നാടൻപാട്ട് എനിക്ക് ജീവിതം ; സൗഹൃദങ്ങളാണ് എന്റെ മുതൽക്കൂട്ട്

#

സുനിൽ മത്തായി. ചലച്ചിത്ര പിന്നണി ഗാന രംഗത്ത് ഈ പേര് ആർക്കും പരിചിതമായിരുന്നില്ല. പിന്നിൽ നിന്ന് പാടി മുൻ നിരയിലേക്കെത്തിയ ഗായകനാണ് ഇദ്ദേഹം. ബാച്ചിലർ പാർട്ടിയിലെ "ബാച്ചിലർ ലൈഫാണ് അഭയമെന്റയ്യപ്പാ", "കപ്പപ്പുഴുക്കേ" തുടങ്ങി കമ്മട്ടിപ്പാടത്തിലെ "ഞാനരിയും കുരലുകളെല്ലാം" വരെയുള്ള ഹിറ്റു ഗാനങ്ങൾ ആലപിച്ചത് ഈ കലാകാരനാണ്. പാട്ടു ഹിറ്റായപ്പോഴും ഗായകൻ ഹിറ്റാകാതെ പോയതിന്റെ വേദനകളോ പരിഭവങ്ങളോ ഈ ഗായകനില്ല. കാരണം വേദനകളിൽ നിന്നാണ് സുനിൽ മത്തായി വളർന്നു വന്നത്.

അദ്ധ്വാനിക്കുന്നവർ അവരുടെ അദ്ധ്വാനത്തിലൂടെ സൃഷ്ടിക്കുന്ന ജീവിതത്തിൽ നിന്ന് അന്യവല്കരിക്കപ്പെടുന്നതിന്റെ വേദനയും പ്രതിഷേധവും പ്രതിരോധവുമെല്ലാം നാടൻപാട്ടുകളിലുണ്ട്. കമ്മട്ടിപ്പാടത്തിൽ സുനിൽ മത്തായി പാടിയ "ഞാനരിയും കുരലുകളെല്ലാം" എന്ന ഗാനത്തിലും നാടൻപാട്ടുകളിൽ ഉള്ളടങ്ങിയ രാഷ്ട്രീയം കൊണ്ടുവരാൻ കഴിയുന്നുണ്ട്. സുനിൽ മത്തായി തന്റെ ജീവിതത്തെയും സംഗീതത്തെയുംകുറിച്ച് ലെഫ്റ്റ്ക്ലിക്ന്യൂസിനോട് സംസാരിക്കുന്നു.

നാടന്‍ പാട്ടുകളുടെയും ഭക്തിഗാനങ്ങളുടെയും ലോകത്ത് നിന്ന് സിനിമയിലേക്ക് വരാനുണ്ടായ സാഹചര്യം ?

