സംഘപരിവാര്‍ ശ്രമം മനുഷ്യരുടെ ഐക്യം തകര്‍ക്കാന്‍ : കെ.ഇ.എന്‍

#

(26.08.2018) : (ചരിത്രത്തിൽ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള പ്രകൃതിദുരന്തം നേരിടുന്ന കേരളത്തിനെതിരേ സംഘപരിവാർ ശക്തികളും അർണാബ് ഗോസ്വാമിയെപ്പോലെയുള്ളവരും നടത്തുന്ന ആക്രമണത്തെക്കുറിച്ച് പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എൻ ലെഫ്റ്റ് ക്ലിക് ന്യൂസിനോട് സംസാരിക്കുന്നു.)

പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളീയ സമൂഹം ഒരൊറ്റ മനസ്സായി ഉയര്‍ത്തെഴുന്നേറ്റുകഴിഞ്ഞ സന്ദര്‍ഭമാണ് ഇത്. കേരളത്തിന്റെ ചരിത്രത്തില്‍ മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത തരത്തില്‍ ഭീകരമായ ഒരു പ്രകൃതി ദുരന്തമാണ് നമുക്ക് നേരിടേണ്ടി വന്നത്. എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ച് അതിനെ അതിജീവിക്കാന്‍ ഒറ്റമനസ്സായി കേരളീയ സമൂഹം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വളരെക്കാലത്തെ കഠിനപ്രയത്‌നത്തിലൂടെ നേടിയതെല്ലാം വെള്ളത്തില്‍ ഒലിച്ചുപോയി. മത്സ്യത്തൊഴിലാളികളും സന്നദ്ധപ്രവര്‍ത്തകരും സര്‍ക്കാരും വിവിധ ബഹുജന സംഘടനകളും എല്ലാവരും ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനത്തിലൂടെ തിരിച്ചുകിട്ടിയ ജീവനെ സാക്ഷിയാക്കി പുതിയ ഒരു ജീവിതം കെട്ടിപ്പടുക്കുക എന്നുള്ള വലിയ ഒരു മുദ്രാവാക്യമാണ് ആരും വിളിച്ച് കൊടുക്കാതെ കേരള ജനത ഏറ്റുവിളിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മനുഷ്യരായ മനുഷ്യരൊക്കെ തങ്ങളെക്കൊണ്ട് ആവുന്ന വിധം സഹായിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുകയാണ്. ആരും ചോദിക്കാതെ, ആരോടും പറയാതെ ഓരോ മനുഷ്യനും തന്നാലാവുന്നത് ചെയ്യുകയാണ്. അവിടെ ജാതിയില്ല, മതമില്ല, രാഷ്ട്രത്തിന്റെ അതിര്‍ത്തികളില്ല. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്ന് നാല്‍പതിനായിരം ചപ്പാത്തികളുണ്ടാക്കി തടവുകാര്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന്, ജില്ലാ ജയിലുകളില്‍ നിന്നൊക്കെ തടവുകാര്‍ കഠിനാദ്ധ്വാനം ചെയ്തുണ്ടാക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു. ഈ പ്രതിസന്ധിയില്‍ വലിയ പ്രത്യാശയായി തീര്‍ന്നത് മനുഷ്യരിലൊക്കെ മറഞ്ഞു കിടക്കുന്ന മഹത്തായ മാനുഷികതയുടെ മൂല്യബോധമാണ്. ആ അര്‍ത്ഥത്തില്‍ ചത്തജീവികളുടെ ശവത്തിന്റെ ദുര്‍ഗന്ധത്തെ നിസ്സാരമാക്കുന്ന തരത്തില്‍ മനുഷ്യത്വത്തിന്റെ സുഗന്ധം നമ്മുടെ വായുവിലൊക്കെ വ്യാപിച്ചുക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ വളരെ ചെറിയ ഒരു വിഭാഗം ഇതിനെതിരേയുള്ള പ്രതികരണവുമായി രംഗത്തുവരുന്നു എന്നുള്ളത് ലോകത്തെങ്ങുമുള്ള മനുഷ്യരെ സങ്കടപ്പെടുത്തുന്നതും നടുക്കം കൊള്ളിക്കുന്നതുമാണ്.

