പെട്രോൾ വില ലിറ്ററിന് 100 ആകും : കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് ചന്ദ്രബാബു നായിഡു

#

ന്യൂഡല്‍ഹി(04-09-18) : ഇന്ധന വില വർധനയിലും രൂപയുടെ തകർച്ചയിലും കേന്ദ്രസർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി തെലുങ്കുദേശം പാര്‍ട്ടി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡു.

രൂപയുടെ മൂല്യം നാൾക്കുനാൾ തകരുകയാണ്. രൂപയുടെ മൂല്യം ഇടിഞ്ഞ് 100 ല്‍ എത്തിയാലും അത്ഭുതപ്പെടാനില്ല .  പെട്രോളിന്റേയും ഡീസലിന്റേയും വില നിമിഷം തോറും കുതിച്ചുയരുകയാണ്. ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കാന്‍ 100 രൂപ കൊടുക്കേണ്ട അവസ്ഥ ഒട്ടും വൈകാതെ തന്നെ ഉണ്ടാകും.ഡോളര്‍ കൊടുത്ത് പെട്രോള്‍ വാങ്ങേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്. രണ്ട് വര്‍ഷം കൊണ്ട് രാജ്യത്തിന്റെ സാമ്പത്തിക രംഗം അപ്പാടെ തകര്‍ന്നു. വളര്‍ച്ചാ നിരക്കും കുത്തനെ ഇടിഞ്ഞു. രാജ്യത്ത് സാമ്പത്തിക അച്ചടക്കം ഇല്ലാതായി കഴിഞ്ഞു. മോദി നയിക്കുന്ന കേന്ദ്രസർക്കാർ നമ്മെ എങ്ങോട്ടാണ് നയിക്കുന്നത്. തുടങ്ങി കേന്ദ്രസർക്കാരിനെതിരെ അതി രൂക്ഷമായ ആക്രമണമാണ് ചന്ദ്രബാബു നായിഡു നടത്തിയിരിക്കുന്നത്.

നോട്ട് നിരോധനം നടപ്പാക്കിയതിലൂടെ കേന്ദ്രം എന്താണ് നേടിയത്? എന്നും ചന്ദ്രബാബു നായിഡു ചോദിച്ചു.  നിരോധനത്തിന്റെ പേരില്‍ രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കേണ്ടി വന്ന ദുരിതം ചില്ലറയല്ല. നോട്ടുവിനിമയത്തിൽ കുറവ് വന്നതുമൂലം  ഇപ്പോഴും പലര്‍ക്കും എ.ടി.എമ്മുകളില്‍ നിന്നും പണം ലഭിക്കുന്നില്ല. ഡിജിറ്റൽ ഇക്കോണമി കൺവീനർ എന്ന നിലയിൽ 200,100 രൂപാ നോട്ടുകൾ കൂടുതൽ വിനിമയത്തിൽ എത്തിക്കണമെന്ന തന്റെ ആവശ്യവും കേന്ദ്രം പരിഗണിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു.

എന്‍.ഡി.എ മുന്നണിയുടെ ഭാഗമായിരുന്ന തെലുങ്കുദേശം പാര്‍ട്ടി ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാതിരുന്ന കേന്ദ്രനടപടിയില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പി വിട്ടത്. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കില്ലെന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രസ്താവനയെ തുടര്‍ന്നായിരുന്നു ടി.ഡി.പി എന്‍.ഡി.എ ബന്ധം കൂടുതല്‍ വഷളായത്.