പുരുഷന്മാരുടെ വിവാഹപ്രായം 18 ആക്കണമെന്ന് ലോ കമ്മീഷന്‍

#

ന്യൂഡല്‍ഹി (01-09-18) : പുരുഷന്മാരുടെ വിവാഹപ്രായം 18 ആയി കുറയ്ക്കണമെന്ന് നിയമ കമ്മീഷന്‍. പ്രായപൂര്‍ത്തിയാകുന്നത് 18 വയസ്സിലാണെന്ന് അംഗീകരിക്കുകയും 18 വയസ്സില്‍ വോട്ടവകാശം നല്‍കുകയും ചെയ്യുന്നതിനാല്‍ വിവാഹത്തിനുള്ള കുറഞ്ഞ പ്രായവും 18 ആയി നിജപ്പെടുത്തണമെന്നാണ് നിയമ കമ്മീഷന്‍ ശുപാര്‍ശ. സ്ത്രീകളുടെ വിവാഹപ്രായം 18 ആയതിനാല്‍ ഇക്കാര്യത്തില്‍ വിവേചനം പാടില്ലെന്നാണ് നിയമ കമ്മീഷന്റെ നിലപാട്. വ്യക്തിനിയമങ്ങളിലെ പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് നിയമ കമ്മീഷന്‍ സമര്‍പ്പിച്ച ശുപാര്‍ശകളിലാണ് ഈ നിര്‍ദ്ദേശമുള്ളത്.

ഭാര്യയ്ക്ക് ഭര്‍ത്താവിനെക്കാള്‍ പ്രായം കുറഞ്ഞിരിക്കണമെന്ന യാഥാസ്ഥിതിക വീക്ഷണമാണ് പുരുഷന്മാരുടെ കുറഞ്ഞ വിവാഹപ്രായം 21 എന്നും സ്ത്രീയുടെ കുറഞ്ഞ വിവാഹപ്രായം 18 എന്നും തീരുമാനിക്കുന്നതിന് പിന്നിലെന്ന് നിയമ കമ്മീഷന്‍ അഭിപ്രായപ്പെട്ടു. ശൈശവ വിവാഹം ഇന്ത്യയില്‍ ഒരു യാഥാര്‍ത്ഥ്യമാണെന്ന് അംഗീകരിച്ചുകൊണ്ട് വിവാഹം സംബന്ധിച്ച നിയമങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തുമെന്നാണ് നിയമ കമ്മീഷന്റെ നിലപാട്.