വിശ്വാസിയുടെ ഭാഗത്ത് നിന്ന് പ്രാര്‍ത്ഥനയായി, വിശ്വാസം ഇല്ലാത്തവരുടെ ഭാഗത്ത് നിന്ന് നിരന്തര പ്രവര്‍ത്തനമായി, പ്രാര്‍ത്ഥനയും പ്രവര്‍ത്തനവുമെല്ലാം പരസ്പരം ചേര്‍ന്ന് വലിയൊരു സാമൂഹ്യശക്തിയായി മാറുകയാണ്. തമിഴ്‌നാട്ടിലെ ഒരു കൊച്ചുകുട്ടി കളിപ്പാട്ടം വാങ്ങാന്‍ കുടുക്കയില്‍ സൂക്ഷിച്ച ചില്ലറ പൈസ "കേരളമക്കള്‍ക്ക് കൊടുക്കൂ" എന്ന് പറഞ്ഞ് തന്റെ അച്ഛനെ എല്‍പ്പിക്കുന്നു. കണ്ണീരിനും ചോരയ്ക്കുമിടയില്‍ ഏത് പ്രതിസന്ധിയെയും നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേരള ജനത നേതൃത്വം നല്‍കുമ്പോഴാണ് അര്‍ണാബ് ഗോസ്വാമിയുടെ ഉള്ളം പിളര്‍ക്കുന്ന അലര്‍ച്ച. രാജാവിനും മാടമ്പിക്കുമപ്പുറം ജനങ്ങളുടെ പരമാധികാരം എന്നതാണ് റിപ്പബ്ലിക്കിന്റെ ഉള്ളടക്കം. യോജിക്കാനും വിയോജിക്കാനുമെല്ലാമുള്ള ജനങ്ങളുടെ സ്വാതന്ത്ര്യമാണ് പരമാധികാരതത്തിന്റെ പ്രാണന്‍. ആ പ്രാണനെ സ്തംഭിപ്പിക്കാനാണ് അര്‍ണാബ് ഗോസ്വാമിയുടെ അലര്‍ച്ചകള്‍ ശ്രമിക്കുന്നത്. ഏറ്റവും വലിയ ദുരന്തമായി വിലങ്ങടിച്ചു നില്‍ക്കുകയാണ് അര്‍ണാബ് ഗോസ്വാമിയും റിപ്പബ്ലിക്ക് ടിവിയും. കേരളമൊന്നിച്ചുനിന്ന് ഈ വിലങ്ങുതടി വലിച്ചെറിഞ്ഞു കളയണം.

മൂന്ന് ആഭ്യന്തര ശത്രുക്കളെ നേരിടണമെന്നാണ് സംഘപരിവാര്‍ പറയുന്നത്. കമ്മ്യൂണിസ്റ്റുകള്‍, ക്രിസ്ത്യാനികള്‍, മുസ്ലീങ്ങള്‍. അവരുടെ ആഭ്യന്തര ശത്രുക്കളുടെ പട്ടിക മൂന്നില്‍ ഒതുങ്ങുന്നില്ല. സമാധാനവാദികള്‍, ഫെഡറല്‍ കാഴ്ചപ്പാട് പുലര്‍ത്തുന്നവരൊക്കെ ശത്രുക്കളാണ് എന്നാണ് അവര്‍ കാണുന്നത്. ഇന്ത്യന്‍ ദേശീയതയുടെ ഏറ്റവും വലിയ സത്ത ഭാഷാദേശീയതയില്‍ അധിഷ്ഠിതമായ വികേന്ദ്രീകൃതമായ ജനതയുടെ സ്വാതന്ത്ര്യമാണ്. അതാണ് വള്ളത്തോള്‍, "ഭാരതമെന്നപേര്‍കേട്ടാലഭിമാനപൂരിതമാകണമന്തരംഗം / കേരളമെന്നുകേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍" എന്നു പറഞ്ഞത്. ഇന്ത്യയെന്നു പറയുന്നത് മലയാളം, തമിഴ് തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലൂടെ രൂപപ്പെട്ട ജനതയുടെ ആത്മബോധമാണ്. ഈ അര്‍ത്ഥത്തിലുള്ള ഒരു ഫെഡറല്‍ കാഴ്ചപ്പാട് ഇന്ത്യന്‍ ദേശീയതയായി വികസിച്ചു വന്നിട്ടുണ്ട്. ആ ഫെഡറല്‍ കാഴ്ചപ്പാടിന് എതിരു നിന്നവരാണ് ഇന്ത്യയിലെ വന്‍കിട വ്യവസായികളുടെ സംഘടനയായ ഫിക്കി. ഫെഡറല്‍ കാഴ്ചപ്പാടിന് എതിര് നിന്ന സംഘടനയാണ് ഓള്‍ ഇന്ത്യാ എക്‌സപോര്‍ട്ടേഴ്‌സ് അസോസിയേഷന്‍. അവരോടൊപ്പം ഫെഡറല്‍ കാഴ്ചപ്പാടിന് എതിരു നിന്നവരാണ് ഇവിടുത്തെ വലതുപക്ഷ പാര്‍ട്ടികള്‍. അതിന്റെ മുന്നിലുണ്ടായിരുന്നവരാണ് ഹിന്ദുത്വ രാഷ്ട്രീയ ശക്തികള്‍. ഭാഷാദേശീയതയുടെ എതിര്‍പക്ഷത്തായിരുന്നു അവര്‍. ഭാഷാദേശീയതയോട്, അതിന്റെ അടിസ്ഥാനത്തില്‍ രൂപം കൊണ്ട സംസ്ഥാനങ്ങളോട് എതിര്‍പ്പ് അവര്‍ക്കുള്ളിലുണ്ട്. അത് പുറത്തെടുക്കാന്‍ കഴിയാറില്ല. അത് പുറത്തെടുക്കാന്‍ കഴിഞ്ഞ ഒരു സന്ദര്‍ഭമായാണ് അര്‍ണാബ് ഗോസ്വാമിയുടെ കേരളവിരുദ്ധ ആക്രോശത്തെ ഞാന്‍ കാണുന്നത്.

