മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റിലായ വിദ്യാർത്ഥിനിക്ക് ജാമ്യം

#

ചെന്നൈ (04-09-18) : വിമാനത്തിൽവച്ച് ബിജെപിക്ക് എതിരെ മുദ്രാവാക്യം വിളിച്ചതിന് തുത്തുക്കുടി  വിമാനത്താവളത്തിൽവച്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കപ്പെട്ട ലോയിസ് സോഫിയ എന്ന വിദ്യാർത്ഥിനിക്ക് ജാമ്യം. വിമാനത്തിൽ ഒപ്പം സഞ്ചരിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷ തമിഴിസെയ് സൗന്ദരരാജന്റെ പരാതിയിലായിരുന്നു അറസ്റ്റ്.  തന്റെ മുഖത്തുനോക്കി " ഫാസിസ്റ്റ് ബിജെപി തുലയട്ടെ " എന്ന് മുദ്രാവാക്യം വിളിച്ചു എന്നായിരുന്നു തമിഴിസെയ് സൗന്ദരരാജന്റെ പരാതി.

പുതുക്കോട്ടയ് പൊലീസ് സ്റ്റേഷനില്‍  ബിജെപി സംസ്ഥാന അദ്ധ്യക്ഷ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമം 290, 505, 75(1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് സോഫിയയ്‌ക്ക് എതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത്. ക്യാനഡയിലെ മോൺട്രിയൽ സർവ്വകലാശാലയിൽ ഫിസിക്സിൽ ഗവേഷണ വിദ്യാര്‍ത്ഥിനിയാണ്  തൂത്തുക്കുടി സ്വദേശിയായ ലോയിസ് സോഫിയ. വിമാനത്തില്‍ തമിഴിസെയ്ക്കു തൊട്ടുപിന്നിലെ സീറ്റിലാണു സോഫിയ ഇരുന്നത്. യാത്രയ്ക്കിടെ സോഫിയ ബിജെപിക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും സംസാരിച്ചുവെന്നും വിമാനത്തില്‍ നിന്നിറങ്ങിയപ്പോള്‍  തന്റെ മുഖത്ത് നോക്കി ബി.ജെ.പി വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നും തമിഴിസെയ് സൗന്ദരരാജൻ പറഞ്ഞു.

15 ദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ട സോഫിയയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ജാമ്യം ലഭിച്ച സോഫിയ തോതുക്കുടിയിലെ വീട്ടിലേക്ക് പോയി. സോഫിയയെ മോശം  ഭാഷയില്‍ ആക്ഷേപിച്ചു എന്നാരോപിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷയ്ക്ക് എതിരെ  സോഫിയയുടെ പിതാവ് പുതുക്കോട്ടയ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും നടപടി  സ്വീകരിക്കാൻ പോലീസ് തയ്യാറായില്ല. സംഭവത്തിത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ബിജെപിയെ ഫാസിസ്റ്റ് എന്നു വിളിക്കുന്നവരെ അറസ്റ്റ് ചെയ്യാനാണ് തീരുമാനമെങ്കില്‍ തന്നെയും അറസ്റ്റ് ചെയ്യണമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.