പ്രളയം ഡാം തുറന്നതുമൂലം തന്നെ : മുന്‍ ജലവിഭവ മന്ത്രിമാര്‍

#

തിരുവനന്തപുരം (04-09-18) : ഡാം മാനേജ്‌മെന്റില്‍ സംഭവിച്ച ഗുരുതരമായ പിഴവാണ് സംസ്ഥാനത്ത് പ്രളയത്തിനിടയാക്കിയതെന്ന് മുന്‍ ജലവിഭവമന്ത്രിമാരായ എന്‍.കെ.പ്രേമചന്ദ്രന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.ജെ.ജോസഫ് എന്നിവര്‍ ആരോപിച്ചു. തിരുവനന്തപുരത്ത് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് യു.ഡി.എഫ് നേതാക്കളായ മുന്‍മന്ത്രിമാര്‍ ഈ ആരോപണം ഉന്നയിച്ചത്.

കൊല്ലം ജില്ലയെ പ്രളയം ബാധിക്കാതിരുന്നത് ജില്ലാഭരണകൂടം മുന്നൊരുക്കം നടത്തിയതുകൊണ്ടാണെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു. ജൂലൈ അവസാനം മഴ കനത്തപ്പോള്‍ തെന്മല ഡാം തുറന്നുവിട്ട് ജലനിരപ്പ് നിയന്ത്രിച്ചതുകൊണ്ടാണ് കല്ലടയാറില്‍ വെള്ളപ്പൊക്കം ഉണ്ടാകാതിരുന്നത്. അക്കാര്യത്തില്‍ കൊല്ലംജില്ലാ ഭരണകൂടത്തെ പ്രേമചന്ദ്രന്‍ അഭിനന്ദിച്ചു.

ഓഗസ്റ്റ് 14 ന് അതിശക്തമയ മഴ പെയ്തപ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ പത്തനംതിട്ട ഉള്‍പ്പെട്ടിരുന്നില്ലെന്ന് മുന്‍മന്ത്രിമാര്‍ ഓര്‍മ്മിപ്പിച്ചു. പമ്പ, കക്കി, അട്ടത്തോട് ഡാമുകള്‍ മുന്നറിയിപ്പില്ലാതെയാണ് തുറന്നുവിട്ടത്. അതോടെ പമ്പാനദിയില്‍ 40 അടിവരെ ജലനിരപ്പ് ഉയര്‍ന്നതുകൊണ്ടാണ് ചെങ്ങന്നൂരും റാന്നിയും വെള്ളത്തിനടിയിലായതെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു. പമ്പയുടെ കൈവഴി അച്ചന്‍കോവിലിലേക്കും മണിമലയാറിലേക്കുമുണ്ട്. ആ പുഴകളില്‍ ഡാമുള്ളതുകൊണ്ടാണോ അവിടെ വെള്ളപ്പൊക്കമുണ്ടായതെന്ന് ചോദിച്ച മുഖ്യമന്ത്രി ഇതോര്‍ക്കണം. പ്രളയത്തിന്റെ കാരണങ്ങളെക്കുറിച്ച് സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് മുന്‍മന്ത്രിമാര്‍ ആവശ്യപ്പെട്ടു.