ഇത് എന്ത് എസ്.എഫ്.ഐ ?

#

(04-02-17) : (അടിയന്തരാവസ്ഥക്കാലത്ത് ലോ അക്കാഡമി ലോ കോളേജ് യൂണിയൻ ചെയർമാൻ ആയിരുന്ന ആർ.മുരളീധരൻ എഴുതുന്നു)

എസ്.എഫ്.ഐയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായും പ്രസിഡന്റായും പ്രവര്‍ത്തിച്ചതിനു ശേഷമാണ് 1974 ല്‍ ലോ അക്കാഡമിയില്‍ ഞാന്‍ ത്രിവത്സര എല്‍.എല്‍.ബിക്ക് ചേരുന്നത്. എസ്.എഫ്.ഐയുടെ സംസ്ഥാനക്കമ്മിറ്റിയിലും അംഗമായിരുന്നു. മിക്ക കോളേജുകളിലും കെ.എസ്.യുവിന്റെ ആധിപത്യമുള്ള കാലം. പത്തനംതിട്ട ജില്ല രൂപീകരിക്കുന്നതിനു മുമ്പുള്ള വിശാലമായ ആലപ്പുഴ ജില്ലയിലെ എസ്.എഫ്.ഐയുടെ സംഘടനാ പ്രവര്‍ത്തനം കടുത്ത വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷട്രീയത്തിന് വലിയ പിന്‍ബലമുള്ള മേഖലകളില്‍ ശക്തമായ എതിര്‍പ്പുകളെ നേരിട്ടുകൊണ്ടാണ് എസ്.എഫ്.ഐ പ്രവര്‍ത്തിച്ചത്. ഗൗരിയമ്മയും വി.എസ്സും പി.കെ.ചന്ദ്രാനന്ദനും സി.ബി.സി വാര്യരുമെല്ലാം ആലപ്പുഴയിലെ സി.പി.എം രാഷട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്ന കാലം. ചന്ദ്രാനന്ദനാണ് ജില്ലാ സെക്രട്ടറി. വിശ്രമമില്ലാത്ത സംഘടനാ പ്രവര്‍ത്തനത്തിന് അല്പം അവധി നല്‍കി പഠിത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാമെന്ന് കരുതിയാണ് ലോ അക്കാഡമിയില്‍ ചേര്‍ന്നത്. മറിച്ചാണ് സംഭവിച്ചത്.

ലോ അക്കാഡമിയിൽ ചേർന്നതോടെ അക്കാഡമി യൂണിറ്റിൽ മാത്രമായി ഒതുങ്ങി എന്റെ പ്രവർത്തനം. ലോ അക്കാഡമിയിലും കെ.എസ്.യുവിന് തന്നെയായിരുന്നു ആധിപത്യം. അത് പൊളിക്കണമെന്നും ലോ അക്കാഡമിയില്‍ എസ്.എഫ്.ഐയ്ക്ക് ഉറച്ച അടിത്തറ ഉണ്ടാക്കണമെന്നും ഞങ്ങള്‍ തീരുമാനിച്ചു. എം.വിജയകുമാറും തോമസ് എബ്രഹാമും മറ്റും അന്ന് അവിടെ വിദ്യാര്‍ത്ഥികളാണ്. ഏജീസ് ഓഫീസിൽ നിന്ന് എം.സുകുമാരനോടും മറ്റും ഒപ്പം പിരിച്ചുവിടപ്പെട്ട ഗിരീശൻ നായർ, പിന്നീട് വനം വികസന കോർപ്പറേഷൻ ചെയർമാനായിരുന്ന എം.മനോഹരൻ, ഇ.ബാലാനന്ദന്റെ ബന്ധുവായിരുന്ന മോഹൻ തുടങ്ങിയവരൊക്കെ എസ്.എഫ്.ഐയുടെ സജീവ പ്രവർത്തകരായിരുന്നു. പ്രിന്‍സിപ്പല്‍ നാരായണന്‍നായര്‍ സാര്‍ എല്ലാവരോടും നല്ല സൗഹൃദം പുലര്‍ത്തും. സ്വന്തം താല്പര്യങ്ങള്‍ക്ക് വേണ്ടിയുള്ള രാഷ്ട്രീയമാണ് അദ്ദേഹത്തിന്. എസ്.എഫ്.ഐക്കാരോടാണ് തനിക്ക് ആഭിമുഖ്യമെന്ന രീതിയില്‍ ഞങ്ങളോട് പെരുമാറും. ഓരോ സംഘടനയെയും കയ്യിലെടുക്കുന്ന തരത്തിലാണ് ഓരോരുത്തരോടുമുള്ള പെരുമാറ്റം.

