പശ്ചിമഘട്ടത്തിൽ തൊട്ടുപോകരുത് : ദേശീയ ഹരിത ട്രൈബ്യൂണൽ

#

ന്യൂഡൽഹി (01-09-18) : പശ്ചിമഘട്ടത്തിന്റെ സ്വാഭാവികത തകർക്കുന്ന ഒരു പ്രവർത്തനവും പാടില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ്. പരിസ്ഥിതിലോല മേഖലകളുമായി ബന്ധപ്പെട്ട കരട് വിഞ്ജാപനം അന്തിമമായി തീര്‍പ്പാകുന്നതു വരെ ലോക ജൈവ വൈവിധ്യ ഭൂപടത്തില്‍ ഇടം നേടിയ പശ്ചിമഘട്ട മലനിരകളില്‍  ഒരു പ്രവര്‍ത്തനവും പാടില്ലെന്നാണ് ഹരിത ട്രൈബ്യൂണല്‍ വ്യക്തമാക്കിയത്. കേരളത്തിലെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് ഹരിത ട്രൈബ്യൂണലിന്റെ നിർണ്ണായക ഉത്തരവ്. കരട് വിജ്ഞാപനം ഇറക്കുന്നതിലെ കാലതാമസത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഗോവ ഫൗണ്ടേഷൻ നൽകിയ ഹർജിയിലാണ് ഹരിത ട്രൈബ്യൂണൽ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

2017 ഫെബ്രുവരിയില്‍ പരിസ്ഥിതി ലോല മേഖലകള്‍ പ്രതിപാദിച്ചുകൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി. പല സംസ്ഥാനങ്ങളും അവരുടെ അഭിപ്രായങ്ങള്‍ അറിയിച്ചു. എന്നാല്‍ ഗുജറാത്തും ഗോവയും ഇനിയും നിലപാട് അറിയിച്ചിട്ടില്ല. അതുകൊണ്ട് ഒന്നര വര്‍ഷമായി ഇതില്‍ അന്തിമ തീരുമാനം എടുക്കാനായിട്ടില്ല. ഇതിനെതിരെയാണ് ഗോവ ഫൗണ്ടേഷൻ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്.

നേരത്തെ പുറത്തിറക്കിയ റിപ്പോര്‍ട്ടിലെ കരടില്‍ എന്തെങ്കിലും കാതലായ മാറ്റം വരുത്തിയാല്‍ അത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് കേരളത്തിലെ അനുഭവം വ്യക്തമാക്കുന്നവെന്ന് ട്രൈബ്യൂണൽ  നിരീക്ഷിച്ചു. അതുകൊണ്ട് 2017 ലെ നോട്ടിഫിക്കേഷനില്‍ പെട്ടിട്ടുള്ള പരിസ്ഥിതി ലോലമേഖലയുടെ പരിധി ട്രൈബ്യൂണലിന്റെ അനുമതിയില്ലാതെ കുറക്കാനാവില്ലെന്നും ഉത്തരവിൽ പറയുന്നു. കരടു വിജ്ഞാപനം ഇറക്കുന്നത് സംബന്ധിച്ച്  ആറു മാസത്തിനകം അന്തിമ തീരുമാനമുണ്ടാകുമെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കി. ഓഗസ്റ്റ്  26 ന് കാലാവധി തീര്‍ന്ന കരട് റിപ്പോര്‍ട്ട് വീണ്ടും പ്രസിദ്ധീകരിക്കുന്നതിന് അനുമതിയും നല്‍കി.