ഞാന്‍ സ്വപ്നം കാണാത്ത മേഖലയായിരുന്നു സിനിമ. സംഗീതംഎന്നു പറയുന്നത് പഠിച്ചവര്‍ക്കുമാത്രം എത്തിപ്പെടാന്‍ കഴിയുന്ന മേഖലയാണ് .അവിചാരിതമായിട്ടാണ് ഞാന്‍ ഈ മേഖലയിലേക്ക് കടന്നുവന്നത്. അതിന് പ്രധാന കാരണക്കാരന്‍ ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ കുട്ടപ്പന്‍ സാറാണ്. എട്ടോളം സിനിമകളില്‍ ഞാന്‍ പാടിയിട്ടുണ്ട്. ഇതിലെല്ലാം അവസരം ലഭിച്ചത് തന്റെ ശക്തമായ സൗഹൃദങ്ങളിലൂടെയായിരുന്നു. ആദ്യത്തെ ഗാനം ബാച്ചലര്‍പാര്‍ട്ടി എന്ന സിനിമയിലെ ബാച്ചിലര്‍ ലൈഫാണഭയമെന്റെയ്യപ്പ... എന്ന പാട്ടാണ്. കുട്ടപ്പന്‍ സാറിന് ലഭിച്ച അവസരമായിരുന്നു അത്. കോറസ് പാടാനായിരുന്നു അദ്യം പോയത് .പാടിയതിനു ശേഷം കുട്ടപ്പന്‍ സര്‍ തന്നെയാണ് സംവിധായകനോട് തന്റെ പേര് നിര്‍ദ്ദേശിച്ചത്. ചിത്രത്തിലെതന്നെ മറ്റൊരു പാട്ടായ കപ്പ കപ്പ പുഴുക്കെ എന്ന ഗാനം ആലപിച്ചതും ഞാന്‍ തന്നെയാണ് വ്യത്യസ്തതയുള്ള ശബ്ദമായതുകൊണ്ട് സംവിധായകന്‍ തന്നെ പാടാനായി തീരുമാനിക്കുകയായിരുന്നു. വളരെ ഭാഗ്യം കൊണ്ട് ലഭിച്ച അവസരമായിരുന്നു ഇത്. ഒരാള്‍ക്ക് ലഭിച്ച അവസരം മറ്റൊരുഗായകന് വെച്ചുനീട്ടാന്‍ ആരും തയ്യാറാകില്ല . എന്നിട്ടും കുട്ടപ്പന്‍ സാര്‍ വളരെ നിഷ്‌കളങ്കമായി എന്റെ പേര് നിര്‍ദ്ദേശിക്കുകായിരുന്നു. ആ ഗാനം പിന്നീട് വളരെ ഹിറ്റായെങ്കിലും അത് ഞാനാണ് പാടിയതെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. അടുത്ത സുഹൃത്തുക്കള്‍ മാത്രമായിരുന്നു ആ ഗായകന്‍ താനാണെന്ന് അറിയാമായിരുന്നത്. പിന്നീട് പാടിയത് മുല്ലമുട്ടും മുന്തിരിച്ചാറും എന്ന സിനിമയിലായിരുന്നു. ഇതിലേക്ക് എന്റെ പേര് നിര്‍ദ്ദേശിച്ചത് നാടകസംഗീത സംവിധായകന്‍ ഉദയ്കുമാര്‍ അഞ്ചലാണ്. ഈ ഗാനം പാടാനായി തൃശൂരില്‍ എത്തിയപ്പോള്‍ ശാസ്ത്രീയമായി സംഗീതം പഠിച്ച ആളാണെന്നായിരുന്നു മോഹന്‍സിതാര സര്‍ കരുതിയത്. സര്‍ പറഞ്ഞുതന്ന സ്വരങ്ങള്‍ മനസ്സിലാകുന്നുണ്ടെങ്കിലും കൃത്യമായി പാടാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. പാട്ട് പഠിക്കാത്തതിന്റെ പോരായ്മയായിരുന്നു അത്. അവസാനം പാട്ട് പഠിച്ചിട്ടില്ലന്ന് ഞാന്‍ തുറന്ന് പറഞ്ഞു. 5 മണിക്കൂറോളം സമയം ചെലവഴിച്ചാണ്  ആ ഗാനത്തിന്റെ റെക്കോഡിങ് പൂര്‍ത്തീകരിച്ചത്. ശേഷം ശ്രുതിബോധമുണ്ടെന്നും സംഗീതത്തിന്റ അടിസ്ഥാനം പടിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു.

സംവിധായകന്‍ രാഹുല്‍ രാജും അത് പറഞ്ഞിരുന്നു എന്നാല്‍ ജീവിതപ്രശ്‌നങ്ങളുടെ നെട്ടോട്ടങ്ങള്‍ക്കിടയില്‍ ശാസ്ത്രീയമായി സംഗീതം പഠിക്കാന്‍ പറ്റുന്ന സാഹചര്യം എനിക്ക് ഇല്ലായിരുന്നു.അതിനു ശേഷമാണ്  അമല്‍ നീരദ് സംവിധാനം ചെയ്ത ഇയ്യോബിന്റെ പുസ്തകത്തില്‍ പാടാന്‍ അവസരം ലഭിച്ചത്.വയലിനിസ്റ്റ് ഡാനിയാണ് എന്നെ ഈ സിനിമയിലേക്ക് എത്തിച്ചത്. നാടകറെക്കോഡിങ്ങിനിടയിലുള്ള സുഹ്യത് ബന്ധമായിരുന്നു ഡാനിയുമായി ഉണ്ടായിരുന്നത്. ബാച്ചലര്‍ പാര്‍ട്ടിയിലെ ഗാനം കേട്ടാണ് എനിക്ക് സെലിബ്രേഷന്‍ എന്ന സിനിമയില്‍ അവസരം ലഭിച്ചത്. നാലു സുഹൃത്തുക്കളുടെ കഥപറയുന്ന ചിത്രത്തില്‍ വിജയ് യേശുദാസ്, അന്‍വര്‍ സാദിഖ് , തുടങ്ങിയ നാലു ഗായകരാണ് പാടിയത്. അവരോടൊപ്പം നിന്ന് നാലുവരിപാടാന്‍ എനിക്കും ഭാഗ്യമുണ്ടായി. കമ്മട്ടിപ്പാടത്തിലേക്ക് എത്തിയതിനും കാരണം സൗഹ്യദമായിരുന്നു. ആ സിനിമയിൽ മൂന്ന് സംഗീതസംവിധായകരാണുള്ളത്. അതിലൊരാളായ ജോണ്‍ പി വര്‍ക്കിയും സംഘവും കൊല്ലത്ത് 8 പോയിന്റ് ആർട്ട് കഫെയിൽ ഒരു പരിപാടി അവതരിപ്പിച്ചിരുന്നു. അവർക്ക് ഫോക്ക് പാടാന്‍ ഒരു ഗായകനെ ആവശ്യമായിരുന്നു . അങ്ങനെയാണ് എന്നെ വിളിക്കുന്നത്. അവരുടെ പ്രാക്ടീസിനൊപ്പം കൂടി. അത് വിജയിച്ചു. അതിനു ശേഷമാണ് ഒരു സുപ്രഭാതത്തില്‍ പുതിയ സിനിമയില്‍ അവസരമുണ്ടെന്ന് പറഞ്ഞ് ജോണ്‍ ചേട്ടൻ വിളിച്ചത്. അതിന്റെ ടൈറ്റില്‍ സോംഗ് പാടാനായിരുന്നു എന്നെ ആദ്യം വിളിച്ചത്. ടൈറ്റില്‍ പാടിയിറങ്ങിയപ്പോഴാണ് എന്നോട് മറ്റൊരു പാട്ടിന്റെ ട്രാക്കുകൂടി വെറുതെ ഒന്നു പാടാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടത്. വിനായകനും എന്നെ കൊണ്ട് പാടിക്കണമെന്ന് സൗണ്ട് എഞ്ചിനീയറോട് പറഞ്ഞിരുന്നു. പറഞ്ഞതിനു ശേഷം ഇവര്‍ രണ്ടുപേരും പുറത്തേക്കിറങ്ങി.