പ്രതിസന്ധിയിലകപ്പെടുന്ന സംസ്ഥാനത്തിന്റെ അവകാശമാണ് അതിനാവശ്യമായ വിഭവങ്ങള്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുക എന്നത്. അതൊരു ഔദാര്യമല്ല. ഈ അവകാശം അപ്രസക്തമാക്കുകയും പകരം "ഞങ്ങള്‍ എന്തെങ്കിലും തരും" എന്ന സമീപനം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യന്‍ ദേശീയതയുടെ മുകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന മേല്‍ക്കോയ്മാ ദേശീയതയാണ് ( hegemonic nationalism ) ഇപ്പോള്‍ പുറത്തുചാടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സഹായം വാഗ്ദാനം ചെയ്യപ്പെടുമ്പോള്‍ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. ദേശീയതയുടെ അനിവാര്യതയാണ് സാര്‍വ്വദേശീയത. ആ സാര്‍വ്വദേശീയതയുടെ ഭാഗമായാണ് ക്യൂബയ്ക്ക് ഒരു പിടി അരിയെങ്കില്‍ ഒരു പിടി അരി എന്നു പറഞ്ഞുകൊണ്ട് കേരളത്തിലെ ജനാധിപത്യ വാദികള്‍ ക്യൂബയ്ക്ക് സംഭാവന നല്‍കിയത്. ലോകത്തെ വിവിധ ഭാഗങ്ങളിലെ ജനങ്ങള്‍ പ്രതിസന്ധികളില്‍ പരസ്പരം സഹകരിക്കാറുണ്ട്. സ്വാന്ത്വനിപ്പിക്കാറുണ്ട്. അതെല്ലാം ജനാധിപത്യത്തിന്റെയും സാര്‍വ്വദേശീയതയുടെയും ഭാഗമാണ്.

