാവണൻ വിളിക്കുന്നുണ്ട്. ശ്രീരാമനെയും സീതയെയും ദുഷ്ട കഥാപാത്രമായ രാവണനെക്കൊണ്ട് പുലഭ്യം പറയിക്കുന്ന വാല്മീകി ഹിന്ദുത്വ വിരോധിയാണെന്നു ബിജെപിക്കാര്‍ ആരോപിക്കുമോ ?

രാവണവധത്തിനുശേഷം തന്റെ മുന്നിലെത്തിയ സീതയോട്, "സീതേ നീ എനിക്ക് അഹിതയാണ് ; രാവണാങ്കേ വസിച്ച നിന്നെ ഞാന്‍ എങ്ങനെ സ്വീകരിക്കും ? ലക്ഷ്മണനോടൊപ്പമോ ഭാരതനോടൊപ്പമോ സുഗ്രീവനോടൊപ്പമോ വിഭീഷണനോടൊപ്പമോ നിനക്കു പോകാം” (യുദ്ധകാണ്ഡം…..സര്‍ഗ്ഗം 116) എന്നാണു സാക്ഷാല്‍ ശ്രീരാമന്‍ ഗര്‍ജ്ജിക്കുന്നത്. ഇത്ര സംസ്കാരശൂന്യമായ ഭാഷയില്‍ പരമസാധ്വിയായ സീതാദേവിയെ ഭര്‍ത്സിക്കുന്ന രാമന്റെ പേരില്‍ വാല്മീകിയെ സംഘപരിവാരങ്ങള്‍ അധിക്ഷേപിക്കുമോ ? ഒരു സമൂഹത്തെ അടച്ചാക്ഷേപിക്കുന്നുണ്ട് നാരദന്‍ രാമായണത്തില്‍. ഒരു ബ്രാഹ്മണന്റെ മകന്‍ അകാലത്തില്‍ മരിച്ചത് ശൂദ്രന്‍മാര്‍  തപസ്സ് ചെയുന്നതിനാലാണ് എന്ന് നാരദന്‍ കണ്ടുപിടിക്കുന്നു. അദ്ദേഹത്തിന്റെ ഉപദേശം അനുസരിച്ച്, തപസ്സ് ചെയ്യുന്ന ശൂദ്രനെ രാമന്‍  തിരഞ്ഞുപിടിച്ചു വധിക്കുന്നുമുണ്ട്. ശൂദ്രരെ ഒന്നടങ്കം അപമാനിക്കുന്ന ഈ പരാമര്‍ശത്തിന്റെ പേരില്‍ രാമായണം നിരോധിക്കണമെന്ന് ബിജെപി ആവശ്യപ്പെടുമോ?

കുമാരനാശാന്റെ "ചിന്താവിഷ്ടയായ സീത"യില്‍ ശ്രീരാമനെ പ്രതിക്കൂട്ടിലാക്കി സീത വിസ്തരിക്കുന്നുണ്ട്  ."ഏറെ നാള്‍ കാട്ടില്‍ വാഴുവാന്‍ ഇടയായതും രാക്ഷസ ചക്രവര്‍ത്തി എന്റെ ഉടല്‍ മോഹിച്ചതും എന്റെ കുറ്റമാണോ " എന്ന് സീത ചോദിക്കുന്നു. ഗര്‍ഭിണിയായ തന്നെ കാട്ടിലുപേക്ഷിച്ചത് ജനഹിതം മാനിച്ചാണെന്ന് പറയുന്ന രാമന്‍ കൈകേയിയുടെ വാശിക്കു വഴങ്ങി രാജ്യമുപേക്ഷിച്ചപ്പോള്‍ എന്തുകൊണ്ട് ജനത്തിന്റെ വാക്ക് കേട്ടില്ല എന്നും ചോദിക്കുന്നു. നാഗരിക സ്ത്രീസമൂഹത്തെ ഒന്നടങ്കം സീത ആക്ഷേപിക്കുന്നുമുണ്ട് ."പരപുച്ഛവും അസൂയയും ദുരയും വ്യഭിചാരാസക്തിയുംകരളില്‍ കുടി വച്ചു" നാഗരിക നാരികള്‍ കെട്ടുപോയെന്നു വൈദേഹി ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് "ചിന്താവിഷ്ടയായ സീത" യും പിന്‍വലിക്കണമെന്ന് സദാചാര ഗുണ്ടകള്‍ പറയുമോ ?

