ദൃശ്യമാധ്യമരംഗത്തെ കൂടുതൽ മലീമസമാക്കാനോ മംഗളത്തിന്റെ ചാനൽ?

#

(26.03.2017) : ഒരു സ്ത്രീയുമായി ഫോണിൽ ലൈംഗികത കലർന്ന സംഭാഷണത്തിലേർപ്പെട്ടു എന്ന പേരിൽ എ.കെ.ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവെച്ചു. പുതുതായി സംപ്രേഷണം ആരംഭിച്ച ഒരു ചാനൽ തീവ്രമായ ആക്രമണവ്യഗ്രതയോടെ സംഭാഷണശകലം പുറത്തുവിട്ടു മണിക്കൂറുകൾക്കുള്ളിൽ മന്ത്രി രാജി വെയ്ക്കുകയായിരുന്നു. ഒരു സ്ത്രീയോട് ലൈംഗിക താല്പര്യത്തോടെ ശശീന്ദ്രൻ സംസാരിക്കുന്നതാണ് ചാനൽ പുറത്തുവിട്ട ഓഡിയോയിലുള്ളത്. ഏതു സാഹചര്യത്തിൽ, ആരോടാണ് സംസാരിക്കുന്നതെന്ന് വ്യക്തമല്ല. മന്ത്രി, അധികാരം ദുരുപയോഗപ്പെടുത്തി സ്ത്രീയെ സമ്മർദ്ദത്തിലാക്കുകയോ ഏതെങ്കിലും ആനുകൂല്യം നൽകുന്നതിനുള്ള പ്രത്യുപകാരമായി രതി സംഭാഷണത്തിലേർപ്പെടുകയോ ചെയ്തതിന്റെ സൂചനകളൊന്നും ലഭ്യമല്ല.

ശശീന്ദ്രന്റെ സംഭാഷണം പുറത്തുവിട്ടുകൊണ്ട് മംഗളം ചാനൽ അവതാരകർ നടത്തിയ പ്രകടനം നിലവാരവും ഉത്തരവാദിത്വവുമില്ലാത്ത മാധ്യമ പ്രവർത്തനത്തിന്റെ മകുടോദാഹരണമായിരുന്നു. ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒരാളെ കുറ്റവാളിയായി മുന്നിൽ കിട്ടിയതിന്റെ ആനന്ദം അലയടിക്കുകയായിരുന്നു മംഗളത്തിന്റെ ന്യൂസ്റൂമിൽ. പുതുതായി തുടങ്ങുന്ന തങ്ങളുടെ ചാനലിന് വൻ ജനശ്രദ്ധ ലഭിക്കും എന്ന പ്രതീക്ഷയോടൊപ്പം ഗൗരവമുള്ള ഒരു പ്രശ്നം കൈകാര്യം ചെയ്യാനുള്ള പക്വതയില്ലായ്മയും ഒരു തരം പൈശാചികമായ ക്രൂരതയും മംഗളം ചാനൽ അവതാരകരുടെ ശബ്ദത്തിലും ഭാവത്തിലും പ്രകടമായിരുന്നു. തങ്ങൾ ചെയ്യുന്നത് എന്താണെന്ന് തിരിച്ചറിയാതെ, സമനില തെറ്റിയ മട്ടിൽ ആക്രോശിക്കുകയും അലറി വിളിക്കുകയും ചെയ്ത അവതാരകർ സഹതാപം അർഹിക്കുന്നു. പക്ഷേ, അവരോട് അങ്ങനെയൊക്കെ ചെയ്യാൻ ആവശ്യപ്പെട്ട "വാർത്താ നിർമ്മാതാക്കൾ" നമ്മുടെ ദൃശ്യമാധ്യമങ്ങളിൽ വരാനിരിക്കുന്ന കൊടും ഭീകരതയുടെ സൂചനയാണ് നൽകുന്നത്.