നിയമങ്ങളെല്ലാം രൂപപ്പെടുന്നത് പ്രശ്‌നരഹിതമായ സാഹചര്യങ്ങളിലാണ്. പ്രശ്‌നരഹിതമായ സന്ദര്‍ഭങ്ങളില്‍ രൂപപ്പെടുന്ന നിയമങ്ങള്‍ക്ക് പ്രശ്‌നസങ്കീര്‍ണ്ണമായ സന്ദര്‍ഭങ്ങളിൽ നിലനില്‍ക്കാന്‍ കഴിയില്ല. അങ്ങനെ വേണമെന്ന് വാദിക്കുന്നത് കൃത്രിമമായ കാഴ്ചപ്പാടാണ്. മുമ്പ് ഏതെങ്കിലും നിയമം മുമ്പ് ഏതെങ്കിലും സര്‍ക്കാര്‍ രൂപപ്പെടുത്തിയെന്നതുകൊണ്ട് അതുതന്നെ ആവര്‍ത്തിക്കുന്നത് സങ്കുചിതമാണ്. സാധാരണകാലത്തെ നിയമം പ്രതിസന്ധിയുടെ കാലത്ത് നിലനില്‍ക്കില്ല. 2013-14 കാലത്ത് വിശ്വഹിന്ദ് പരിഷത്തിന്റെ ഒരു യോഗത്തില്‍ മോഹന്‍ഭഗവത്, രാഷ്ട്രത്തിന്റെ 5 ശത്രുക്കളെ കുറിച്ച് പറയുന്നുണ്ട്. മാർക്‌സിസം, മെക്കാളയിസം, മിഷണറിയിസം, മെറ്റീരിയലിസം, മുസ്ലീം എക്‌സ്ട്രീമിസം എന്നീ അഞ്ച് എമ്മുകളാണ് അവ. അതോടൊപ്പം ഒരു എം കൂടി സംഘപരിവാറിനു വേണ്ടി അര്‍ണാബ് ഗോസ്വാമി കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. അതാണ് മലയാളി. കേരളത്തിലെ പ്രളയബാധിത സന്ദര്‍ഭത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന സേവാഭാരതീ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരേയുള്ള പ്രചരണമാണ് റിപ്പബ്ലിക് ടിവി നടത്തുന്നതെന്ന് മലയാളികളായ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മനസ്സിലാക്കണം. റിപ്പബ്ലിക് എന്ന പേരുപയോഗിക്കാന്‍ ആ ചാനലിന് അവകാശമില്ല.

ബീഫ് കഴിക്കുന്നതുകൊണ്ടാണ് കേരളത്തിന് ഇത്തരമൊരു അപകടമുണ്ടായതെന്നും ബീഫ് കഴിക്കുന്നവരായതുകൊണ്ട് അപകടത്തില്‍ പെടുന്നവരെ രക്ഷിക്കരുതെന്നും പറയുന്നത് യാദൃച്ഛികമല്ല. നേരത്തെ 20 "സാംസ്‌കാരിക നായ്ക്കളുടെ" പട്ടിക സംഘപരിവാര്‍ അനുയായികള്‍ പുറത്തുവിട്ടതായി ഞാന്‍ കേട്ടിരുന്നു. എന്റെ പേരും കൂട്ടത്തിലുണ്ടായിരുന്നു എന്നാണറിഞ്ഞത്. അങ്ങനെയൊരു പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് അഭിമാനമായാണ് ഞാന്‍ കാണുന്നത്. ശബരിമലയിലെ സ്ത്രീപ്രവേശനത്തെ സര്‍ക്കാര്‍ അനുകൂലിക്കുന്നതുകൊണ്ടാണ് ഈ ദുരന്തമുണ്ടായതെന്ന് പ്രചരണം നടക്കുന്നു. ദുരന്തത്തെ അതിജീവിച്ചതിനുശേഷം അതിനെക്കുറിച്ചൊക്കെ ചര്‍ച്ചയാകാം. ദുരന്തത്തിന്റെ സന്ദര്‍ഭത്തില്‍ ഇത്തരം ആക്ഷേപങ്ങള്‍ ക്രൂരമാണ്. ഭക്ഷണത്തിന്റെ പേരില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ഇപ്പോഴും ആക്രമണങ്ങള്‍ തുടരുന്നു. ആക്രമണങ്ങള്‍ തുടരാനുള്ള ന്യായീകരണമായി ഈ ദുരന്തത്തെ ഉപയോഗിക്കുകയാണ്. മലയാളികള്‍ക്ക് വേണമെങ്കില്‍ മത്സ്യം കഴിക്കാമെന്ന് ഒരു പ്രമുഖ സംഘപരിവാര്‍ നേതാവ് അപകടമില്ലാത്ത കാലത്ത് പറഞ്ഞു. അദ്ദേഹം അങ്ങനെയൊരു സൗജന്യം അനുവദിച്ചു തന്നതാണ്.

