30 രൂപയ്ക്ക് വേണ്ടി ദളിത് കൊലപാതകം ; നടന്നത് കേരളത്തിൽ

#

കൊല്ലം (09.02.2017) : 30 രൂപയ്ക്ക് വേണ്ടി ഗൃഹനാഥനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. 30 രൂപയുടെ പേരിൽ ഒരു മനുഷ്യനെ ക്രൂരമായി കൊലപ്പെടുത്തിയത് വടക്കേയിന്ത്യയിലെ ഏതെങ്കിലും ഒരു ഉൾനാടൻ ഗ്രാമത്തിൽ നടന്ന സംഭവമല്ല. കൊല്ലത്ത് കൊട്ടാരക്കര താലൂക്കിലെ അമ്പലംകുന്ന്മറവൻകോട് കോളനി ബീന ഭവനിൽ തുളസിയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. തുളസിയും മുൻ സൈനിക ഉദ്യോഗസ്ഥനായ യതീന്ദ്രദാസ്, മോഹനൻ എന്നിവരുമായി വാക്ക് തർക്കമുണ്ടാവുകയും ഇവർ സംഘം ചേർന്ന് വീട്ടിലെത്തി തുളസിയെ മർദ്ദിക്കുകയുമായിരുന്നു. യതീന്ദ്രദാസും മോഹനനും പോലീസ് കസ്റ്റഡിയിലാണ്. ഞായറാഴ്ച വൈകിട്ട് മർദനമേറ്റ തുളസിയെ പിറ്റേന്ന് രാവിലെയാണ് ആശുപത്രിയിൽ എത്തിക്കാനായത്. ക്രൂരമായ മർദ്ദനത്തിൽ കഴുത്തൊടിയുകയും വാരിയെല്ലിന് പരിക്കേൽക്കുകയും ചെയ്ത തുളസി വൈകിട്ടോടെ മരിക്കുകയായിരുന്നു. 30 രൂപയ്ക്ക് വേണ്ടി സംഭവത്തിന് തൊട്ടു മുൻപ് മോഹനൻ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി തുളസിയുടെ ഭാര്യ വിലാസിനി പറയുന്നു. ഭർത്താവ് മരിച്ച മാനസിക രോഗിയായ മകളും, മകളുടെ രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് കൊല്ലപ്പെട്ട തുളസി.

വൈകിട്ട് അഞ്ച് മണിയോടെ വീട്ടിലെത്തിയ തുളസിയുടെ പിറകെ മോഹനനും വീട്ടിലേക്ക് വരികയും പണം നൽകാൻ ആവശ്യപ്പെടുകയും കയ്യിൽ കരുതിയിരുന്ന വടി ഉപയോഗിച്ച് അടിക്കാൻ ശ്രമിക്കുകയും ചെയ്തു. പുറത്ത് വെച്ചുള്ള പ്രശ്നങ്ങൾ പുറത്ത് വെച്ച് തീർക്കണമെന്നും വീട്ടിൽ കയറി അക്രമം കാണിക്കരുതെന്നും വിലാസിനി പറഞ്ഞു. പട്ടാളത്തെ വിളിച്ച് കൊണ്ട് വന്ന് നിന്റെ കയ്യും കാലും തല്ലിയൊടിക്കുമെന്ന് ഭീഷണി മുഴക്കിയ ശേഷം മടങ്ങിപ്പോയി. ഇതിനു ശേഷം വിലാസിനി അടുത്തുള്ള വീട്ടിലേക്ക് പോയി. ഈ സമയത്ത് തുളസിയും കൊച്ചു കുട്ടികളും മാത്രമായിരുന്നു വീട്ടിൽ. വിലാസിനി മടങ്ങി വന്നപ്പോൾ 20 അടിയോളം താഴ്ചയുള്ള കുഴിയിൽ വീണ് അബോധാവസ്ഥയിൽ കിടക്കുന്ന തുളസിയെയാണ് കണ്ടത്. മദ്യലഹരിയിൽ മറിഞ്ഞു വീണതാണെന്ന് കരുതി വിലാസിനി ഇയാളെ എടുത്ത് വീട്ടിൽ കൊണ്ട് കിടത്തി. സംഭവത്തിന്റെ ഗുരുതരാവസ്ഥ അപ്പോൾ ഇവർക്ക് അറിയില്ലായിരുന്നു.