ശശീന്ദ്രൻ നടത്തിയ രതിസംഭാഷണം ഏതെങ്കിലും രീതിയിലുള്ള ദോഷം ഉണ്ടാക്കി എന്ന പേരിൽ ആരും പരാതിയുമായി മുന്നോട്ടു വന്നിട്ടില്ല. ഒരാൾ മറ്റൊരാളോട് നടത്തിയ സ്വകാര്യ സംഭാഷണത്തിൽ ഒരാളുടെ ഭാഗം അടർത്തിയെടുത്ത് പരസ്യപ്പെടുത്തുക വഴി ഏതു രീതിയിലുള്ള മാധ്യമ പ്രവർത്തനമാണ് മംഗളം നടത്താൻ ഉദ്ദേശിക്കുന്നത്? അധികാരം ദുരുപയോഗപ്പെടുത്തി നിരാലംബരായ സ്ത്രീകളെ കീഴ്പ്പെടുത്തുക, സ്ത്രീകളെയും പെൺകുട്ടികളെയും കെണിയിൽ പെടുത്തുക, പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിക്കുക തുടങ്ങിയ ലൈംഗിക കുറ്റകൃത്യങ്ങൾക്കെതിരേ ശക്തമായ സാമൂഹ്യ അഭിപ്രായം വളർത്തിയെടുക്കേണ്ടത് കേരളത്തിൽ അത്യാവശ്യമായ ഒരു ചരിത്ര ഘട്ടത്തിൽ, ഒരു വ്യക്തിയുടെ രതി സംഭാഷണത്തെ ലൈംഗിക കുറ്റകൃത്യം എന്ന രീതിയിൽ പ്രചരിപ്പിക്കുകയും വേട്ടയാടുകയും ചെയ്യുന്നത് തികച്ചും നിരുത്തരവാദപരമായ മാധ്യമപ്രവർത്തനമാണ്. അത് സമൂഹത്തിന് നൽകുന്ന സന്ദേശം അങ്ങേയറ്റം അപകടകരമായിരിക്കും.

ലൈംഗികതയോട് നമ്മുടെ സമൂഹം പുലർത്തുന്ന കപടവും അനാരോഗ്യകരവുമായ സമീപനത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ശശീന്ദ്രന്റെ സംഭാഷണവുമായി ബന്ധപ്പെട്ടുയരുന്ന വിവാദം. ഈ പ്രശ്നത്തിൽ തുറന്ന, സത്യസന്ധമായ സമീപനം ശശീന്ദ്രനും സ്വീകരിക്കാൻ സാധ്യതയില്ല. വിവാഹ ബാഹ്യ ലൈംഗികബന്ധം പുലർത്തുന്ന മഹാഭൂരിപക്ഷം ആളുകളും തനിക്ക് ഭാര്യ/ ഭർത്താവ് അല്ലാതെ ഒരു ലൈംഗിക പങ്കാളി ഉണ്ട് എന്ന യാഥാർത്ഥ്യം പരസ്യമായി അംഗീകരിക്കാൻ തയ്യാറാകില്ല. ഉത്തമനായ കുടുംബ പുരുഷൻ എന്ന പ്രതിച്ഛായ സ്ഥാപിച്ചെടുക്കാൻ വേണ്ടിയാകും ശശീന്ദ്രന്റെ ഇനിയുള്ള യത്നം മുഴുവൻ. ഈ സാമൂഹ്യ സാഹചര്യമാണ് ഒളിഞ്ഞുനോട്ടത്തിന് മാധ്യമപ്രവർത്തനത്തിന്റെ അംഗീകാരം നൽകുന്നത്. ഒരു സ്ത്രീ സുഹൃത്തിനോടൊപ്പം തന്റെ സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്തതിന് പി.ടി.ചാക്കോയ്ക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട നാടാണ് ഇത്. അര നൂറ്റാണ്ടിനുശേഷവും അവിടെത്തന്നെ നിൽക്കുകയാണ് നമ്മുടെ സമൂഹം. ഒരു പക്ഷേ, അവിടെ നിന്നും നമ്മൾ വീണ്ടും പിന്നോട്ടു പോയിരിക്കുന്നു.