ഇന്ന് ഇടതുപാര്‍ട്ടികളുടെ ബീഹാര്‍ ബന്ദ്

#

പാറ്റ്‌ന (02-08-18) : ബീഹാറില്‍ സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രത്തില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിന് വിധേയമായ സംഭവത്തില്‍ പ്രതിഷേധിച്ച് 6 ഇടതുപാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത സംസ്ഥാന ബന്ദ് ബീഹാറില്‍ ജനജീവിതത്തെ ബാധിച്ചു. ഗുരുതരമായ വീഴ്ചയക്ക് സംസ്ഥാന ഭരണകൂടം ഉത്തരവാദിയാണണെന്ന് ആരോപിച്ച ഇടതുപാര്‍ട്ടികള്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ടു. സി.പി.ഐ, സി.പി.ഐ(എം.എല്‍), സി.പി.ഐ(എം)എസ്.യു.സി.(സി), ആര്‍.എസ്.പി, ഫോര്‍വേഡ് ബ്ലോക് എന്നീ പാർട്ടികള്‍ ആഹ്വാനം ചെയ്ത ബന്ദിന് ആര്‍.ജെ.ഡിയും കോണ്‍ഗ്രസും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് മിക്ക സ്ഥലങ്ങളിലും റോഡ് ഗതാഗതത്തെ ബന്ദ് സാരമായി ബാധിച്ചിട്ടുണ്ട്. അതിരാവിലെ മുതല്‍ ഇടതുപാര്‍ട്ടി പ്രവര്‍ത്തകര്‍ റോഡ് ഗതാഗതം ഉപരോധിച്ചു. ബന്ദിനെ തങ്ങള്‍ ശക്തമായി പിന്തുണയ്ക്കുകയാണെന്നും നിതീഷ് കുമാറിന്റെ രാജിയ്ക്കുവേണ്ടി ശക്തമായ സമ്മര്‍ദ്ദം ചെലുത്തുമെന്നും ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് അറിയിച്ചു. പാറ്റ്‌ന നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇടതുപാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ ചെറു പ്രകടനങ്ങളായി ഫ്രെയ്‌സര്‍ റോഡിലെ ബുദ്ധസ്മൃതി പാര്‍ക്കിലേക്ക് നീങ്ങുകയാണ്. ബുദ്ധസ്മൃതി പാര്‍ക്കില്‍ നിന്ന് ഇടതുപാര്‍ട്ടി പ്രവര്‍ത്തകരുടെ യോജിച്ച റാലിയുണ്ടാകും.

സേവാ സങ്കല്പ് ഏവം വികാസ് സമിതി എന്ന എന്‍.ജി.ഒ നടത്തുന്ന അഭയകേന്ദ്രത്തിലെ ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റഎ സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിലൂടെയാണ് പുറത്തുവന്നത്. 42 അന്തേവാസികളില്‍ നടത്തിയ പരിശോധനയില്‍ 34 പേരും ലൈംഗിക അതിക്രമത്തിനു വിധേയരായതായി കണ്ടെത്തി. 12 പ്രതികളില്‍ 11 പേരും അറസ്റ്റിലായിട്ടുണ്ട്.