കണ്ണിറുക്കല്‍ : നടി പ്രിയാവാര്യര്‍ക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കി

#

ന്യൂഡല്‍ഹി (31-08-18) : ഒരു അഡാര്‍ ലൗ എന്ന സിനിമയില്‍ പാട്ടുരംഗത്തില്‍ മതത്തെ നിന്ദക്കുന്ന രീതിയില്‍ അഭിനയിച്ചു എന്നു കാട്ടി നടി പ്രിയാവാര്യര്‍ക്ക് എതിരേ സമര്‍പ്പിച്ചിരുന്ന രണ്ട് പ്രഥമ വിവര റിപ്പോര്‍ട്ടുകളും സുപ്രീം കോടതി റദ്ദു ചെയ്തു. നടിയ്‌ക്കെതിരായോ സിനിമയുടെ മറ്റു പ്രവര്‍ത്തകര്‍ക്കെതിരായോ ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഭാവിയിലും ഒരു എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു.

ഒരു അഡാര്‍ ലൗ എന്ന സിനിമയിലെ "മാണിക്യമലരായ പൂവി" എന്ന പാട്ടുരംഗത്തില്‍ പ്രിയാവാര്യര്‍ കണ്ണിറുക്കി കാണിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. രണ്ട് എഫ്.ഐ.ആറും കോടതി റദ്ദാക്കി. മതവികാരം വ്രണപ്പെടുത്തിയെന്ന പേരില്‍ ഇന്ത്യന്‍ ശിക്ഷാനിയമം 295 എ ചുമത്താന്‍ ഒരു കാരണവുമില്ലെന്ന് കോടതി വിധിയില്‍ വ്യക്തമാക്കി.

"മാണിക്യമലരായ പൂവി" എന്ന പാട്ടില്‍ ഏതെങ്കിലും മതവികാരം വ്രണപ്പെടുത്താനുള്ള ഒരു ശ്രമവുമില്ലെന്ന് കോടതി പറഞ്ഞു. പ്രിയാവാര്യരുടെ ആദ്യസിനിമയാണ് ഒരു അഡാര്‍ ലൗ. "മാണിക്യമലരായ പൂവി" എന്ന പാട്ട് ഇന്റെര്‍നെറ്റില്‍ അതിവേഗം വൈറലായിരുന്നു.