രണ്ടു ദിവസത്തിനു ശേഷം എനിക്ക് ജോണ് ചേട്ടന്റെ കോള്‍ വന്നു.ഞാന്‍ തന്നെ ആ പാട്ട് പാടണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇവിടെ വെച്ചാണ് വിനായകനെ പരിചയപ്പെടുന്നത്. അദ്ദേഹം ഗായകനല്ലാത്തത് കൊണ്ട് എങ്ങനെ പാടിത്തരണമെന്ന് അറിയില്ലായിരുന്നു. സീനിന്റെ ഭാവം ഉള്‍ക്കൊണ്ട് പറഞ്ഞുതരികയായിരുന്നു. മണിക്കൂറുകളോളം സമയം എടുത്താണ് ഞാന്‍ ആ പാട്ട് പാടിയത്. അവരുടെ ചട്ടക്കൂടില്‍ നിന്നു മാത്രമേ നമുക്ക് പാടാന്‍ സാധിക്കുകയുള്ളൂ . പല തരത്തില്‍ ഞാനത് പാടിക്കൊടുത്തു. അതിൽ വിനായകൻ ചേട്ടന് ഇഷ്ടപ്പെട്ട രീതി വരുമ്പോൾ അത് ഫോളോ ചെയ്യാൻ പറയും. അങ്ങനെ കുറേ സമയമെടുത്താണ് ആ പാട്ട് പാടിയത്.  നന്നായി ആസ്വദിച്ചാണ് ഞാന്‍ ആ ഗാനം പാടിയത്. വലിയ റീച്ചായിരുന്നു ഈ പാട്ടിന് ലഭിച്ചത്.  കേരളത്തിനകത്തുനിന്നും പുറത്തുനിന്നും പലരും അഭിനന്ദനം അറിയിച്ച് എന്നെ വിളിച്ചിരുന്നു. വിനായകനെ ഇവിടെ വെച്ചാണ് പരിചയപ്പെടുന്നത്. അധികം ആരോടും സംസാരിക്കാത്ത സ്വഭാവക്കാരനാണ്. ഇടയ്ക്ക് ഫോണില്‍ സംസാരിക്കാറുണ്ട്. 

നാടന്‍ പാട്ടുകാരന്‍ എന്ന നിലയില്‍ അംഗീകാരമുള്ള കലാകാരനാണ് താങ്കള്‍. സ്റ്റേജില്‍ നിന്നു പാടുമ്പോള്‍ കിട്ടുന്ന സംതൃപ്തി സ്റ്റുഡിയോയില്‍ പാടുമ്പോള്‍ ലഭിക്കാറുണ്ടോ?

