കശുവണ്ടി വ്യവസായം പുനരുദ്ധരിച്ച് കേരളത്തെ പുനർനിർമ്മിക്കാം

#

(03.09.2018) : മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത തരത്തിലുള്ള പ്രകൃതിദുരന്തത്തെയാണ് കേരളം നേരിടുന്നത്. ലക്ഷക്കണക്കിന് ആളുകൾക്ക് വീടും കൃഷിസ്ഥലങ്ങളും ജീവനോപാധികളും നഷ്ടപ്പെട്ടു. പ്രളയബാധിത പ്രദേശങ്ങൾ പ്രളയത്തിൻറെ കെടുതികളിൽ നിന്ന് കരകയറിയിട്ടില്ല. കിടപ്പാടവും ജീവനോപാധികളും നഷ്ടപ്പെട്ട ആളുകൾ ജീവിതം ഇനി എങ്ങനെ മുന്നോട്ടു കൊണ്ടു പോകും എന്ന പരിഭ്രാന്തിയിലാണ്. ഇത്രയും അധികം ആളുകളെ പുനരധിവസിപ്പിക്കുക എന്ന ഭീമമായ ഉത്തരവാദിത്വമാണ് സർക്കാരിന് മുമ്പിലുള്ളത്.

ഭാവിയിൽ ഉയർന്നു വന്നേക്കാവുന്ന ഭീഷണി കൂടി കണക്കിലെടുത്ത് ധാരാളം പേരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കേണ്ടതുണ്ട്. പരിസ്ഥിതിലോല മേഖലകളിൽ താമസിക്കുന്നവർക്ക്  മാറാതെ മാർഗ്ഗമില്ല. മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കുന്നവർക്ക് തൊഴിൽ കണ്ടെത്തുക വലിയ വെല്ലുവിളിയാണ്. ഇവിടെയാണ് കശുവണ്ടി മേഖലയുടെ പ്രാധാന്യം.

സാങ്കേതിക വൈദഗ്ദ്ധ്യമില്ലാത്ത ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നല്കാൻ കശുവണ്ടി മേഖലയ്ക്ക് കഴിയും. കടലോര പ്രദേശങ്ങൾ മാറ്റി നിർത്തിയാൽ തിരുവനന്തപുരം, കൊല്ലം ജില്ലകൾ പൊതുവേ പ്രകൃതി ദുരന്തങ്ങൾ കാര്യമായി ബാധിക്കാത്ത സ്ഥലങ്ങളാണ്. കൊല്ലം ജില്ലയിൽ നൂറുകണക്കിന് കശുവണ്ടി ഫാക്ടറികളാണ് അടഞ്ഞു കിടക്കുന്നത്. കശുവണ്ടി വ്യവസായത്തിന്റെ ഈറ്റില്ലമായ കൊല്ലത്ത് ഈ വ്യവസായം പുനരുദ്ധരിച്ച് ഫാക്ടറികൾ തുറന്നു പ്രവർത്തിപ്പിച്ചാൽ ലക്ഷക്കണക്കിന് ആളുകൾക്കാണ് പുതുതായി തൊഴിൽ കണ്ടെത്താൻ കഴിയുക. അതു സാധിക്കണമെങ്കിൽ കശുവണ്ടി വ്യവസായത്തിന്റെ പുനരുദ്ധാരണം നവകേരള നിർമ്മാണത്തിന്റെ ഭാഗമായ മുഖ്യ പദ്ധതികളിൽ ഒന്നാകണം.

