തെഹല്‍കയില്‍ നിന്ന് മംഗളത്തിലേക്കുള്ള ദൂരം

#

(31.03.2017) ഒരു മന്ത്രിയുടെ അപ്രതീക്ഷിതമായ രാജി, ഒരൊറ്റ ദിവസം കൊണ്ട് ഒന്നാമതെത്താനുള്ള ഒരു ചാനല്‍ വ്യാമോഹത്തിന്റെ തകര്‍ച്ച, ആ വ്യാമോഹത്തിന് ചാവേറാകേണ്ടി വന്ന ഒരു പെണ്‍കുട്ടിയുടെ ദുരന്തം, നാലഞ്ച് ദിവസത്തെ സോഷ്യല്‍ മീഡിയ ജഗപൊഗ മാത്രം അവശേഷിപ്പിച്ച ആ മീഡിയ എപ്പിസോഡിനിപ്പുറത്ത് നില്‍ക്കുകയാണ് നാം. ഇതിനിടയില്‍ സ്റ്റിങ് ഓപ്പറേഷന്‍ ഒരു രാഷ്ട്രീയ ആയുധമായി ഇന്ത്യയില്‍ അവതരിപ്പിച്ച തെഹല്‍ക്കയും പലയിടങ്ങളിലായി പരാമര്‍ശിക്കപ്പെട്ട് കണ്ടു. താന്‍ നേതൃത്വം നല്‍കിയ തരം ഓപ്പറേഷന് തന്നെ ഇരയായ തരുണ്‍ തേജ്പാലും ഓർമ്മിക്കപ്പെട്ടു. ഞാനിപ്പോഴും തെഹല്‍ക്കയുടെ ആരാധകനാണ്. വ്യക്തിപരമായ ചെറിയ ഒരു ദൗര്‍ബല്യത്തിന് വലിയ വില കൊടുക്കേണ്ടി വന്ന അതിന്റെ പത്രാധിപരെയും ഞാന്‍ കയ്യൊഴിയാന്‍ വിസമ്മതിക്കുന്നു. നെഹ്‌റുവിനും ഇന്ദിരയ്ക്കും ശേഷം ഇതുപോലൊരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ലല്ലോ നമുക്കെന്ന് സാമൂഹ്യ ശാസ്ത്രജ്ഞനായ രാമചന്ദ്ര ഗുഹ ആശ്ചര്യം കൂറിയത് രാവിലെയാണ് വായിച്ചത്. ഈ മോദിക്കാലത്ത് തെഹല്‍ക്ക പോലൊരു മാധ്യമം ഇല്ലാതെപോയല്ലോ എന്ന ഖേദം മറച്ചു വെയ്ക്കുന്നുമില്ല.

