ഈ സമൂഹം മത്സ്യത്തൊഴിലാളികൾക്ക് എന്തു നൽകും ?

#

(20-08-18) : 2004 ഡിസംബറിലെ ആ പകല്‍ മറക്കാനാവില്ല. ഉച്ച തിരിഞ്ഞ സമയത്ത് കടലോര മേഖലകളില്‍ നിന്ന് കേട്ട വിവരങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. സുനാമിയാണെന്ന് തിരിച്ചറിഞ്ഞതു പിന്നീടാണ്. കുടുംബസുഹൃത്തും കവിയുമായിരുന്ന എം.എസ്.രുദ്രന്‍ കടല്‍ത്തിരയില്‍പെട്ട് കാണാതായെന്ന് കേട്ടതിനു തൊട്ടുപിന്നാലെ മൃതദേഹം കണ്ടെത്തിയെന്ന വിവരം കിട്ടി. ആലപ്പാട്-ചെറിയഴീക്കല്‍ പ്രദേശങ്ങളിലുള്ള സുഹൃത്തുക്കളെ ബന്ധപ്പെടാന്‍ ശ്രമിച്ചു. ആരെയും ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. സന്ധ്യയോടെ സ്ഥിതി ഭീകരമാണെന്ന് മനസ്സിലായി. സുനാമി ബാധിത പ്രദേശങ്ങളിലേക്ക് എത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മൃതദേഹങ്ങളെയും പരിക്കുപറ്റിയവരെയും കൊണ്ട് ചീറിപ്പായുന്ന ആംബുലന്‍സുകളും പോലീസ് വാഹനങ്ങളുമായിരുന്നു  എവിടെയും.

അടുത്തദിവസം രാവിലെ ആലപ്പാട്, അഴീക്കല്‍ പ്രദേശങ്ങളില്‍ ചെന്നപ്പോഴാണ് സുനാമിയുടെ ഭീകരത ബോധ്യപ്പെട്ടത്. നൂറു കണക്കിന് മനുഷ്യര്‍ മരണമടഞ്ഞു. കുടുംബാംഗങ്ങള്‍ എല്ലാവരും നഷ്ടപ്പെട്ട നിരവധി മനുഷ്യര്‍. തകര്‍ന്ന വീടുകള്‍. സ്വന്തം വീട് എവിടെയായിരുന്നുവെന്ന് പോലും തിരിച്ചറിയാന്‍ കഴിയാതെ വീടിനും ബന്ധുക്കള്‍ക്കും വേണ്ടി തിരയുന്ന മനുഷ്യര്‍. അതിനിടയിലാണ് സുഹൃത്ത് കെ.സി.ശ്രീകുമാറിനെ കണ്ടത്. പരിസ്ഥിതി പ്രവര്‍ത്തകനും മത്സ്യത്തൊഴിലാളി നേതാവുമായ ശ്രീകുമാറിന് വീട് നഷ്ടപ്പെട്ടെങ്കിലും കുടുംബാംഗങ്ങളില്‍ ആര്‍ക്കും ജീവാപായമുണ്ടായില്ല. ഒറ്റരാത്രി കൊണ്ട് ശ്രീകുമാറിന്റെ പ്രായം ഇരട്ടിയായതുപോലെ തോന്നി.

തുടര്‍ന്നിങ്ങോട്ടുള്ള ദിവസങ്ങളില്‍ പല സംഘടനകളും ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നു. നിരവധി മനുഷ്യര്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ഫെയ്‌സ്ബുക്കിനും വാട്‌സ് ആപ്പിനും മുമ്പുള്ള കാലമാണ്. വീട് നഷ്ടപ്പെട്ട നൂറുകണക്കിനാളുകള്‍ തിങ്ങിക്കൂടിയ ദുരിതാശ്വാസ ക്യാമ്പുകളില്‍ സൗകര്യം തീരെ കുറവായിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയത് ബഹുഭൂരിപക്ഷവും പാവപ്പെട്ടവരും സാധാരണക്കാരുമായ മനുഷ്യരും പലതരത്തില്‍ പെട്ട പൊതു പ്രവര്‍ത്തകരുമായിരുന്നു. സുഖത്തിലും സൗകര്യത്തിലും ജീവിക്കുന്നയാളുകള്‍ തങ്ങളുടെ സഹോദരങ്ങളുടെ അവസ്ഥ എന്തെന്ന് തിരക്കാന്‍ അങ്ങോട്ട് വരുന്നത് അധികം കണ്ടില്ല.