എട്ട് സിനിമയില്‍ പാടിയിട്ടുണ്ടെങ്കിലും സ്റ്റേജില്‍ പാട്ടുപാടുന്നതാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. സിനിമയില്‍ അവസരം ലഭിച്ച ശേഷം പലരും വന്‍ ഓര്‍ക്കസ്ട്ര ടീമിനൊപ്പം വലിയ ഷോ ചെയ്യാറാണ് പതിവ് . എന്നാല്‍ ഞാന്‍ ഇപ്പോഴും നാടന്‍ പാട്ടുതന്നെയാണ് പാടുന്നത്. ഒരാള്‍ പാട്ടുകാരനായി റജിസ്റ്റര്‍ ചെയ്യപ്പെടുന്നത് സ്റ്റുഡിയോയില്‍ വോയിസ് ബൂത്തില്‍ കയറുമ്പോഴാണ് . ഓപ്പണ്‍ വേദിയില്‍ പാടുമ്പോള്‍ പല തെറ്റുകളും സംഭവിക്കും. അത് അവിടെവെച്ച് തന്നെ പരിഹരിച്ച് മുന്നോട്ട് പാടും . എന്നാല്‍ സ്റ്റുഡിയോയില്‍ തെറ്റു പറ്റിയാല്‍ അത് റജിസ്റ്റര്‍ ചെയ്യപ്പെടും. ജോലിക്ക് പോവുകയാണെന്ന് മനസ്സിനെ പാകപ്പെടുത്തിയിട്ടാണ് ഞാന്‍ സ്റ്റുഡിയോയിലേക്ക് പോകുന്നത്. സംവിധായകര്‍ നമ്മളെ പാടാന്‍ വിളിക്കുന്നത് ഒരു വിശ്വാസത്തോടെയാണ് . ആ വിശ്വാസം ഞാന്‍ ഒരു പരിധിവരെ സംരക്ഷിക്കാന്‍ ശ്രമിക്കാറുണ്ട്. 20 വര്‍ഷമായി ഞാന്‍ പാട്ടുകള്‍ പാടാന്‍ തുടങ്ങിയിട്ട് . 15 വര്‍ഷമെടുത്തു സിനിമയില്‍ എനിക്ക് ഒരു അവസരം ലഭിക്കാന്‍ .എല്ലാ അവസരങ്ങളും സൗഹൃദത്തിലൂടെ ലഭിച്ചതാണ്.ഒന്നും എന്റെ പ്രയത്‌നം കൊണ്ട് ലഭിച്ചതല്ല.

നടന്‍ കലാഭവന്‍മണി മലയാളസിനിമയിലുള്ള വേര്‍തിരിവ് തുറന്നു പറഞ്ഞിട്ടുള്ള വ്യക്തിയാണ്. കഴിവിനേക്കാള്‍ ഉപരിയായി ഇത്തരത്തിലുള്ള വേര്‍തിരിവിന് മലയാളസിനിമ പ്രാധാന്യം നല്‍കുന്നുണ്ടോ?

