നേരിട്ടത് നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ കാലവർഷക്കെടുതി ; ഒറ്റക്കെട്ടായി നേരിടാം : മുഖ്യമന്ത്രി

#

തിരുവനന്തപുരം (30-08-18) : സംസ്ഥാനം നേരിട്ടത് നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ കാലവർഷക്കെടുതിയാണ് പൊതുജന പങ്കാളിത്തതോടെയുള്ള ഈ രക്ഷാപ്രവര്‍ത്തനം മൂലമാണ് മരണസംഖ്യ കാര്യമായി കുറഞ്ഞതെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഒരു ബിഗ്സല്യൂട്ട് നല്‍കുന്നതായും മുഖ്യമന്ത്രി. സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ ചേർന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ കാലവര്‍ഷക്കെടുതിക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. പ്രളയത്തില്‍ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതം ദുസ്സഹമായി.കനത്ത മഴയിലും, പ്രളയത്തിലും ഉരുള്‍പൊട്ടലിലും 483 പേര്‍ മരിച്ചു. 14 പേരെ കാണാതായി. 140 പേര്‍ ആശുപത്രിയിലായി. കാലവര്‍ഷം ശക്തമായ ഓഗസ്റ്റ് 21 ന് 3,91,494 ലക്ഷം കുടുംബങ്ങളില്‍ നിന്നായി 14,50,707 ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ജിവിക്കേണ്ട അവസ്ഥയിലെത്തി. നിലവിലെ സ്ഥിതി അനുസരിച്ച് 305 ക്യാമ്പുകളിലായി 16,767 കുടുംബങ്ങളിലെ 59,296 ആളുകളാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തിനടക്കം കക്ഷിഭേദമില്ലാത്ത ഒത്തൊരുമയാണ് ഉണ്ടായത്. പുതിയ കേരളനിര്‍മാണത്തിനും ഈ ഒത്തൊരുമ ഉണ്ടാകണം. രക്ഷാപ്രവര്‍ത്തനം അവസാനിച്ചു. രണ്ടാം ഘട്ടമായ പുനരധിവാസം നടന്നുകൊണ്ടിരിക്കുന്നു. പുനര്‍നിര്‍മാണമെന്ന ഏറ്റവും വലിയ ലക്ഷ്യം ഏറ്റെടുക്കേണ്ടതുണ്ട്. പുതിയ കേരളസൃഷ്ടിയേക്കൂടി അടിസ്ഥാനമാക്കിയുള്ളതാകും പുനര്‍നിര്‍മാണം. ടൂറിസത്തിനും തിരിച്ചടിയുണ്ടായി. വാര്‍ഷിക പദ്ധതിയേക്കാള്‍ കൂടുതല്‍ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്.

സാധാരണയിലും കവിഞ്ഞ കാലവര്‍ഷമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗം കേരളത്തെ അറിയിച്ചിരുന്നു. എന്നാല്‍ പ്രവചിച്ചതിലും അധികമായിരുന്നു കേരളത്തിലുണ്ടായത്. കാലവര്‍ഷക്കെടുതിയെ നേരിടാന്‍ 2018 മെയ് 16 മുതല്‍ സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു. കേരളത്തിന് താങ്ങാവുന്നതിലുമധികം മഴപെയ്തു. ഭൂമിയുടെ പ്രതല ഘടനയ്ക്ക് തന്നെ മാറ്റമുണ്ടാകുന്ന അവസ്ഥയുണ്ടായി.

റോഡുകളും പാലങ്ങളും വ്യാപകമായി തകര്‍ന്നു. 57000 ഹെക്ടര്‍ കൃഷിഭൂമി വെള്ളത്തിനടിയിലായി. ഇവിടങ്ങളിലെ ജീവനോപാധികള്‍ നശിച്ചു. വളര്‍ത്തുമൃഗങ്ങളും പക്ഷികളും കന്നുകാലികളും ചത്തുമലച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വ്യാപകമായി വെള്ളത്തിനടിയിലായി. വിലപ്പെട്ട രേഖകള്‍ പലതും നശിച്ചു.

രക്ഷാപ്രവര്‍ത്തനത്തിന് പോലീസ്, ഫയര്‍ഫോഴ്‌സ് സംവിധാനങ്ങള്‍ തുടക്കംമുതല്‍ സജീവമായി. പിന്നീട് കേന്ദ്രസേനകളേയും സൈന്യത്തെയും അണിനിരത്തി. ഇത്തരം ഇടപെടലുകളാണ് മരണസംഖ്യ കുറയ്ക്കാനിടയായത്.

പ്രളയാനന്തരപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദുരിതബാധിതര്‍ക്ക്  10,000 രൂപയും സൗജന്യ കിറ്റും നൽകുന്നത് തുടങ്ങിയിട്ടുണ്ട്. ഇനി മുന്നിലുള്ള പ്രധാന വെല്ലുവിളി സംസ്ഥാനത്തിന്‍റെ പുനർ നിർമാണമാണ്. വലിയ മൂലധനം ആവശ്യമുള്ള ഈ ദൗത്യത്തിനായി പണം നൽകാൻ ജനം മുന്നോട്ടു വരുന്നുണ്ട്. ഇതാണ് പ്രതിസന്ധി മറികടക്കാനുള്ള ആത്മവിശ്വാസം. ഓഗസ്റ്റ് 29 വരെ  730 കോടി രൂപ ദുരിതാശ്വാസനിധിയിലേക്ക് എത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസഹായമായി  600 കോടി രൂപ ലഭിച്ചു. കൂടുതല്‍ സഹായം അവിടെ നിന്നും പ്രതീക്ഷിക്കുന്നു.  വായ്പ തേടി ലോകബാങ്കുമായും ചർച്ച നടത്തി. സംസ്ഥാന താത്പര്യത്തിന് അനുകൂലമായ സഹായം ആരുടെ ഭാഗത്തു നിന്നുണ്ടായാലും സ്വീകരിക്കും.