മനേക ഗാന്ധിക്ക് മറുപടിയുമായി കെ.റ്റി ജലീല്‍

#

തിരുവനന്തപുരം : തെരുവ്‌നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ച മനേക ഗാന്ധിക്ക് മറുപടിയുമായി തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി കെ.റ്റി.ജലീല്‍. ഡല്‍ഹിയിലിരിക്കുന്ന അവര്‍ക്ക് എന്തും പറയാമെന്നും കേരളത്തിന്റെ സ്ഥിതി അവര്‍ക്കറിയില്ലെന്നുമാണ് മന്ത്രി പ്രതികരിച്ചത്. നായ്ക്കളെ കൊല്ലുന്നവര്‍ ക്രിമിനലുകളാണെന്നും അവരെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യണമെന്നുമായിരുന്നു മനേക അറിയിച്ചത്. ഇതിനെതിരെ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു കൊണ്ടു തന്നെയായിരുന്നു ജലീലിന്റെ പ്രതികരണം. സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷയാണ് സര്‍ക്കാരിന്റെ മുഖ്യ ഉത്തരവാദിത്വമെന്നും അത് സര്‍ക്കാര്‍ നിറവേറ്റുമെന്നും മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം അറിയിച്ചു. മനേക പറയുന്നത് പോലെ ഇവിടെ നായ്ക്കളെ വ്യാപകമായി കൊന്നൊടുക്കുന്നില്ല. അപകടകാരികളായ ജീവികള്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികള്‍ക്കെതിരെ നിലവില്‍ നിയമങ്ങളുണ്ട്. ആ നിയമം അനുസരിച്ച് മാത്രമെ മുന്നോട്ട് പോവുകയുള്ളു.അത്തരം നിയമങ്ങള്‍ മറികടക്കാന്‍ സംസ്ഥാന മന്ത്രിമാര്‍ക്കോ കേന്ദ്ര മന്ത്രിമാര്‍ക്കോ അധികാരമില്ലെന്നും അദ്ദേഹം അറിയിച്ചു.

തെരുവ് നായ മുക്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിനായ് ഇത്തരത്തിലുള്ള നായ്ക്കളെ വന്ധ്യംകരണം നടത്തി പുനരധിവസിപ്പിക്കുന്നതിനായി ബ്ലോക്ക്-ജില്ലാ അടിസ്ഥാനത്തില്‍ ഡോഗ് പാര്‍ക്കുകള്‍ സ്ഥാപിക്കും. വളര്‍ത്തു പട്ടികള്‍ക്കടക്കം ലൈസന്‍സ് നിര്‍ബന്ധമാക്കാനുള്ള നടപടികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുമെന്നും ജലീല്‍ അറിയിച്ചിട്ടുണ്ട്.