ഉദ്യോഗസ്ഥരെ മനുഷ്യദൈവങ്ങളാക്കരുത്

#

(30-08-18) : തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ.വാസുകിയുടെയും തൃശൂർ ജില്ലാ കളക്ടർ അനുപമയുടെയും ചിത്രം വച്ച് മറ്റുള്ളവർ ഫോട്ടോഷോപ്പ് ചെയ്തു ഉണ്ടാക്കുന്ന അരോചകമായ പരസ്യ വാചകങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ എവിടെയും.  "ഇവരാണ് ആൺകുട്ടികൾ" എന്ന് പറയുന്ന തീർത്തും ലിംഗവിവേചനപരമായ പരാമർശങ്ങളുള്ള പോസ്റ്റുകളും കണ്ടു. വാസുകിയും അനുപമയും ഇതൊക്കെ കാണുന്നുണ്ടോ എന്നറിയില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ തിരക്കിൽ അതൊന്നും കാണാൻ അവർക്ക് സമയം കിട്ടിയിട്ടുണ്ടാവില്ല. അല്പം സമയം കണ്ടെത്തി അവർ അതൊന്ന് കാണണമെന്നും അത് നിറുത്താൻ എന്തെങ്കിലും ചെയ്യണമെന്നുമാണ് എന്റെ അപേക്ഷ. തങ്ങളുടെ ഫോട്ടോകൾ ദുരുപയോഗപ്പെടുത്തരുതെന്ന് കർശനമായ നിർദ്ദേശം നല്കാൻ ഐ.എ.എസ് ഉദ്യോഗസ്ഥരായ അവർക്ക് കഴിയണം. അത്രയ്ക്ക് അസഹ്യമാണവ. എന്തുകൊണ്ടോ ദിവ്യ എസ് അയ്യർക്കു ഈ ദുരന്തം നേരിടേണ്ടി വന്നില്ല.

പ്രകൃതി ദുരന്തത്തെ സമൂഹം ഒന്നിച്ചു നേരിടാൻ ശ്രമിക്കുന്നതിനിടയിൽ ചെറുപ്പക്കാരും കാണാൻ കൊള്ളാവുന്നവരുമായ രണ്ടു ഐ.എ.എസ് ഉദ്യോഗസ്ഥമാരുടെ പടം വച്ച് ആഹ്ലാദം പ്രകടിപ്പിക്കുന്നവരോട് എന്തെങ്കിലും പറഞ്ഞിട്ടു കാര്യമുണ്ടെന്ന് തോന്നുന്നില്ല. സ്വന്തം ജോലിക്കു അപ്പുറം എന്തെങ്കിലും ഈ രണ്ടു ഐ.എ.എസ് ഓഫീസർമാർ ചെയ്തിട്ടുണ്ടോ? ഐ.എ.എസുകാരും അല്ലാത്തവരുമായ ധാരാളം ഉദ്യോഗസ്ഥർ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ അവരവരുടെ ജോലി ചെയ്തിട്ടുണ്ട്. ലോഡ് ഇറക്കാൻ കൂടെക്കൂടിയ ഐ.എ.എസ് ഉദ്യോഗസ്ഥനായ രാജമാണിക്യമടക്കം പലരും അവരുടെ ഉത്തരവാദിത്വത്തിൽ പെടാത്ത ജോലികൾ ചെയ്യാനും മടി കാണിച്ചില്ല. പക്ഷേ, മാസാമാസം ശമ്പളം വാങ്ങുന്ന ഉദ്യോസ്ഥരെക്കാൾ ഈ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വലിയ പങ്കു വഹിച്ച ആയിരക്കണക്കിന് മനുഷ്യരുണ്ട്. അവരെ അനാദരിക്കലാണ് ഐ.എ.എസ് ഉദ്യോഗസ്ഥകളുടെ പടം വച്ചുള്ള ഈ വാഴ്ത്തിപ്പാടലുകൾ.

ഒരു നന്ദിവാക്ക് പോലും കേൾക്കാൻ നിൽക്കാതെ മനുഷ്യജീവനുകൾ രക്ഷിക്കാൻ വേണ്ടി എല്ലാം മറന്നു പ്രവർത്തിച്ച മത്സ്യത്തൊഴിലാളികളെ ഈ ജില്ലാ കളക്ടർമാർ ഒരു നിമിഷം ഓർക്കണം. താരാരാധനക്കു നിന്ന് കൊടുക്കുന്നത് തെറ്റാണെന്ന് തിരിച്ചറിഞ്ഞ്, തങ്ങളുടെ പേരിലുള്ള ഫോട്ടോഷോപ്പ് പരിപാടികൾ നിറുത്തണമെന്ന് അവർ പരസ്യമായി ആവശ്യപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നമ്മുടെ ബഹുമാന്യനായ മുഖ്യമന്ത്രി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മാന്യമായി നേതൃത്വം നൽകുന്നുണ്ട്. അത് അദ്ദേഹത്തിൻറെ ചുമതലയാണ്. അദ്ദേഹത്തിൻറെ പടം വച്ചുള്ള വാഴ്ത്തിപ്പാടലുകളും എവിടെയും കാണാം. ഈ സ്തുതിഗീതങ്ങൾ നിറുത്തി എല്ലാവരും അവരവർക്ക് കഴിയുന്ന തരത്തിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്ന് ബഹുമാന്യനായ മുഖ്യമന്ത്രി തന്നെ ആവശ്യപ്പെടണം. സിനിമാതാരങ്ങൾക്കുള്ളത് പോലെ ഫാൻസ്‌ അസോസിയേഷനുകൾ മന്ത്രിമാർക്കും ഉദ്യോസ്ഥർക്കും ആവശ്യമില്ല.