ഭരണസ്തംഭനം ഉണ്ടാകുമെന്ന് ഹസ്സൻ ; ഇല്ലെന്ന് ജയരാജൻ

#

തിരുവനന്തപുരം (02.09.2018) : മുഖ്യമന്ത്രി ചികിത്സയ്ക്കും മന്ത്രിമാർ ഫണ്ടുപിരിക്കാനും വിദേശത്തുപോകുമ്പോൾ സംസ്ഥാനത്ത് ഭരണ സ്തംഭനം ഉണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസ്സൻ. മുഖ്യമന്ത്രി ചികിത്സയ്ക്ക് പോകുന്നത് ഒഴിവാക്കാനാകില്ലെന്ന് പറഞ്ഞാൽ മനസ്സിലാക്കാമെന്നും മന്ത്രിമാർ കൂട്ടത്തോടെ വിദേശത്തു പോകുന്നത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുമെന്നും ഹസ്സൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജില്ലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഒന്നിച്ച് വിദേശയാത്ര പോകുമ്പോൾ ജില്ലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആര് നേതൃത്വം നൽകുമെന്ന് ഹസ്സൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വിദേശ മലയാളികൾ കയ്യയച്ച് സംഭാവന നൽകുന്നുണ്ട്. അതൊക്കെ ഓൺലൈൻ വഴിയാണ്. ഇനിയും അങ്ങനെതന്നെ ചെയ്യാവുന്നതാണ്. അസമയത്തുള്ള വിദേശയാത്രയിൽ നിന്ന് മന്ത്രിമാർ പിന്മാറണമെന്ന് കെ.പി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു.

അതേ സമയം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ദിവസം വരെ നടന്നതുപോലെ തന്നെ ഇനിയും  നടക്കുമെന്ന്  മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. എല്ലാ ജില്ലകളിലും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകാൻ  മന്ത്രിമാരെ നിയോഗിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും അവര്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇ പി ജയരാജന്‍. മുഖ്യമന്ത്രി നിര്‍ദ്ദേശിച്ച എല്ലാ കാര്യങ്ങളും അതുപോലെ തന്നെ നടന്നുകൊണ്ടിരിക്കുകയാണ്.

കാര്‍ഷിക- വ്യാപാര മേഖലകളിലുണ്ടായ കനത്ത നഷ്ടം നികത്താന്‍ കേരളത്തിനകത്തും പുറത്തുമുള്ള മുഴുവന്‍ സഹായവും നേടാന്‍ ശ്രമിക്കുകയാണെന്ന് ജയരാജൻ പറഞ്ഞു. ലോകത്തെവിടെയുമുള്ള മലയാളികളില്‍ നിന്നും  സഹായം ലഭിക്കുന്നതിന് വിദേശത്തേക്ക് പോകുന്നതാണ് ഗുണകരം എന്നതുകൊണ്ടാണ് സഹായം തേടി മന്ത്രിമാര്‍ വിദേശത്തേക്ക് പോകാന്‍ തീരുമാനിച്ചത്. സെപ്റ്റംബര്‍ 10 മുതല്‍ 15 വരെ എല്ലാ മന്ത്രിമാരും ഓരോ ജില്ലകളിൽ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു.