വെല്ലുവിളിച്ചാല്‍ തങ്ങള്‍ പ്രതികരിക്കുമെന്ന് യു.ഡി.എഫ് യുവ എം.എല്‍.എമാര്‍

#

(10-03-17) : തങ്ങളെ വെല്ലുവിളിച്ചാല്‍ പ്രതികരിച്ചിരിക്കുമെന്ന് യു.ഡി.എഫിലെ യുവ എം.എല്‍.എമാരുടെ ഫേസ്ബുക് പോസ്റ്റ്. നട്ടെല്ല് വളച്ചു അരഞ്ഞാണമാക്കി കൊണ്ട് നടക്കുന്ന സഖാക്കന്മാരെ പിണറായി കണ്ടിരിക്കും, പക്ഷെ ഞങ്ങളെ വെല്ലുവിളിച്ചാല്‍ ഞങ്ങള്‍ പ്രതികരിക്കുക തന്നെ ചെയ്യും എന്നാണ് പോസ്റ്റ്. അങ്കമാലി എം.എല്‍.എ റോജി ജോണിന്റെ ഫേസ്ബുക്ക്  പേജിലൂടെയാണ്  എം.എല്‍.എമാര്‍ വിരല്‍ ചൂണ്ടി നില്‍ക്കുന്ന ഫോട്ടോയും അഭിപ്രായവും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. കൊച്ചി മറൈന്‍ഡ്രൈവില്‍ ശിവസേന നടത്തിയ സദാചാര അക്രമണത്തെക്കുറിച്ച് ഹൈബി ഈഡന്‍ എം.എല്‍.എ നിയമസഭയില്‍ അടിയന്തിര പ്രമേയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് സഭയ്ക്കകത്തു നടന്ന സംഘര്‍ഷത്തിന്റെയും സോഷ്യല്‍ മീഡിയ വഴി ഉണ്ടായ ആരോപണ പ്രത്യാരോപണങ്ങളുടെയും തുടര്‍ച്ചയാണ് ഫേസ്ബുക്ക് പോസ്റ്റ്.

ഹൈബി ഈഡന്റെ അഭിപ്രായത്തിനു മറുപടി പറയവേ ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്ക്ക് എടുത്തതാണെന്ന് മുഖ്യമന്ത്രി യുകയുണ്ടായി. ഇതേതുടര്‍ന്ന് സഭയില്‍ പ്രതിപക്ഷ ഭരണപക്ഷ വാക്കേറ്റം നടന്നു. പ്രതിപക്ഷ എം.എല്‍.എ തനിക്കുനേരെ ആക്രോശിച്ചുകൊണ്ട് എത്തിയെന്നും ഒരു മുഖ്യമന്ത്രിക്കും ഇത്തരം അനുഭവം ഉണ്ടായിരിക്കാനിടയില്ലെന്നും പിണറായി പറഞ്ഞിരുന്നു. പിന്നാലെ വി.ടി.ബല്‍റാം എം.എല്‍.എ മുഖ്യമന്ത്രിയെ എടാ എന്നുവിളിച്ചതായി ഷംസീര്‍ എം.എല്‍.എ  ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. ഇതിന്റെ മറുപടിയായി തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത പഴയ പാര്‍ട്ടി സെക്രട്ടറി അല്ല പിണറായി എന്ന് ബല്‍റാമും പോസ്റ്റിട്ടു. ആ   സംഭവങ്ങളുടെ  തുടര്‍ച്ചയാണ് പുതിയ ഫോട്ടോയും അഭിപ്രായവും.