തെഹല്‍കയുടെ "മാധ്യമ അതിക്രമങ്ങള്‍"ക്ക് ന്യായീകരണമുണ്ടായിരുന്നു. അവര്‍ തുറന്നു കാണിച്ച കുറ്റകൃത്യങ്ങളിലൂടെ, അവര്‍ അടിച്ച് വീഴ്ത്തിയ ഉപ്പ്പ്രതിമകളിലൂടെ ഒന്നുകൂടി കടന്നു പോകുക. സ്റ്റിങ് ഓപ്പറേഷനുകളിലൂടെയല്ലാതെ വെളിപ്പെടുത്താനാവില്ലായിരുന്ന കുറ്റകൃത്യങ്ങളാണ് നമ്മുടെ മുന്നില്‍ സാക്ഷി പറയാന്‍ തിരിച്ചെത്തുന്നത്. എന്നാല്‍ മംഗളം ഓപ്പറേഷന്‍ എന്തിനു വേണ്ടിയായിരുന്നു? ഒരു 71 കാരന്റെ കൊച്ചുവര്‍ത്തമാനം ലോകോത്തര കുറ്റകൃത്യമാണെന്ന് സ്ഥാപിക്കാനോ ? വെറും സദാചാര പോലീസിങ്ങല്ലാതെ മറ്റെന്ത്? മംഗളം ദിനപത്രത്തില്‍ എനിക്കുമുണ്ടായിരുന്നു കുറച്ച് കാലം ഒരു പംക്തി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സദാചാര പോലീസിംഗിന് വിധേയമായതിന്റെ പിറ്റേന്ന് അയാളുടെ പക്ഷത്ത് നിന്നും സംസാരിക്കാന്‍ അവസരം ലഭിച്ചത് അന്ന് മംഗളത്തിന്റെ കോളമിസ്റ്റ് ആയതുകൊണ്ടാണെന്നുള്ള കൃതജ്ഞത ഇപ്പോഴും എനിക്ക് അവരോടുണ്ട്. മംഗളത്തിന്റെ സ്ഥാപക പത്രാധിപര്‍ എം.സി വര്‍ഗ്ഗീസിന് തൃശൂരില്‍ ലഭിച്ചൊരു പൊതു സ്വീകരണം കലക്കാന്‍ അദ്ദേഹം ഒരു പൈങ്കിളി പത്രാധിപര്‍ എന്ന ഒറ്റക്കാരണത്താല്‍ ശ്രമിച്ച പഴയ ഒരു ആക്റ്റിവിസ്റ്റ് ഓര്‍മ്മയും ഉണ്ട്. ഇപ്പോഴത്തെ എപ്പിസോഡിന്, മംഗളത്തെ, പക്ഷേ നിരുപാധികം തള്ളിപ്പറയുന്നു. ഏത് നിഷേധാത്മക അനുഭവവും നമുക്ക് ചില നല്ല അവസരങ്ങള്‍ തരാറുണ്ട്. ഈ അനുഭവത്തെയും അങ്ങനെ ഉപയോഗപ്പെടുത്താനാകുമോ നമുക്ക്? അത്തരം ചില ആലോചനകളാണ് തുടര്‍ന്നുള്ള ഏതാനും ചില ഖണ്ഡികകള്‍

"മാഷേ, മാഷ് തന്നെ ഈ പ്രേമലേഖനങ്ങള്‍ പുസ്തകമാക്കാണ്ടേതായിരുന്നു. മൈക്കിന് മുമ്പിലെ സാഗരഗര്‍ജ്ജനം ഓമനേ എന്ന് വിളിക്കുന്നത് കേള്‍ക്കുമ്പോളുള്ള കോരിത്തരിപ്പ് മലയാളത്തിന് നഷ്ടപ്പെട്ടല്ലോ, കഷ്ടം! ഒരൊറ്റ കാര്യത്തിലേ മാഷോട് പരിഭവമുള്ളൂ. പുട്ടിന് തേങ്ങാ ചേര്‍ക്കുന്നതുപോലുള്ള ആ ഓമനേ വിളി ഇത്തിരി കൂടിപ്പോയി, അത്രമാത്രം...."

അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് സുകുമാര്‍ അഴിക്കോടും ബാലചന്ദ്രന്‍ ചുള്ളിക്കാടും തമ്മിലുള്ള പൊതു സംവാദം പെട്ടെന്ന് അവസാനിച്ചത് ഏതാണ്ട് ഈ ഡയലോഗോടെയാണ്. അഴീക്കോടിന്റെ പ്രേമലേഖനങ്ങള്‍ ക്രൈം മാസിക പ്രസിദ്ധീകരിച്ചത് സെന്‍സേഷണല്‍ ആയിരുന്ന സമയത്താണ് ബാലചന്ദ്രന്‍ ഇങ്ങനെ മാഷെ വിളിച്ച് സംസാരിക്കുന്നത്. അഴീക്കോടിനെ പോലൊരാള്‍ ഒരു സ്ത്രീയെ പ്രേമിക്കുന്നതും സുഹൃത്തുക്കളോടൊപ്പം പെണ്ണ് കാണാന്‍ പോകുന്നതും ഇതിനിടയില്‍ ധാരാളം കത്തുകള്‍ പരസ്പരം എഴുതുന്നതും എങ്ങനെ ക്രൈം ആകും? അവര്‍ വിവാഹിതരായില്ല എന്നത് വേറൊരു കാര്യമാണ്. പരസ്പരം പ്രേമിക്കുന്നവരും പ്രേമലേഖനം എഴുതുന്നവരുമെല്ലാം നിര്‍ബ്ബന്ധമായും വിവാഹിതരായിക്കൊള്ളമെന്നില്ലല്ലോ

എ.കെ.ശശീന്ദ്രന്‍ ഏതോ ഒരു സ്ത്രീയുമായി നടത്തിയ ശൃംഗാരം, ഫോണ്‍ സെക്‌സ് എന്നും പറഞ്ഞോളൂ, എങ്ങനെയാണ് രാജിവെയ്ക്കാന്‍ മാത്രമുള്ള കുറ്റകൃത്യമാകുന്നത്? അദ്ദേഹം അധികാരം ദുരുപയോഗപ്പെടുത്തിയതായോ ബലം പ്രയോഗിച്ച് അവിഹിതബന്ധത്തിലേര്‍പ്പെട്ടതായോ പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തവളെന്നോ യാതൊരാരോപണവും ഉണ്ടായിട്ടില്ല. അപ്പുറത്തുള്ള കക്ഷി ആരാണെന്ന് പോലും നമുക്ക് അറിയില്ല. ഈ പ്രായത്തിലും എന്റെ എന്റെ പൂച്ചക്കുഞ്ഞേ... എന്നെല്ലാം അദ്ദേഹത്തിന് ശൃംഗരിക്കാനറിയാം എന്നതിനൊരു രക്തഹാരമല്ലേ യഥാര്‍ത്ഥത്തില്‍ അര്‍ഹിക്കുന്നത്?

ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ മുതലേ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. എന്നാലത് രാജിവെയ്പ്പിലേയ്ക്ക് നയിച്ചത് പി.സി.ചാക്കോ സംഭാവത്തോടെയാണ്. ഒരു സഹപ്രവര്‍ത്തകയെ ചാക്കോയോടൊപ്പം ഔദ്യോഗിക വാഹനത്തില്‍ കണ്ടത്രേ. അങ്ങനെ അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നു. അങ്ങനെയാണ് കേരള കോണ്‍ഗ്രസ് പ്രസ്ഥാനമുണ്ടാകുന്നത് തന്നെ. പിന്നേയും പല കഥകള്‍ വന്നു. കുഞ്ഞാലിക്കുട്ടിയും പി.ജെ.കുര്യനും, പി.ജെ.ജോസഫും നീല ലോഹിതദാസും അബ്ദുള്ളക്കുട്ടിയും പ്രതികളായി. ഇക്കഥകളിലെല്ലാം പക്ഷേ ആവലാതിക്കാരുണ്ടായിരുന്നു. ഐസ്‌ക്രീം പാര്‍ലര്‍ കേസ് ഇപ്പോഴും ഏതോ കോടതികളിലുണ്ടല്ലോ. ചാരക്കേസും സോളാര്‍കേസും തുടരുക തന്നെയാണ്.

കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തന്റെ സഹപ്രവര്‍ത്തകയോടൊപ്പം ആള്‍ക്കൂട്ടത്താല്‍ വളയപ്പെടുന്നതാണ് ശ്രദ്ധിക്കപ്പെട്ട മറ്റൊരു സംഭവം. ഒരു വീട്ടിലേക്ക് അവര്‍ പ്രവേശിച്ചതേയുള്ളൂ. ഒരു "അവിഹിത"ത്തിനു അവസരം നല്‍കാതെ പി.ഡി.പിയുടെയും ഡി.വൈ.എഫ്.ഐയുടെയും നേതൃത്വത്തിലുള്ള ആള്‍ക്കൂട്ടം വളയുകയാണുണ്ടായത്. ഞങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലാണ്, ഒരുമിച്ച് കിടക്കാന്‍ തന്നെയാണ് പ്ലാനെന്നും വിചാരിച്ചോളൂ. അതിന് നിങ്ങള്‍ക്കെന്ത് എന്ന നിലപാടാണ് യഥാര്‍ത്ഥത്തില്‍ ഉണ്ണിത്താന്‍ എടുക്കേണ്ടിയിരുന്നത്. പക്ഷേ അയാള്‍ പരിഭ്രമിച്ചു പോയി. കോടതിയിലെങ്കിലും ആ നിലപാടില്‍ നിന്ന് വാദിക്കാമായിരുന്നു. എങ്കിലത് സ്വകാര്യത എന്ന അവകാശത്തിനു വേണ്ടിയുള്ള മറ്റൊരു പോരാട്ടമാകുമായിരുന്നു.