ബീഫ് കഴിക്കുന്നതുകൊണ്ടാണ് കേരളത്തില്‍ പ്രകൃതി ദുരന്തമുണ്ടായതെന്ന് ഹിന്ദുമഹാസഭാനേതാവ് ചക്രപാണിയാണ് പറഞ്ഞത്. ഇന്നലെവരെ ചക്രപാണി എന്നൊരു ഹിന്ദുത്വ സൈദ്ധാന്തികനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇന്ന് ആ പേര് കേള്‍ക്കാത്ത ഒരു മലയാളി ഉണ്ടാകുമോ? സംഘപരിവാര്‍ നേതാക്കള്‍ അവരുടെ അസ്തിത്വം ആവിഷ്‌കരിക്കുന്നത് ഇങ്ങനെയാണ്. ഈ പ്രതിസന്ധിയില്‍ ഇത്തരത്തിലുള്ള ജനാധിപത്യ വിരുദ്ധപ്രസ്താവന നടത്തുന്നവര്‍ക്ക് ഈ രാഷ്ട്രത്തില്‍ സ്ഥാനമുണ്ടാകില്ലെന്നും അവരുടെ സ്ഥാനം തടവറയിലായിരിക്കുമെന്നും പറയാന്‍ പ്രധാനമന്ത്രിക്കും രാജ്യം ഭരിക്കുന്നവര്‍ക്കും ബാധ്യതയുണ്ട്. രാജ്യത്തെ ഒരു സംസ്ഥാനം വലിയ ദുരന്തത്തെ നേരിടുമ്പോള്‍ രാജ്യദ്രോഹപരമായ പ്രസ്താവനകള്‍ നടത്തുന്നവരെ തിരുത്താനുള്ള ഒരു നടപടിയും പ്രധാനമന്ത്രിയില്‍ നിന്നോ മറ്റ് സംഘപരിവാര്‍ നേതാക്കളില്‍ നിന്നോ ഉണ്ടായില്ല. ലോകത്ത് എവിടെനിന്ന് സഹായം ലഭിച്ചാലും സ്വീകരിക്കേണ്ട സന്ദര്‍ഭത്തില്‍ നമുക്ക് യു.എ.ഇയില്‍ നിന്ന് വാഗ്ദാനം ചെയ്ത സഹായം കിട്ടില്ലെന്ന് പറഞ്ഞ് ആഹ്ളാദം പ്രകടിപ്പിക്കുന്ന സംഘപരിവാര്‍നേതാക്കള്‍ എന്ത് സന്ദേശമാണ് നല്‍കുന്നത്? ഏതെങ്കിലും വര്‍ഗ്ഗീയ ഭ്രാന്തന്മാര്‍ നടത്തുന്ന ലക്കുകെട്ട പ്രസ്താവനകളല്ല പ്രശ്‌നം. ഇത്തരം ലക്കുകെട്ട പ്രസ്താവനകള്‍ക്ക് സ്വൈരസഞ്ചാരം അനുവദിക്കുന്ന ഇന്ത്യയിലെ ഭരണാധികാരികളാണ് പ്രശ്‌നം. സംഘപരിവാര്‍ കാഴ്പ്പാടാണ് പ്രശ്‌നം.

മുഹമ്മദ് അഖ്‌ലാഖിന്റെ കൊലയില്‍ ഒന്നാം പ്രതിയായ രവി സുസോദിയ ജയിലില്‍ ഡങ്കിപ്പനി ബാധിച്ച് മരിച്ചപ്പോള്‍ അയാളുടെ ശവസംസ്‌കാരത്തില്‍ പങ്കെടുത്തത് കേന്ദ്രസാംസ്‌കാരിക മന്ത്രിയടക്കമുള്ള ഉന്നതരാണ്. ദേശീയപതാക പുതപ്പിച്ച് അയാളുടെ മൃതദേഹത്തെ ആദരിക്കുകയും ചെയ്തു. ജാര്‍ഖണ്ഡിലെ അന്‍സാരിയെ കൊലപ്പെടുത്തിയവര്‍ക്ക് ജാമ്യം ലഭിച്ചപ്പോള്‍ മാലയിട്ട് സ്വീകരിച്ചത് കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയാണ്. അതായത് ഇപ്പോള്‍ കേരളത്തിനെതിരേ നടക്കുന്ന പ്രസ്താവനകള്‍ ഒറ്റപ്പെട്ടതല്ല. ആസൂത്രിതമായ ഒരു ഗൂഢാലോചനയുടെ ഭാഗമാണ്. ദുരിതത്തെ നേരിടാന്‍ നിങ്ങളെ അനുവദിക്കില്ല എന്ന സമീപനമാണ് സംഘപരിവാര്‍ ഉയര്‍ത്തുന്നത്. ഇത്തരം പ്രസ്താവനകൾ നടത്തുന്നവരെ fringe elements എന്ന് വിളിക്കുന്നതിനോട് ഞാൻ യോജിക്കുന്നില്ല. രാജ്യത്തിന് പുറത്തുനിന്നുള്ള ശത്രുക്കളെ നേരിടുകയും അകത്തുള്ള പ്രതിസന്ധികളില്‍ നേതൃത്വപരമായ പങ്ക് വഹിക്കുകയും ചെയ്യുക എന്ന കടമ നിര്‍വ്വഹിക്കാന്‍ കരുത്തുള്ളതാണ് ഇന്ത്യന്‍ സൈന്യം. ഇവിടെ സ്വകാര്യ സൈന്യങ്ങളെ വച്ച് പൊറുപ്പിക്കാന്‍ പാടില്ല. വര്‍ഗ്ഗീയ ഭ്രാന്തന്മാരുടെ സ്വകാര്യ സൈന്യങ്ങളെ നിലനിര്‍ത്തുന്നതും സംരക്ഷിക്കുന്നതും ഭരണാധികാരികളാണ്.

