തോളിലിരുന്ന് ചെവി തിന്നരുത്; സി.പി.ഐക്കെതിരെ ജയരാജന്റെ രൂക്ഷ വിമര്‍ശനം

#

കോഴിക്കോട് (17-02-17) :തോളിലിരുന്ന് ചെവി തിന്നുന്ന മാനസികാവസ്ഥ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ബാധിക്കരുതെന്നും എസ്.എഫ്.ഐയെ കരിവാരിത്തേക്കാന്‍ നടക്കുന്ന ചിലര്‍ വലതു പക്ഷത്തിന് സേവനം ചെയ്യുകയും ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുകയും ചെയ്യുകയാണെന്നും തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സി.പി.ഐയെ വിമര്‍ശിച്ച് ഇ.പി ജയരാജന്‍. എസ്.എഫ്.ഐയെയും ഡി.വൈ.എഫ്..ഐയെയും വിമര്‍ശിക്കുന്നവര്‍ വലതു പക്ഷത്തിന് സേവനം ചെയ്യുന്നവരാണെന്നും ജയരാജന്‍ ആരോപിച്ചു. വാക്കു കൊണ്ടും പ്രവൃത്തി കൊണ്ടും പ്രകോപനം സൃഷ്ടിച്ച് വലതു പക്ഷത്തെ സഹായിക്കുകയാണിവരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവരെന്ന് ഇക്കൂട്ടരെ വിളിക്കാമെന്നും ജയരാജന്‍ പരിഹസിച്ചു.കേരള ലോ അക്കാദമിക്ക് ഭൂമി നല്‍കിയതു ആരാണെന്നത് രഹസ്യമല്ല. അതിന് പ്രായശ്ചിത്തമായി എസ്.എഫ്.ഐയുടെ മെക്കിട്ട് കേറേണ്ടതില്ല. റവന്യൂ ഭൂമി തട്ടിയെടുത്ത് കെട്ടിടം പണിതു മേല്‍ വാടകയ്ക്ക് കൊടുത്ത് കച്ചവടം നടത്തുന്നവര്‍ നാട്ടിലുണ്ട്.അത്തരക്കാര്‍ക്കു പോലും നിയമ പരിരക്ഷ നല്‍കിയത് ആരാണെന്നു ഓര്‍ത്താല്‍ നല്ലതാണെന്നും ഇ.പി. ജയരാജന്‍ കൂട്ടിച്ചേർത്തു.കോളേജ് സമരത്തെ ഒരു ഗവണ്‍മെന്റ് വിരുദ്ധ കലാപമാക്കി മാറ്റി ഇടതു മുഖം നല്‍കുന്നത് തികച്ചും ജീര്‍ണ്ണതയാണെന്നും ജയരാജന്‍ തന്റെ പോസ്റ്റില്‍ തുറന്നടിച്ചു.