പ്രളയക്കെടുതി : തെറ്റായ റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി

#

മലപ്പുറം (04-09-18) : കാലവർഷക്കെടുതിയിൽ വീടുകൾക്ക് ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായെന്നു തെറ്റായ റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടിയെടുത്തു. വീടിനു സമീപത്ത് മണ്ണിടിഞ്ഞു വീണെങ്കിലും പതിനായിരം രൂപയുടെ പോലും നഷ്ടമുണ്ടാകാത്തവര്‍ക്കു അഞ്ച് ലക്ഷത്തിലധികം രൂപ നഷ്ടപരിഹാരത്തിന് ശുപാര്‍ശ നല്‍കിയത് വിവാദമായതോടെയാണ് സര്‍ക്കാര്‍ നടപടി. തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലെ അസി.എഞ്ചിനീയറായ   കെ.ടി അലി ഫൈസൽ ദിവസ വേതന അടിസ്ഥാനത്തില്‍ ഓവര്‍സിയറായി ജോസി ചെയ്യുന്ന എ.സതീഷ് എന്നിവർക്കെതിരെയാണ് നടപടി.

തൃക്കലങ്ങോട് ഒരു വീടിനു പിന്നില്‍ മണ്ണിടിച്ചിലുണ്ടായെങ്കിലും മുറ്റത്തു മാത്രമേ മണ്ണു വീണുള്ളൂ. ഒന്‍പതു കിടപ്പുമുറികളും 11 എസിയുമുള്ള ഈ വീടിന്റെ അറ്റകുറ്റപ്പണിക്കു പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ കണക്കാക്കിയത് 5,79, 225 രൂപയായിരുന്നു. വീടിനു പിന്നില്‍ വലിയ ഭിത്തി നിര്‍മ്മിക്കാനാണ് 5,40,000 രൂപ ശുപാര്‍ശ ചെയ്തത്. അയല്‍പക്കത്തെ വീട്ടിലും കെട്ടിടത്തിന്റെ തറയിലേക്കോ ചുമരിലേക്കോ മണ്ണിടിഞ്ഞിട്ടില്ല. പക്ഷേ ഈ കുടുംബത്തിന് 3,86,150 രൂപ നഷ്ടം കൊടുക്കണമെന്നും ശുപാര്‍ശ ചെയ്തു. തൊട്ടപ്പുറത്തുള്ള മറ്റൊരു വീടിനടുത്തു വരെ മണ്ണു വീണെങ്കിലും കേടുപാടില്ല.  മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചോ തൊഴിലാളികളെ നിർത്തിയോ മണ്ണ് നീക്കം ചെയ്താൽ 10000 രൂപ മാത്രം ചെലവ് വരുന്ന സ്ഥാനത്താണ് സ്വന്തക്കാർക്കായി ഉദ്യോഗസ്ഥൻ നഷ്ടം പെരുപ്പിച്ചു കാണിച്ചിരിക്കുന്നത്.

സംഭവം വിവാദമായതോടെ ജില്ലാ കളക്ടർ അന്വേഷിക്കുകയും നടപടിക്ക് ശുപാർശ ചെയ്യുകയുമായിരുന്നു. കെ.ടി അലി ഫൈസലിനെ  അന്വേഷണ വിധേയമായി സസ്‌പെന്റ്  ചെയ്യാനും, ദിവസ വേതന അടിസ്ഥാനത്തില്‍ ഓവര്‍സിയറായി ജോസി ചെയ്യുന്ന എ.സതീഷിനെ ഉടനെ പിരിച്ചു വിടാനും തദ്ദേശസ്വയംഭരണസ്ഥാപനവകുപ്പ് മന്ത്രി എ.സി.മൊയ്തീനാണ് നിര്‍ദേശിച്ചത്. കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഉത്തരവിറക്കിയത് .