"…..ഞാന്‍ പട്ടിയായി ജനിക്കാം,പൂച്ചയായി ജനിക്കാം,മറ്റേതു നികൃഷ്ട ജീവിയായും ജനിക്കാം ; നമ്പൂതിരി സമുദായത്തിലെ അപ്ഫനാവാന്‍ മാത്രം വയ്യ " വി.ടി.ഭട്ടതിരിപ്പാടിന്റെ "അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് " എന്ന നാടകത്തിലെ ഒരു കഥാപാത്രത്തിന്റെ സംഭാഷണ ശകലമാണിത്. വി.ടി യുടെ  ആത്മകഥയില്‍ ഒരിടത്ത് ഇങ്ങനെ സൂചിപ്പിക്കുന്നു: "അപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കാം ഈ നമ്പൂതിരി തിരുമേനിമാര്‍ക്കൊക്കെ എന്താ പ്രവൃത്തി ?” “ഉണ്ണുക,ഉറങ്ങുക,ഗര്‍ഭമുണ്ടാക്കുക”.“എന്നാല്‍ നമ്പൂതിരി സ്ത്രീകള്‍ക്കോ ?” “വയ്ക്കുക,വിളമ്പുക,പ്രസവിക്കുക “ ഇതൊക്കെ വായിച്ചിട്ട് നമ്പൂതിരി സമുദായത്തെ ഒന്നാകെ അപമാനിച്ചെന്ന് ആരോപിച്ച് ആരും അന്ന്  വി.ടിയ്ക്കെതിരെ ചന്ദ്രഹാസമിളക്കിയില്ല.

“അങ്കുശമില്ലാത്ത ചാപല്യമേ മന്നി-/ലംഗനയെന്നു വിളിക്കുന്നു നിന്നെ ഞാന്‍ “എന്നും “നാരികള്‍,നാരികള്‍,നാരകീയാഗ്നികള്‍ / വിശ്വ വിപത്തിന്റെ നാരായ വേരുകള്‍ “ എന്നും സ്ത്രീസമൂഹത്തെ ആകമാനം ആക്ഷേപിച്ച ചങ്ങമ്പുഴയെ സംഘികള്‍ എന്താണ് ചെയ്യുക ?
ഹാലന്റെ സപ്തശതി മഹാകവി വള്ളത്തോള്‍ "ഗ്രാമസൌഭാഗ്യം" എന്ന പേരില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ശ്ലോകാരംഭത്തിനു മുമ്പായി കവി നല്‍കുന്ന  വിശദീകരണത്തില്‍ നിന്നേ പല ശ്ലോകങ്ങളുടെയും പൊരുള്‍ വായനക്കാരന്നു മനസ്സിലാകൂ. ശൃംഗാരം തുളുമ്പുന്ന ഈ ചെറിയ ശ്ലോകങ്ങളില്‍ ഒരെണ്ണം ഒരു കുലട ജാരനെ സങ്കേതം അറിയിക്കുന്നതാണ്. അവര്‍ക്ക് രണ്ടു പേര്‍ക്കും മാത്രമേ ഇതിലെ സൂചന മനസ്സിലാകൂ. സങ്കേതം എവിടാണെന്നറിയെണ്ടേ ? ഒരു കോവില്‍. ”മുകളിലൊരിത്തിരി കാണും കോല്മേലമരും പിറാക്കള്‍ തന്നൊലിയാല്‍ നൊന്തു ഞരങ്ങുകയാണോ,ശൂലത്തില്‍ കോര്‍ത്തപോലെയാം കോവില്‍.” എന്നാണു അവള്‍ സംഗമ സങ്കേതം ജാരനെ അറിയിക്കാന്‍ പറയുന്നത്. പെണ്ണുങ്ങള്‍ ക്ഷേത്രത്തില്‍ പോകുന്നത് അനാശാസ്യത്തിനാണെന്നു ഒരു കഥാ പാത്രം സൂചിപ്പിച്ചതിന്റെ പേരില്‍ നോവലിസ്റ്റിനെ തേജോവധം ചെയ്യുന്ന വര്‍ഗ്ഗീയ വാദികള്‍ക്കുള്ള മറുപടിയാണ് ഈ കുഞ്ഞു ശ്ലോകം.

കഥാഗതിയ്ക്കനുസരിച്ച് സംഭാഷണങ്ങളും സന്ദര്‍ഭങ്ങളും ഒരുക്കുന്നതിനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം കഥാകൃത്തിനാണ്. അതില്‍ ഇടപെടാന്‍ ഒരു തീവ്രവാദി ക്കും അധികാരമില്ല. ആ നിലയ്ക്ക് സംഘപരിവാരങ്ങളും ബിജെപിയും ഹരീഷിനു  നേരെ കുരച്ച് ചാടുന്നത് വിവരക്കേടു കൊണ്ടാണ്. അത് വകവച്ചു കൊടുക്കുന്നത് അപകടകരമാണ്. നോവല്‍ പിന്‍വലിച്ചത് സാഹിത്യ,രാഷ്ട്രീയ രാഷ്ട്രീയരംഗങ്ങളിലെ  കോമാളികള്‍ക്കു ഏണി ചാരിക്കൊടുക്കുന്ന നടപടി ആയിപ്പോയി. വ്യക്തി സ്വാതന്ത്ര്യത്തിനു മേല്‍ ആക്രമണം അഴിച്ചുവിടുന്നവരെ നിയന്ത്രിക്കാന്‍ നിയമമുള്ള രാജ്യത്ത് സംഘികളുടെ പേക്കൂത്ത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടുകയാണ്  വേണ്ടത്.