കലാഭവന്‍ നായകനായ ചിത്രത്തില്‍ തന്നെ ആദ്യം പാടാന്‍ അവസരം ലഭിച്ചത് എന്റെ ഭാഗ്യമായി കരുതുന്നു. വലിയ താരനിരയ്ക്കു മുന്നില്‍ ഒന്നര ഇഞ്ച് നീളം മാത്രമുള്ള എന്നെ ഗായകനെന്ന് പരിചയപ്പെടുത്തിയത് ഇന്നും ഓര്‍മകളിലുണ്ട്. ഞങ്ങൾക്ക് പാട്ടുപുര എന്നൊരു നാടൻപാട്ട് സംഘമുണ്ട്.അതിന്റെ പരിപാടി തുടങ്ങുന്നത് തന്നെ മണിച്ചേട്ടന്റെ പാട്ടോടെയാണ്. എല്ലാ മേഖലയിലേയും ഉള്ളത്‌ പോലെ ജാതീയമായ വേര്‍തിരിവ് സിനിമയിലും നിലനില്‍ക്കുന്നുണ്ട്. അതിനെക്കുറിച്ച് ഞാന്‍ ചിന്തിക്കാറില്ല. എന്റെ ലക്ഷ്യത്തില്‍ എത്തിച്ചേരാനാണ് ഞാന്‍ശ്രമിക്കുന്നത്. കറുത്തവനാണ് , താഴ്ന്നജാതിക്കാരനാണ് ഇതിനെക്കുറിച്ചൊന്നും ചിന്തിക്കാറില്ല. എനിക്ക് ഇതുവരെ അങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടില്ല, അഥവാ ഉണ്ടായിട്ടുണ്ടെങ്കിൽ തന്നെ ഞാനത് കാര്യമാക്കിയിട്ടില്ല. നിഷ്‌കളങ്കമായി പെരുമാറുന്നവരോടും ക്രൂരമായി പെരുമാറുന്നവരോടും അതേ രീതിയില്‍ തിരിച്ച് പ്രതികരിക്കാറുണ്ട്. പിന്നെ മണിച്ചേട്ടനൊക്കെ അത്രയും എസ്റ്റാബ്ലിഷ്ഡ് ആയ ആളായത് കൊണ്ട് അതൊക്കെ അനുഭവപ്പെട്ടിട്ടുണ്ടാകും. ഞാൻ ഇൻഡസ്ട്രിയിൽ താരതമ്യേന പുതിയ ആളാണ്. അതുകൊണ്ടാവും എനിക്ക് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ലാത്തത്. എനിക്ക് അനുയോജ്യമായ പാട്ടുകളാണ് എന്നെ തേടി വരുന്നത്.  ജാതിയുടെ അടിസ്ഥാനത്തിൽ നമ്മളോട് ഇടപെടാൻ വരുന്ന ഒരാളെ ഞാൻ പരിഗണിക്കാറേയില്ല, അതിന്റെ ആവശ്യമില്ല,കാരണം അയാളെ മനുഷ്യഗണത്തിൽ പോലും പെടുത്താൻ കഴിയില്ല. ഉദാഹരണത്തിന് ഞാൻ വീട്ടിലേക്ക് പോകുന്നത് ബൈക്കിലാണ്. അപ്പോൾ തെരുവിലെ പട്ടികൾ ബൈക്കിന് പിന്നാലെ ഓടാറുണ്ട്. ഞാൻ ബൈക്ക് നിർത്തി അവറ്റയെ കല്ലെടുത്തെറിയാറില്ല. അതിന്റെ ആവശ്യമില്ല. അതുപോലെയാണ് ജാതി ചിന്തിച്ച് കൊണ്ടിരിക്കുന്നവർ അത് ചിന്തിച്ച് കൊണ്ടിരിക്കും,ആ സമയത്ത് നമ്മൾ നമുക്ക് ചെയ്യാനുള്ളത് ചെയ്തു കൊണ്ടുമിരിക്കും. സൗഹൃദങ്ങളാണ് നമ്മുടെ ശക്തി. ഈ 20 വർഷത്തെ ഏറ്റവും വലിയ നേട്ടം എന്റെ സൗഹൃദങ്ങളാണ്. അതിന്റെ ബലത്തിൽ ഞാൻ മുന്നോട്ട് തന്നെ പോകും.

സംഗീത ഉപകരണങ്ങളുടെ അതിപ്രസരം മലയാളസിനിമയില്‍ നിലനില്‍ക്കുന്നുണ്ടോ?

ഇപ്പോഴത്തെ മലയാള സിനിമാ പാട്ടുകളില്‍ വോക്കലിനെ കവച്ചുവെച്ചുകൊണ്ടുള്ള സംഗീത ഉപകരണങ്ങളുടെ അതിപ്രസരമുണ്ട്. ഒരു പക്ഷേ സംവിധായകര്‍ അതാകും ഇഷ്ടപ്പെടുന്നത്.

കമ്മട്ടിപ്പാടത്തിലെ അക്കാണും മാമാല എന്ന ഗാനത്തിനായി പലരേയും പരിഗണിച്ചിരുന്നതായി കേട്ടു . വിനായകന്റെ നിര്‍ബന്ധമാണ് ആ ഗാനം പാടിയതിനു പിന്നിലെന്നും കേട്ടു .ഇതിന് പിന്നിലെ വസ്തുത എന്താണ് ?

കമ്മട്ടിപ്പാടത്തില്‍ ടൈറ്റില്‍ സോംങ്ങ് പാടാനുള്ള ഗ്രൂപ്പില്‍ ഒരാളായിട്ടാണ് പോകുന്നത്. 8  പോയിന്റിലെ ഷോയിൽ പങ്കെടുത്ത ഒന്ന് രണ്ട് ഗായകരും ഒപ്പമുണ്ടായിരുന്നു. അതേ ദിവസം ഒരു മുറൈവന്ത് പാര്‍ത്തായ എന്ന സിനിമയിലേക്കുള്ള റെക്കോഡിംഗും ഉണ്ടായിരുന്നു. അത് പത്ത് മണിക്കായിരുന്നു . 6 മണിക്കായിരുന്നു കമ്മട്ടിപ്പാടത്തിനു വേണ്ടിയുള്ള റെക്കോഡിംഗ് .ജോണ്‍ ചേട്ടൻ  എനിക്ക് റൂമെടുത്ത് തന്നു, വിശ്രമിച്ച ശേഷമായിരുന്നു പാടാനെത്തിയത്. അവിടെ എത്തിയപ്പോള്‍ മറ്റാരോ അക്കാണും മാമാല എന്ന പാട്ട് പാടിയിട്ടുണ്ടായിരുന്നു. എന്റെ ശബ്ദം കേട്ടിട്ടാണോ ജോണ്‍ ചേട്ടൻ  പറഞ്ഞിട്ടാണോ എന്ന് എനിക്കറിയില്ല ടൈറ്റില്‍ പാടി ഇറങ്ങിയപ്പോള്‍ രാജീവ് സാർ  ചോദിച്ചു മത്തായിച്ചന് വേറെ തിരക്കുണ്ടോ ? ഈ പാട്ട് പാടുന്നതല്ലാതെ വേറെ തിരക്കില്ലന്ന് ഞാന്‍ പറഞ്ഞു. എങ്കില്‍ വേറൊരു പാട്ടുണ്ട്. നീ വെറുതെ ഒന്ന് പാടി നോക്കാന്‍ പറഞ്ഞു. ശബ്ദം കേള്‍ക്കാന്‍ വേണ്ടിയാകാം അങ്ങനെ പറഞ്ഞത്. അതിനു മുന്‍പ് മറ്റാര്‍ക്കെങ്കിലും വേണ്ടി ഈ പാട്ട് ഉറപ്പിച്ചിരുന്നോ എന്ന് എനിക്കറിയില്ല. എന്റെ ശബ്ദം കേട്ടിട്ടാണ് ആ അവസരം ലഭിച്ചത്. അതില്‍ ഒരു യാഥാര്‍ത്ഥ്യമുണ്ട്. നല്ലൊരു അനുഭവമായിരുന്നു.

നാടൻപാട്ട് രംഗത്തേക്ക് വരുന്നത് എങ്ങനെയാണ്?

99 ല്‍ ശാസ്താംകോട്ട ഡി.ബി കോളേജില്‍ നിന്നാണ് ഞാന്‍ സംഗീത മേഖലയിലേക്ക് വരുന്നത്. കോളേജില്‍ നാടോടി എന്നൊരു നാടന്‍ പാട്ട് സംഘം ഉണ്ടായിരുന്നു. ഇതിലേക്ക് എന്നെ കൊണ്ടുവന്നത് പി.എസ് ബാനര്‍ജി എന്ന സുഹൃത്തായിരുന്നു. അവന്‍ തനിച്ചായിരുന്നു അതില്‍ പാടിക്കൊണ്ടിരുന്നത്. ഞാന്‍ കൂടി എത്തിയപ്പോള്‍ അവന് ആശ്വാസമായി . റെസ്റ്റ് കിട്ടുമല്ലോ? പിന്നീട് ബാനര്‍ജി കുട്ടപ്പന്‍ സാറിനൊപ്പം തിരുവല്ല കായൽ സംഘത്തിലേക്ക് പോയി . അന്ന് ഇപ്പോഴത്തേതുപോലെ ഒരുപാട് നാടന്‍പാട്ട് സംഘങ്ങളൊന്നുമില്ല. വളരെ അപൂര്‍വ്വമായിട്ട് മാത്രമേ ഉള്ളൂ. അന്ന് ഒരോ പാട്ടുകാരന്റേയും ഏറ്റവും വലിയ ആഗ്രഹമായിരുന്നു സി.ജെ കുട്ടപ്പനൊപ്പം പാടുക എന്നത്. അങ്ങനെ ഒരാഗ്രഹം എനിക്കും ഉണ്ടായിരുന്നു. അതിനിടെ ബാനര്‍ജിക്ക് കോളേജ് പരീക്ഷ എത്തിയപ്പോള്‍ അവന് പകരം പാടാന്‍ ഞാന്‍ സാറിനൊപ്പം പോയി. അങ്ങനെയാണ് കുട്ടപ്പന്‍ സാറിലേക്ക് എത്തുന്നത്. 2000 ത്തില്‍ തുടങ്ങി ഞാന്‍ ഇപ്പോഴും സാറിനൊപ്പമുണ്ട്. അദ്ദേഹത്തോടൊപ്പമാണ് അമേരിക്ക ,ഖത്തര്‍, ബെഹ്‌റന്‍ എന്നീ സ്ഥലങ്ങളില്‍ പോയിട്ടുള്ളത്. ഒരു പാട്ട് പാടുമ്പോള്‍ അത് എങ്ങനെ പാടണമെന്നും വരികള്‍ ശ്രദ്ധിച്ച് പാടാനും സര്‍ പറയുമായിരുന്നു. ഉച്ചാരണത്തിനു വേണ്ടി ഞാന്‍ പിന്തുടര്‍ന്നത് സാറിന്റെ പാട്ടുകളെയായിരുന്നു. സര്‍ അതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താറുണ്ട്. അക്ഷരങ്ങള്‍ കൃതൃമായി പാടുന്നതില്‍ പലപ്പോഴും ഞാന്‍ പരാജയപ്പെട്ടിട്ടുണ്ട്. എങ്കിലും ഒരുപരിധിവരെ സാറിനെ പിന്തുടരാന്‍ ശ്രമിക്കാറുണ്ടായിരുന്നു.

