പ്രളയക്കെടുതി : ചലച്ചിത്രമേളയും സ്കൂൾ കലോത്സവവും റദ്ദാക്കി

#

തിരുവനന്തപുരം (04-09-18) : പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ സർക്കാരിന്റെ എല്ലാ ആഘോഷ പരിപാടികളും ഒരു വർഷത്തേക്ക് ഒഴിവാക്കിക്കൊണ്ട് പൊതുഭരണവകുപ്പ് ഉത്തരവിറക്കി. അന്താരാഷ്ട്ര ചലച്ചിത്രോത്സവം, സംസ്ഥാന സ്കൂൾ കലോത്സവം, സർവ്വകലാശാല യുവജനോത്സവങ്ങൾ തൂടങ്ങി ടൂറിസം വകുപ്പിന്റേത് ഉൾപ്പെടെ എല്ലാ വകുപ്പുകളുടെയും ആഘോഷങ്ങളും ഒഴിവാക്കിയതായാണ് ഉത്തരവിൽ പറയുന്നത്. ഈ ആഘോഷങ്ങൾക്കായി മാറ്റിവച്ചിട്ടുള്ള തുക ദുരിതാശ്വാസ നിധിയിലേക്ക് നല്കാൻ വകുപ്പ് മേധാവികൾക്ക് നിർദ്ദേശം നൽകി.

അമേരിക്കയിലേക്കു പോകുന്നതിനു മുൻപ് മുഖ്യമന്ത്രി നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള ഈ നടപടി ബന്ധപ്പെട്ട വകുപ്പു മന്ത്രിമാർ അറിഞ്ഞത് ഇന്ന് ഉത്തരവ് ഇറങ്ങിയപ്പോൾ മാത്രമാണ്. രാജ്യാന്തര ചലച്ചിത്രോത്സവ നടത്തിപ്പു സംബന്ധിച്ചു മന്ത്രി എ.കെ.ബാലൻ ഇന്നു ചലച്ചിത്ര അക്കാഡമി ഭാരവാഹികളുമായി ചർച്ച നടത്താനിരിക്കെയാണ് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതു പോലെ സംസ്ഥാന സ്കൂൾ കലോത്സവം മാറ്റി വയ്ക്കാൻ വിദ്യാഭ്യാസ വകുപ്പു തീരുമാനിച്ചിട്ടില്ലെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടർ ഇന്നു രാവിലെ വിശദീകരണക്കുറിപ്പ് ഇറക്കിയിരുന്നു.

ആലപ്പുഴയിലാണ് ഇത്തവണ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ അഞ്ചു മുതല്‍ ഒമ്പതുവരെ നടത്താന്‍ നിശ്ചയിച്ചിരുന്നത്. അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബർ 7 മുതൽ 14 വരെ തിരുവനന്തപുരത്ത് നടക്കേണ്ടതായിരുന്നു.