പരാതി ലഭിച്ചെന്ന് യെച്ചൂരി ; ഇല്ലെന്ന് ജില്ലാക്കമ്മിറ്റി

#

തിരുവനന്തപുരം (04-09-18) : ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ.ശശിക്ക് എതിരേ ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതി ലഭിച്ചെന്ന വാര്‍ത്ത സി.പി.ഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സ്ഥിരീകരിച്ചു. പരാതി ലഭിച്ചിട്ടുണ്ടെന്ന് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം നല്‍കിയ യെച്ചൂരി ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. അതേസമയം ഇങ്ങനെ ഒരു പരാതിയെക്കുറിച്ച് അറയില്ലെന്നാണ് പോളിറ്റ്ബ്യൂറോ  അംഗവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട് പറഞ്ഞത്.

പി.കെ.ശശിക്കെതിരേ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് പാര്‍ട്ടി ജില്ലാക്കമ്മിറ്റിക്ക് പരാതി നല്‍കിയിട്ടില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രന്‍ പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലഭിച്ചിട്ടില്ലാത്ത ഒരു പരാതിയെക്കുറിച്ച് പ്രതികരിക്കാനാവില്ല. ഇന്ന് പതിവ് ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് ചേരുന്നതെന്നും ഈ പ്രശ്‌നം ചര്‍ച്ച ചെയ്യില്ലെന്നും രാജേന്ദ്രന്‍ പറഞ്ഞു. ഇങ്ങനെ ഒരു പരാതിയെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ എ.കെ.ബാലന്‍ തിരുവനന്തപുരത്ത് പറഞ്ഞു.