തെരുവ്നായ ആക്രമണം ഒരു മരണം കൂടി

#

വർക്കല : തെരുവ്നായ ആക്രമണത്തിൽ സംസ്ഥാനത്ത് ഒരു മരണം കൂടി. ഇന്ന് പുലർച്ചെ തെരുവ്നായയുടെ ആക്രമണത്തിൽ പരിക്കേറ്റ വൃദ്ധൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരണമടഞ്ഞു. വർക്കല മുണ്ടയിൽ ചരുവിള വീട്ടിൽ രാഘവനാണ് മരിച്ചത്. പുലർച്ചെ കടത്തിണ്ണയിൽ കിടന്ന് ഉറങ്ങുകയായിരുന്ന രാഘവനെ അഞ്ചു തെരുവ് നായകൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. നായകളുടെ ആക്രമണത്തിൽ വൃദ്ധൻറെ തലയിലും കൈകാലുകളിലും ഗുരുതരമായ പരിക്കേല്ക്കുകയുണ്ടായി. വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ച രാഘവൻറെ നില മോശമായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നായകളുടെ ആക്രമണത്തെ തുടർന്ന് ശരീരത്തിൽ നിന്ന് ധാരാളം രക്തം നഷ്ടപ്പെട്ടിരുന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച വൃദ്ധന് ഉച്ചയോടെ ഹൃദയസ്തഭനം ഉണ്ടാകുകയും മരണമടയുകയുമായിരുന്നു. സംസ്ഥാനത്ത് തെരുവ് നായകളുടെ ആക്രമണം വർധിച്ചു വരികയാണ്. രണ്ട് മാസം മുൻപ് തിരുവനന്തപുരത്ത് സമാനരീതിയിൽ തെരുവ്നായ ആക്രമണത്തിൽ ഒരു സ്ത്രീ മരണമടഞ്ഞിരുന്നു.