ശക്തമായ ആശയസമരങ്ങള്‍ അഴിച്ചുവിടാന്‍ എസ്.എഫ്.ഐയ്ക്ക് കഴിഞ്ഞു. കേന്ദ്രത്തില്‍ ഇന്ദിരാഗാന്ധിയുടെയും സംസ്ഥാനത്ത് അച്ചുതമേനോന്റെയും ഭരണം. പുറത്ത് റെയില്‍വേ സമരവും അദ്ധ്യാപക-എന്‍.ജി.ഒ സമരവുമൊക്കെ സൃഷ്ടിച്ച തീക്ഷ്ണമായ പോരാട്ടങ്ങളുടെ വീറ് ക്യാമ്പസില്‍ പ്രതിഫലിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളുള്ളപ്പോഴും വ്യത്യസ്ത വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ തമ്മില്‍ പരസ്പര സൗഹൃദവും ബഹുമാനവും നിലനിന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. ഓര്‍ക്കുമ്പോള്‍ കൗതുകം തോന്നുന്നു. അന്ന് സംവാദങ്ങളില്‍ എ.ഐ.എസ്.എഫിനു വേണ്ടി ഞങ്ങളോട് വീറോടെ ഏറ്റുമുട്ടിയിരുന്ന കെ.എന്‍.അബ്ദുള്‍ ഖാദര്‍ ഇന്ന് മുസ്ലീംലീഗിന്റെ പ്രമുഖ നേതാവണ്. എസ്.എഫ്.ഐയില്‍ എന്റെ സഹപ്രവര്‍ത്തകനായിരുന്ന രഘുചന്ദ്രബാല്‍ കോണ്‍ഗ്രസില്‍. കെ.എസ്.യുവിന്റെ സംസ്ഥാന നേതാവായിരുന്ന ചെറിയാന്‍ ഫിലിപ്പ് ഇടതു സഹയാത്രികന്‍.