സുനാമി പുനരധിവാസത്തിന്റെ പേരില്‍ ഒരുപാട് പേര്‍ സമ്പന്നരായി. മത്സ്യത്തൊഴിലാളികളുടെ അവസ്ഥ പഴയതുപോലെയോ അതിനെക്കാളുമോ ദയനീയമായി തുടര്‍ന്നു. സുനാമിയുടെ ആഘാതത്തില്‍ നിന്നു കരകയറുന്നതിനു മുമ്പേ ഓഖി ദുരന്തമുണ്ടായി. സുനാമിക്കാലത്ത് സുനാമി ടൂറിസം ഉണ്ടായതുപോലെ ഓഖിയിലുണ്ടായില്ല. സുനാമിയുടെയത്ര വ്യാപ്തിയില്ലാത്തതു കൊണ്ടായിരിക്കാം. മത്സ്യത്തൊഴിലാളികളെ "ചേര്‍ത്തുപിടിക്കാന്‍" അധികം പേരൊന്നുമുണ്ടായില്ല.

സുനാമിയും ഓഖിയും വന്നപ്പോള്‍ ആരൊക്കെ കൂടെനിന്നു എന്ന് നോക്കിയല്ല മത്സ്യത്തൊഴിലാളികള്‍ ദുരന്തമുഖങ്ങളില്‍ ഓടിയെത്തുന്നത്. പ്രകൃതി ദുരന്തങ്ങളില്‍ പെടുന്ന മനുഷ്യജീവന്‍ രക്ഷിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ എടുത്തുചാടുമ്പോള്‍ സ്വന്തം വീട്ടിലെ അടുപ്പില്‍ തീ പുകയുന്നോ എന്നുപോലും അവര്‍ ആലോചിക്കാറില്ല. പ്രതിഫലത്തിനെന്നല്ല, ഒരാളുടെയും നന്ദിക്കോ നല്ലവാക്കിനോ പോലുമല്ല അവര്‍ ദുരിതക്കയങ്ങളില്‍ എടുത്തുചാടുന്നത്. സഹജമായ മനുഷ്യസ്‌നേഹത്തിന്റെ പ്രേരണക്കൊണ്ട് ജീവന്‍രക്ഷകരായി മാറുന്ന മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി ഈ സമൂഹം എന്തു ചെയ്തു എന്ന് ചോദിക്കേണ്ട സമയമായിരിക്കുന്നു.

ആരുടെയും ഔദാര്യത്തിനും ഓശാരത്തിനും നില്‍ക്കുന്നവരല്ല മത്സ്യത്തൊഴിലാളികള്‍. പങ്കായം പിടിച്ച തഴമ്പുള്ള കൈകള്‍ കൊണ്ട് തങ്ങളാൽ കഴിയുന്നതുപോലെ സ്വന്തം ജീവിതം നിര്‍മ്മിക്കാമെന്ന ആത്മവിശ്വാസമുള്ളവരാണ് അവര്‍. അവരോട് ഈ സമൂഹത്തിന് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. അതു നിറവേറ്റാന്‍ തയ്യാറാണോ എന്ന് ഈ സമൂഹവും ഭരണകൂടവും തീരുമാനിക്കണം. അവരുടെ വിലമതിക്കാനാവാത്ത സേവനത്തിന് തുച്ഛമായ വിലയിടാന്‍ ശ്രമിച്ച് സ്വയം അപമാനിതരാകാതെ മത്സ്യത്തൊഴിലാളികളുടെ ഉന്നതമായ മനുഷ്യത്വത്തോട് നീതി പുലര്‍ത്താൻ ഉതകുന്ന നടപടികൾ സ്വീകരിക്കുകയാണ് ഭരണകൂടം ചെയ്യേണ്ടത്.