ഈ ദുരന്തത്തെ നമ്മള്‍ അതിജീവിക്കും. എല്ലാവരും ഒന്നിച്ച് നില്‍ക്കുകയാണ്. സംഘപരിവാര്‍ നടത്തുന്ന മനുഷ്യവിരുദ്ധ പ്രചരണങ്ങളെ അതിനുശേഷം നമുക്ക് നേരിടേണ്ടതുണ്ട്. അക്കാര്യത്തില്‍ വലിയ പങ്ക് വഹിക്കേണ്ട മാധ്യമങ്ങള്‍ അര്‍ണാബ് ഗോസ്വാമിയുടെ ചെറിയ ഫോട്ടോകോപ്പികളായി മാറുകയാണ്. 2 തരം പ്രകൃതിദുരന്തങ്ങളുണ്ട്. കോര്‍പ്പറേറ്റ് വല്‍ക്കരണത്തിന്റെ ഭാഗമായി സംഭവിക്കുന്ന മൂലധനനിര്‍മ്മിതമായ ദുരന്തങ്ങളും പ്രകൃതിയുടെ ആഭ്യന്തര വൈരുദ്ധ്യങ്ങള്‍ മൂലമുണ്ടാകുന്ന ദുരന്തങ്ങളും. പ്രകൃതിയുടെ വൈരുദ്ധ്യങ്ങള്‍ മൂലമുണ്ടാമുണ്ടാകുന്ന പ്രതസന്ധികള്‍ക്ക് മുന്നില്‍ നമ്മള്‍ നിസ്സഹായരാണ്. മൂലധനനിര്‍മ്മിതമായ ദുരന്തത്തെ നമുക്ക് ജനാധിപത്യ ഇടപെടലുകള്‍ വഴി നേരിടാന്‍ ശ്രമിക്കാം. മനുഷ്യന്‍ പരാജയപ്പെടാം. പക്ഷേ, പ്രതിസന്ധികളില്‍ പ്രതികരിക്കാന്‍, ഒന്നിച്ച് നില്‍ക്കാന്‍ ഊര്‍ജ്ജം നല്‍കുന്ന ആദര്‍ശങ്ങളുടെയും ആശയങ്ങളുടെയും ലോകം പരാജയപ്പെടാന്‍ പാടില്ല. പ്രതിസന്ധിയെ അതിജീവിക്കാന്‍ സഹായിക്കുന്ന ആശയങ്ങളുടെയും ആദര്‍ശങ്ങളുടെയും ലോകത്തെ ആക്രമിക്കാനാണ് സംഘപരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നത്. മനുഷ്യരെ ഒന്നിപ്പിക്കുന്ന ആദര്‍ശങ്ങളെ തകര്‍ത്ത് ഭിന്നിപ്പിക്കാനാണ് അവരുടെ ശ്രമം. സമരത്തെ സാധ്യമാക്കുന്ന ആശയങ്ങളും ആദര്‍ശങ്ങളും പരാജയപ്പെടാതെ സൂക്ഷിക്കാന്‍ നമുക്ക് കഴിയണം.