കേരളത്തിന് ഏറ്റവും അധികം വിദേശനാണ്യം നേടിത്തന്നു കൊണ്ടിരുന്ന കശുവണ്ടി വ്യവസായം പുനരുദ്ധരിക്കുന്നതുവഴി സാമ്പത്തിക രംഗത്തു വലിയ കുതിച്ചു ചാട്ടത്തിന് വഴിയൊരുങ്ങും. പ്രളയക്കെടുതി മൂലം തകർന്ന സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ ശക്തിപ്പെടുത്താനും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനുമുള്ള ഏറ്റവും നല്ല മാർഗ്ഗമെന്ന നിലയിൽ നവകേരള നിർമ്മാണത്തിൽ മുന്തിയ പരിഗണന കശുവണ്ടി വ്യവസായത്തിന്റെ പുനരുദ്ധാരണത്തിന് നല്കണം. കേരളത്തിന്റെ പാരിസ്ഥിതിക സവിശേഷതകൾ മൂലം വൻകിട വ്യവസായങ്ങൾ ആരംഭിക്കാനുള്ള സാധ്യതയില്ലെന്ന് തന്നെ പറയാം. പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കാതെ ഏറ്റവും അധികം ആളുകൾക്ക് തൊഴിൽ നൽകാൻ കഴിയുന്നതാണ് പാരമ്പരാഗത വ്യവസായമായ കശുവണ്ടി മേഖല.

സർക്കാർ ഈ അവസരം പ്രയോജനപ്പെടുത്തി കശുവണ്ടി മേഖല ഇപ്പോൾ പുനരുജ്ജീവിപ്പിക്കാൻ മുൻകൈയെടുത്താൽ ലക്ഷക്കണക്കിന് ജനങ്ങൾക്ക് തൊഴിലവസരം ലഭ്യമാക്കാൻ അത് സഹായകമാകുകയും കേരളത്തിന്റെ വികസന രംഗത്ത് മുന്നോട്ടു വലിയൊരു ചുവടുവയ്പ് നടത്താൻ കഴിയുകയും ചെയ്യും. സാമ്പത്തിക രംഗത്ത് പ്രകൃതിദുരന്തം സൃഷ്ടിച്ച തിരിച്ചടിയെ ഫലപ്രദമായി നേരിടാനുള്ള മാർഗ്ഗമെന്ന നിലയിൽ  ഈ നിർദ്ദേശം അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കാൻ അധികൃതരും ആസൂത്രണ രംഗത്തെ വിദഗ്ധരും മുൻകയ്യെടുക്കണം. സംസ്ഥാനത്തിന്റെ വരുമാനത്തിലും തൊഴിൽ സാധ്യതയിലും വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കാൻ കഴിയുന്ന കശുവണ്ടി വ്യവസായത്തിന്റെ പുനരുദ്ധാരണത്തിനു വേണ്ടിയുള്ള ചർച്ചകൾ നവകേരള നിർമ്മാണത്തിനു വേണ്ടിയുള്ള ആലോചനകളുടെ ഭാഗമായി ഉടൻ ആരംഭിക്കേണ്ടതുണ്ട്.

കേരളത്തിലെ കശുവണ്ടി വ്യവസായം ഇന്ന് നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് റീഹാബിലിറ്റേഷൻ പാക്കേജ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്  തൊഴിലാളികളും വ്യവസായികളും സെപ്റ്റംബർ പത്താം തീയതി സെക്രട്ടറിയേറ്റിനുമുന്നിൽ സത്യാഗ്രഹത്തിന് തയ്യാറെടുക്കുകയാണ്. കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ചർച്ചകളെ നവകേരള നിർമ്മാണത്തിനു വേണ്ടിയുള്ള ആലോചനകളുമായി കൂട്ടിയിണക്കാൻ കഴിഞ്ഞാൽ അത്ഭുതകമായ മാറ്റം സൃഷ്ടിക്കാൻ കഴിയും. പ്രകൃതിദുരന്തം സൃഷ്ടിച്ച തകർച്ചയിൽ നിന്ന് മുന്നേറാനുള്ള ഏറ്റവും പ്രായോഗികമായ പദ്ധതി എന്ന നിലയിൽ നവകേരള നിർമ്മാണത്തിന്റെ അവിഭാജ്യ ഘടകമായി കശുവണ്ടി വ്യവസായത്തിന്റെ പുനരുദ്ധാരണത്തെ മാറ്റാൻ അധികൃതർക്ക് കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു.