ദേശീയശ്രദ്ധ ആകര്‍ഷിക്കാന്‍ കര്‍ഷകറാലിയുമായി മമത

#

കൊല്‍ക്കത്ത (01-09-18) : കര്‍ഷകരെ അണിനിരത്തി വമ്പിച്ച റാലി നടത്താന്‍ തയ്യാറെടുക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. പശ്ചിമബംഗാളില്‍ 33 വര്‍ഷത്തെ ഇടതുമുന്നണി ഭരണത്തിന് അറുതി കുറിച്ച് ഭരണം പിടിക്കാന്‍ തന്നെ സഹായിച്ചത് കര്‍ഷകരില്‍ നിന്ന് ലഭിച്ച വലിയ പിന്തുണയാണെന്നാണ് മമത ബാനര്‍ജി വിശ്വസിക്കുന്നത്. പശ്ചിമബംഗാളിലെ സിംഗൂരില്‍ കര്‍ഷകരുടെ ഭൂമി ടാറ്റയ്ക്ക് വേണ്ടി ഏറ്റെടുത്ത ഇടതുമുന്നണി സര്‍ക്കാരിന്റെ തീരുമാനം സുപ്രീംകോടതി റദ്ദു ചെയ്തതിന്റെ രണ്ടാം വാര്‍ഷികമായിരുന്നു ഓഗസ്റ്റ് 31. ഇന്ത്യയിലെ കര്‍ഷകരുടെ വിജയമായിരുന്നു സിംഗൂരിലേത് എന്ന് കോടതിവിധിയുടെ രണ്ടാം വാര്‍ഷികത്തില്‍ മമത ബാനര്‍ജി ട്വിറ്ററില്‍ കുറിച്ചു.

കര്‍ഷക പ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള മമതയുടെ ട്വീറ്റുകള്‍ ഹിന്ദിയിലാണ്. കര്‍ഷക പ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ട് ദേശീയതലത്തില്‍ ഒരു വലിയ റാലി നടത്താനുള്ള ആലോചനയിലാണ് മമത ബാനര്‍ജി. റാലി എവിടെ വേണമെന്ന കാര്യത്തില്‍ അവസാന തീരുമാനമായിട്ടില്ല. ഡല്‍ഹിയില്‍ റാലി നടത്താനാണ് മമതയ്ക്ക് താല്പര്യമെന്നാണ് സൂചന. പശ്ചിമബംഗാളില്‍ തന്നെ സഹായിച്ച കര്‍ഷക വിഭാഗത്തിന് ദേശീയ തലത്തില്‍ തനിക്ക് കൂടുതല്‍ പിന്തുണ നല്‍കാന്‍ കഴിയുമെന്ന് മമത കരുതുന്നു. പശ്ചിമബംഗാളിലെ ഹിന്ദി സംസാരിക്കുന്ന ജനവിഭാഗങ്ങളെ അഭിസംബോധന ചെയ്യുന്ന് ഒരു റാലി സെപ്റ്റംബര്‍ 7 ന് കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നുണ്ട്. ഹിന്ദി സംസാരിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത ഉണ്ടാക്കാനാണ് മമതയുടെ ശ്രമം. 2019 ലെ തെരഞ്ഞെടുപ്പില്‍ ദേശീയ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മാറാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് മമതയുടെ റാലികള്‍.