രാത്രി 10 മണിയോടെ ബോധം തിരിച്ചു കിട്ടിയ തുളസി അസഹ്യമായ വേദന കൊണ്ട് പുളയുകയും പട്ടാളവും മോഹനനും ചേർന്ന് തന്റെ പിടലി ഒടിച്ചെന്ന് പറയുകയും ചെയ്തു. രാത്രിയിൽ ആശുപത്രിയിൽ എത്തിക്കാൻ പണമില്ലാത്തതിനാലും ആരും സഹായത്തിനില്ലാത്തതിനാലും രാത്രി മുഴുവൻ കാത്തിരുന്ന ശേഷം രാവിലെ ഒരു അയൽവാസിയുടെ സഹായത്തോടെയാണ് തുളസിയെ എടുത്ത് കുന്ന് കയറി റോഡിലെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ട് പോകുകയായിരുന്നു . കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ കഴുത്ത് മുഴുവൻ തകർന്നുവെന്നും മെഡിക്കൽ കോളജിൽ കൊണ്ട് പോകണമെന്നും ഡോക്ടർ പറഞ്ഞെങ്കിലും പണം കൈവശം ഇല്ലാത്തതിനാൽ അവിടെ തന്നെ കിടത്താൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് അവിടെ അഡ്മിറ്റാക്കിയ തുളസി വൈകിട്ടോടെ മരിച്ചു.

ദളിത് വിഭാഗങ്ങൾക്ക് പട്ടയം ലഭിച്ച ഈ കോളനിയിൽ മദ്യവും കഞ്ചാവും സുലഭമാണെന്നും ഇത് ഗുരുതരമായ സാമൂഹ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായും കോളനി നിവാസികൾ പറഞ്ഞു. പ്രദേശത്ത് കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് തുളസിയെ കൊലപ്പെടുത്തിയ മോഹനൻ. വിരമിച്ച സൈനിക ഉദ്യോഗസ്ഥനാണ് മറ്റൊരു പ്രതിയായ യതീന്ദ്രദാസ്. ഇവരോടൊപ്പം മറ്റാളുകളും ഉണ്ടായിരുന്നതായി ആരോപണമുണ്ട്. തുളസിയെ മർദ്ദിച്ച ശേഷം സമീപത്തുള്ള കടയിലെത്തിയ പ്രതികൾ ഒരടിയും ഒരു ചവിട്ടും കൊടുത്ത് കുഴിയിലേക്ക് എടുത്തിട്ടെന്നും ഇനി ജീവിക്കുമെന്ന് തോന്നുന്നില്ലെന്നും പരസ്യമായി പറഞ്ഞു.

പട്ടിയെ കൊല്ലുന്നത് പോലെ മനുഷ്യനെ കൊന്നിട്ട് ആർക്കും രക്ഷപ്പെടാൻ കഴിയുന്ന അവസ്ഥ ഉണ്ടാകരുതെന്നും ഇനിയൊരാൾക്കും ഈ ഗതി വരരുതെന്നും വിലാസിനി പറയുന്നു. സമൂഹത്തിൽ സ്വാധീനവും ബന്ധുബലവുമുള്ള പ്രതികൾ നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടരുതെന്നും നീതിപൂർവ്വമായ അന്വേഷണം നടത്തി മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും ഇവർ ആവശ്യപ്പെടുന്നു.

ആരുമറിയാതെ പത്രങ്ങളുടെ ചരമക്കോളങ്ങളിൽ ഒതുങ്ങിപ്പോകുന്ന ഇത് പോലുള്ള ഓരോ മരണവും പുരോഗമന കേരളത്തിലെ ദളിത് കോളനികളുടെ അവസ്ഥയാണ് വെളിപ്പെടുത്തുന്നത്. വെറും 30 രൂപയ്ക്ക് വേണ്ടിയോ, അസഭ്യം പറഞ്ഞു എന്നാരോപിച്ചോ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താവുന്ന ഒരാളായി ദളിതൻ മാറുന്ന ഭീകരമായ അവസ്ഥയാണിത്. കഴുത്തൊടിഞ്ഞു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിയിട്ടും കഴുത്തിലിടാൻ ഡോക്ടർ നിർദ്ദേശിച്ച ബെൽറ്റ് വാങ്ങാൻ പോലും പണമില്ലാതെ വൈകിട്ട് വരെ കാത്തിരിക്കേണ്ടി വന്ന ഗതികേടും ഇപ്പോഴും ദളിത് കോളനികളിൽ നിലനിൽക്കുന്നു. പണമില്ലാത്തതിനാൽ വിദഗ്ദ്ധ ചികിത്സ ലഭിക്കാതെയാണ് തുളസി മരണത്തിന് കീഴടങ്ങിയതെന്നതും ദളിത് അവസ്ഥയെ കൃത്യമായി വിവരിക്കുന്നു. ഈ ഒറ്റമുറി കൂരയിൽ ഈ അമ്മയ്ക്കും മകൾക്കും രണ്ടു കൊച്ചു കുട്ടികൾക്കും ആര് എന്നതാണ് അവസാനം ഇവർക്ക് മുന്നിൽ അവശേഷിക്കുന്ന ഒരേയൊരു ചോദ്യം.