പ്രളയം : ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഗവർണറെ കണ്ടു

#

തിരുവനന്തപുരം (31-08-18) : മുന്നറിയിപ്പില്ലാതെ അണക്കെട്ടുകള്‍ തുറന്നു വിട്ടതിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല  ഗവർണറെ കണ്ടു. പ്രളയ ദുരന്തബാധിതര്‍ക്കു മതിയായ നഷ്ടപരിഹാരം ഉറപ്പ് നല്‍കുന്നതിനും അവരെ പുനരധിവസിപ്പിക്കുന്നതിനും ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ട്രിബ്യുണല്‍ രൂപീകരിക്കണം, ദുരന്ത നിവാരണ വകുപ്പ് പുനഃസംഘടിപ്പിച്ച് കാര്യക്ഷമമാക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നിവേദനവും പ്രതിപക്ഷനേതാവ് ഗവർണ്ണർക്ക് നൽകി. സർക്കാരിനോട് ഇക്കാര്യങ്ങൾ പറഞ്ഞുവെങ്കിലും പ്രയോജനം ഇല്ലാത്തതിനാലാണ് ഗവർണ്ണർക്ക് നിവേദനം നൽകുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

പ്രളയ ദുരിതാശ്വാസത്തിനുള്ള ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മാറ്റി പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുന്നതിന് സർക്കാരിന് നിർദ്ദേശം നൽകണം. ലോകത്തിന്റെ എല്ലാഭാഗത്തും നിന്നും ദുരിതാശ്വാസത്തിന്റെ ഭാഗമായി സര്‍ക്കാരിന് ലഭിക്കുന്ന പണം പോകുന്നത്  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ്. ഇതു വകമാറ്റി ചെലവഴിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. രാഷ്ട്രീയ പരിഗണനയില്ലാതെയും വിവേചനമില്ലാതെയും ഫണ്ട് വിനിയോഗിക്കപ്പെടണം.

മുന്നറിയിപ്പില്ലാതെ അണക്കെട്ടുകള്‍ തുറന്നു വിട്ടതിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തി വസ്തുതകള്‍ വെളിച്ചത്തു കൊണ്ടു വരണം. കാലേകൂട്ടി അണക്കെട്ടുകള്‍ ക്രമമായി തുറന്ന് ജലവിതാനം നിയന്ത്രിക്കാതെ എല്ലാം ഒന്നിച്ചു തുറന്നു വിട്ടതാണ് പ്രളയത്തിനിടയാക്കിയത്. അണക്കെട്ടുകള്‍ തുറന്നു വിടുന്നതിനു മുന്‍പ് വ്യക്തമായ മുന്നറിയിപ്പുകള്‍ നല്‍കുന്നതിലും ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിൽ വലിയ വീഴ്ചയാണ് സംഭവിച്ചത്. ഇതിനുത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ജൂഡീഷ്യല്‍ അന്വേഷണം അനിവാര്യമാണ് എന്നും നിവേദനത്തിൽ പറയുന്നു.