1975 ജൂണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ കോളേജ് യൂണിയന്‍ പ്രവര്‍ത്തനം നിലച്ചു. അടിയന്തരാവസ്ഥയ്ക്ക് അയവു വരുത്തിയ അവസാന നാളുകളിലാണ് പിന്നീട് കോളേജ് യൂണിയനിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്തു വില കൊടുത്തും കെ.എസ്.യുവിനെ ഒറ്റപ്പെടുത്തുമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. എ.ഐ.എസ്.എഫുമായും കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ കെ.എസ്.സി യുമായും മുന്നണിയുണ്ടാക്കിയാണ് എസ്.എഫ്.ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആ തെരഞ്ഞെടുപ്പില്‍ ഞാന്‍ കോളേജ് യൂണിന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥയുടെ അവസാന ദിനങ്ങള്‍. ലോകത്തെങ്ങുമുള്ള വിമോചനപ്പോരാട്ടങ്ങളുടെ പ്രതിധ്വനി ക്യാമ്പസിനുള്ളില്‍ സൃഷ്ടിക്കുന്ന തരത്തിലായിരുന്നു കോളേജ് യൂണിയന്റെ പ്രവര്‍ത്തനം. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും അര്‍ത്ഥവും മൂല്യവും അറിഞ്ഞ ദിവസങ്ങള്‍. ക്ലാസ് മുറിയില്‍ സംസാരിക്കുമ്പോഴും ഓരോ വിദ്യാര്‍ത്ഥിയോടും സ്വകാര്യമായി സംസാരിക്കുമ്പോഴുമെല്ലാം നാട്ടിലെ രാഷ്ട്രീയമായിരുന്നു വിഷയം. കെ.എസ്.യുവിനെതിരേ അന്ന് എതിര്‍പക്ഷത്തുള്ളവരുമായി സഖ്യമുണ്ടാക്കുമ്പോള്‍ വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. അത് വിദ്യാര്‍ത്ഥികളെ പറഞ്ഞു മനസ്സിലാക്കാന്‍ കഴിയുകയും ചെയ്തു. മുഖ്യശത്രുവാരെന്നും മിത്രങ്ങളാരെന്നും തിരിച്ചറിയുക, ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രാഥമിക പാഠങ്ങളിലൊന്നാണ്. അടിയന്തരാവസ്ഥയില്‍ ഓരോ നിമിഷവും രഹസ്യപ്പോലീസിന്റെ നിരീക്ഷണത്തില്‍ സംഘടനാ പ്രവര്‍ത്തനം നടത്തുമ്പോഴും അന്നത്തെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍, പ്രശ്‌നങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുകയോ ശത്രുക്കളുടെ മുന്നില്‍ മുട്ടുമടക്കുകയോ ചെയ്തിരുന്നില്ല.

പ്രക്ഷുബ്ധമായ 70 കളില്‍ വിദ്യാര്‍ത്ഥി പ്രവര്‍ത്തനം നടത്തിയ പഴയ ഒരു എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ലോ അക്കാഡമിയില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളെ ദുഃഖത്തോടെ മാത്രമേ കാണാന്‍ കഴിയൂ. ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളും സമരത്തില്‍ ഉറച്ചു നില്‍ക്കുകയും എസ്.എഫ്.ഐ മാത്രം സമരത്തില്‍ നിന്ന് മാറി നില്‍ക്കുകയും ചെയ്യുന്ന സാഹചര്യം എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാക്കാന്‍ കഴിയുന്നില്ല. വിദ്യാര്‍ത്ഥികളുടെ പൊതു ആവശ്യങ്ങള്‍ക്കു വേണ്ടി എല്ലാവരെയും ഒന്നിച്ചു നിര്‍ത്താന്‍ മുന്‍ കയ്യെടുക്കുകയായിരുന്നു അന്നത്തെ കാലത്ത് എസ്.എഫ്.ഐ ചെയ്തിരുന്നത്. ഒരു സ്വകാര്യ മാനേജ്‌മെന്റിന്റെ പ്രിയപ്പെട്ട സംഘടനയായി എസ്.എഫ്.ഐ മാറിയത് എങ്ങനെയാണ്? സമരത്തിന്റെ തുടക്കത്തില്‍ മാറി നിന്നതിനു ശേഷം രംഗത്തു വരിക, മറ്റു സംഘടനകളെ മാറ്റി നിറുത്തി മാനേജ്‌മെന്റുമായി ഒത്തു തീര്‍പ്പുണ്ടാക്കുക, മാനേജ്‌മെന്റിനുവേണ്ടി തുടര്‍ച്ചയായി വാദിക്കുക തുടങ്ങി എസ്.എഫ്.ഐ, ലോ അക്കാഡമിയില്‍ ചെയ്യുന്ന കാര്യങ്ങള്‍ ഒരു ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയ്ക്കും ഭൂഷണമല്ല. 70 കളില്‍ ഞാന്‍ പ്രവര്‍ത്തിച്ച എസ്.എഫ്.ഐ എന്തായാലും ഇങ്ങനെയായിരുന്നില്ല.