ശേഷം ബാനര്‍ജിയുടെ കനല്‍ പാട്ടുസംഘത്തില്‍ പാടി. കുട്ടപ്പന്‍ സാറിനൊപ്പം പാടുമ്പോഴും ബാനര്‍ജിക്ക് കനല്‍സംഘം ഉണ്ടായിരുന്നു. ബാനര്‍ജി കനല്‍സംഘത്തിലും ഞാന്‍ സാറിനൊപ്പവും പാടിക്കൊണ്ടിരുന്നപ്പോള്‍ അവന് തനിച്ച് പാടാന്‍ ബുദ്ധിമുട്ടുള്ളതായി പറഞ്ഞു. അങ്ങനെ കുട്ടപ്പന്‍ സാറിനോട് ബാനര്‍ജിക്ക് തനിച്ച് പാടാന്‍ ബുദ്ധിമുട്ടുണ്ടെന്നും അവന് പരിപാടി ഇല്ലാത്തപ്പോള്‍ ഇവിടെക്ക് എത്താമെന്നും എന്നെ കുട്ടപ്പന്‍ സാറിന് പരിചയപ്പെടുത്തിയത് ബാനര്‍ജിയായത് കൊണ്ട് അവനെ സഹായിക്കാനുള്ള കടമ എനിക്കുണ്ടെന്നും ഞാന്‍ പറഞ്ഞു. പിന്നീട് എനിക്ക് ഉദയകുമാര്‍ അഞ്ചല്‍, വേണു ഇവരുടെ സഹായത്താല്‍ നാടകങ്ങളുടെ റെക്കോഡിംഗ് കിട്ടി. റെക്കോഡിംഗിന്റെ തിരക്കുകാരണം നാടന്‍പാട്ടുകൂടി കൂടെ കൊണ്ടുപോകാന്‍ പ്രയാസമായപ്പോള്‍ അവനോട് പറഞ്ഞ് സ്റ്റേജ് പരിപാടിയില്‍ നിന്നു മാറാന്‍ ഞാനൊരു ശ്രമം നടത്തി. എന്നാല്‍ കോഴിക്കോട് സ്‌കുളില്‍ അധ്യാപകനായ എന്റെ സുഹൃത്ത് പ്രേം എന്നോട് പറഞ്ഞു നീ മാറിയാല്‍ ഒരോരുത്തരായി മാറിപോകും. അവര്‍ ഒറ്റപ്പെട്ടുപോകും . നമുക്ക് പുതിയ ഒരു സംഘം ഉണ്ടാക്കണമെന്നും  പറഞ്ഞു. ആലോചിച്ചപ്പോള്‍  അത് ശരിയായി തോന്നി. എന്റെ സ്വാര്‍ത്ഥതകൊണ്ട് മാറിപ്പോകുമ്പോള്‍ എന്റെ സൗഹൃദങ്ങള്‍ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയുണ്ടാകും. അങ്ങനെയാണ് പാട്ടുപുര എന്ന സംഘം ഉണ്ടായത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇപ്പോഴും അത് കുഴപ്പമില്ലാതെ പോകുന്നു.

ഇപ്പോള്‍ നാടന്‍പാട്ടുസംഘത്തിന്റ ഒരു അതിപ്രസരംതന്നെ ഉണ്ട്. അതില്‍ എനിക്ക് വിഷമം തോന്നുന്ന ഒരുകാര്യം  നാടന്‍ പാട്ട് ആര്‍ക്കും എങ്ങനെയും പാടാം . ഉദാഹരണത്തിന്  വാവാവംവാവെ.....എന്ന താരാട്ട് പാട്ട്  വേദനയുടെ പാട്ടാണ് .അടിമക്കച്ചവടവുമായി ബന്ധപ്പെട്ട് അച്ചനെ കിഴക്കോട്ടും അമ്മയെ പടിഞ്ഞാറോട്ടും വിലക്ക് മേടിച്ചുകൊണ്ടുപോകുന്നു. മൂന്ന് കുഞ്ഞുങ്ങള്‍ , ഇതില്‍ ഒരാളുടെ മുലകുടി മാറിയിട്ടില്ല. ആ കുഞ്ഞിനെ മുതിര്‍ന്ന കുട്ടിയെ ഏല്‍പിച്ചാണ് അമ്മ മടങ്ങുന്നത്. മുതിര്‍ന്നകുട്ടിക്ക് മാത്രമേ അറിയൂ അച്ചനും അമ്മയും ഇനി മടങ്ങി വരില്ല എന്നുള്ളത്. അതുകൊണ്ടുതന്നെ ഒരിക്കലും അവന് ആ പാട്ട് സന്തോഷത്തോടെ പാടാന്‍ കഴിയില്ല. വേദനയോടെ മാത്രമേ പാടാന്‍ കഴിയൂ. ആ പാട്ടിന്റെ വരികള്‍ കൃത്യമായി സാഹചര്യം ഉള്‍ക്കൊണ്ട് പാടാന്‍ കഴിയണം. ഇപ്പോഴുള്ള സംഘങ്ങള്‍ എങ്ങനെയും കുറെ വരികള്‍ തിരുകി കയറ്റി പാടുകയാണ് .പക്ഷേ ഇവരാരെങ്കിലും ഒരു സിനിമാഗാനം തെറ്റായി പാടുമോ? ഇതിനെ നമ്മൾ നേരോടെ നെറിവോടെ സമീപിക്കണം.

ഇപ്പോഴത്തെ അവസ്ഥയിലെത്താന്‍ എനിക്ക് പത്ത് പതിനെട്ട് വര്‍ഷങ്ങളാണ് വേണ്ടിവന്നത്. 99 ല്‍ രണ്ടു രൂപയ്ക്കും അഞ്ച് രൂപയ്ക്കു വരെ ഞാന്‍ പാടിയിട്ടുണ്ട്. അന്ന് ജീവിതവും കടുത്ത അരാജകമായിരുന്നു. പിന്നീട് എന്റെ സുഹൃത്തുക്കളുടെ ഇടപെടല്‍ കൊണ്ടാണ് ഇവിടെവരെ എത്തിയത്. എന്നെ സംബന്ധിച്ച് എനിക്ക് ഒരുപാട് ഉയരങ്ങളില്‍ എത്തണ്ട, അതുപോലെ ഒരുപാട് താഴ്ചയിലേക്കും ഇപ്പോഴുള്ളതുപോലെ മുന്നോട്ട് പോയാല്‍ മതി. ഒരു മനുഷ്യനെ കാണുമ്പോള്‍ എന്റെ മനസ്സിലുള്ള ചിരി തന്നെ പുറത്ത് കാണിക്കാന്‍ കഴിയണം. അതാണ് എന്റെ പ്രാര്‍ത്ഥന.

പുതിയ സിനിമകൾ?

മനോജ് കെ.ജയന്‍ നായകനായ ബോണ്‍സായ് എന്ന ചിത്രത്തില്‍ പാടാന്‍ ഇപ്പോള്‍ അവസരം ലഭിച്ചു. നിരവധി സുഹൃത്തുക്കള്‍ ഒത്തുചേര്‍ന്നിട്ടുള്ള ചിത്രമാണ് ബോണ്‍സായി. ജയചന്ദ്രൻ എന്ന സംഗീത സംവിധായകനാണ്. അതിലൊരു പാട്ട് സീനിൽ എന്നെ അഭിനയിക്കാൻ വിളിച്ചതാണ്. നാട്ടിൽ മറ്റു വർക്കുകളുടെ തിരക്കായതിനാൽ പോകാൻ കഴിഞ്ഞില്ല. എന്റെ ടൈപ്പ് വോയിസ് ആയതിനാൽ ആ രീതിയിലുള്ള പാട്ടുകളാണ് എനിക്ക് വരിക. നാൽപ്പതിലധികം നാടകങ്ങളിൽ ഞാൻ പാടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത് ഉദയകുമാർ അഞ്ചൽ, ഉദയൻ ചേട്ടന്റേതാണ്. നാടൻപാട്ടുകൾ പാടി പ്രചരിപ്പിക്കുക എന്നതാണ് എന്റെ ലക്ഷ്യം. അല്ലാതെ ഗാനമേള വലിയ ഷോ അതിലൊന്നും അത്ര താൽപ്പര്യമില്ല. ഗാനമേളയ്ക്ക് വിളിച്ചാൽ തന്നെ ഫോക്ക് മാത്രമാണ് ഞാൻ തെരഞ്ഞെടുക്കുന്നത്. കാരണം ഞാൻ എന്തെങ്കിലും ആയെങ്കിൽ അതെല്ലാം നാടൻപാട്ടു കൊണ്ടാണ്.