തിരുവനന്തപുരത്തെ പല കോളേജുകളിലും എസ്.എഫ്.ഐ അല്ലാതെ മറ്റു സംഘടനകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാറില്ല എന്നാണ് കേട്ടത്. യൂണിവേഴ്‌സിറ്റി കോളേജ് ഉള്‍പ്പെടെ തിരുവനന്തപുരത്തെ കോളേജുകള്‍ ആശയസംഘട്ടനങ്ങളുടെ വേദികളായിരുന്നു ഒരു കാലത്ത്. കായികമായ ഏറ്റുമുട്ടലുകള്‍ ഉണ്ടായിട്ടില്ലെന്നല്ല പക്ഷേ, ആശയപരമായ സമരങ്ങള്‍ക്ക് അക്കാലത്ത് വലിയ പ്രാധാന്യമുണ്ടായിരുന്നു. മറ്റു സംഘടനകളെ അടിച്ചമര്‍ത്തുന്നത്, അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം ലഭിച്ചാല്‍ എസ്.എഫ്.ഐയുടെ ആശയങ്ങളെ ആ സംഘടനകളുടെ ആശങ്ങള്‍ കീഴ്‌പ്പെടുത്തുമെന്ന ഭയം കൊണ്ടാണോ?

എസ്.എഫ്.ഐയ്ക്കും സി.പി.എമ്മിനും  ഇക്കാണുന്ന സൗകര്യങ്ങളൊന്നുമില്ലാതിരുന്ന കാലത്താണ് ഞങ്ങള്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം നടത്തിയത്. എ.കെ.ജി സെന്റര്‍ ആയിരുന്നില്ല അന്ന് സംസ്ഥാനക്കമ്മിറ്റിയുടെ ആസ്ഥാനം. പാളയം മാര്‍ക്കറ്റില്‍ മീഞ്ചന്തയോട് ചേര്‍ന്ന ചെറിയ പഴയ കെട്ടിടമായിരുന്നു പാര്‍ട്ടി ഓഫീസ്. ഇ.കെ.നായനാരായിരുന്നു സെക്രട്ടറി. പുത്തലത്ത് നാരായണനായിരുന്നുവെന്ന് തോന്നുന്നു ഓഫീസിന്റെ ചുമതല. അന്ന് ഭൗതിക സൗകര്യങ്ങള്‍ തീരെ കുറവായിരുന്നെങ്കിലും ആശയങ്ങളുടെ കരുത്തുണ്ടായിരുന്നു പ്രസ്ഥാനത്തിന്. അന്നത്തെ എസ്.എഫ്.ഐക്കാര്‍ കണ്ടു പഠിച്ചത് ത്യാഗസമ്പന്നരായ പഴയ നേതാക്കളെയായിരുന്നു. ഇന്ന് ആര്‍ഭാടമെന്നോ ആഡംബരമെന്നോ പറയാവുന്ന തരത്തില്‍ ഭൗതിക സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചപ്പോള്‍ പ്രസ്ഥാനത്തിന്റെ ആദര്‍ശങ്ങളും മൂല്യങ്ങളും ചോര്‍ന്നു പോകുകയാണോ? ലോ അക്കാഡമിയില്‍ എസ്.എഫ്.ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ സമരം തുടരുകയും എസ്.എഫ്.ഐ സമരം നിറുത്തിയതിനുള്ള ന്യായീകരണങ്ങള്‍ നിരത്തുകയും ചെയ്യുമ്പോള്‍, ഞങ്ങളുടെ വിദ്യാര്‍ത്ഥി ജീവിതകാലത്ത്, സംഘടനാ പ്രവര്‍ത്തനത്തിലെ ഏറ്റവും വലിയ അപരാധത്തെ സൂചിപ്പിച്ചിരുന്ന ഒരു പദം ഓര്‍ത്തു പോകുന്നു. "കരിങ്കാലി".