ഏറ്റവും ഒടുവിലത്തെ മംഗളം എപ്പിസോഡ് എല്ലാ അതിരുകളും ലംഘിക്കുന്നതായെന്നത് ശരി. പക്ഷേ അത് അപ്രതീക്ഷിതമായി ആകാശത്ത് നിന്ന് പൊട്ടിവീണതൊന്നുമല്ല. റേറ്റിംഗിനു വേണ്ടി, നിലനില്‍പ്പിനും അതിജീവിക്കാനും വേണ്ടി ഒരേ കളി തന്നെയാണ് ഏതാണ്ട് എല്ലാവരും കളിക്കുന്നത്. അതുകൊണ്ട് ഈ സംഭവം ഏതെങ്കിലും ഒരു ചാനലിനെ ഒറ്റപ്പെടുത്താനല്ല, നേരെ മറിച്ച് പൊതുവായുള്ള ഒരു വീണ്ടുവിചാരത്തിനാണ് നമ്മുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്. മാധ്യമങ്ങള്‍ മാത്രമല്ല ഏതാണ്ട് എല്ലാവരും പരസ്പരം ഒളിഞ്ഞുനോട്ടക്കാരാകുന്ന ഒരു സമൂഹത്തിൽ ആര്‍ക്കും ഒറ്റയ്‌ക്കൊറ്റയ്‌ക്കോ കൂട്ടായോ വിശുദ്ധരാകാനൊന്നുമാകില്ല. ഓരോ സമൂഹത്തിനും അവര്‍ അര്‍ഹിക്കുന്ന മാധ്യമങ്ങളും മാധ്യമസംസ്‌കാരവും ലഭിക്കുന്നു.

തെരഞ്ഞെടുക്കപ്പെട്ട് നമ്മെ ഭരിക്കുന്നവര്‍ സംസ്‌കാരികമായി എങ്ങനെയുള്ളവരാകണമെന്നാണ് നാം ആഗ്രഹിക്കുന്നത്? കാമുകിയായ മോഡലുമൊത്ത് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്ന പ്രസിഡന്റ് സദാചാര പ്രശ്‌നമൊന്നും ആകാറില്ല ഫ്രാന്‍സില്‍. പ്രസിഡന്റായാലെന്ത്? അയാള്‍ക്കും വേണമല്ലോ സ്വകാര്യ ജീവിതം. അയാളെ അയാളുടെ പാട്ടിന് വിടുകയാണ് പക്വതയുള്ള ഒരു സമൂഹത്തിന് ചെയ്യാവുന്നത്. എന്നാല്‍ അമേരിക്ക അങ്ങനെയല്ല. അവരുടെ പ്രസിഡന്റിന്റെ കൗമാരകാലം പോലും ചിലപ്പോള്‍ അണ്ടര്‍വെയര്‍ ഉയര്‍ത്തിപ്പിടിച്ച് കടന്നുവരുകയും കോലാഹലമുണ്ടാക്കുകയും ചെയ്‌തേക്കാം. പരസ്യമായ ഇംപീച്ച്‌മെന്റിന് വരെ ഈ ഒരൊറ്റ സംഭവം മതിയാകും. പൗരന്മാര്‍ക്ക് എങ്ങനെയും ജീവിക്കാം. എന്നാല്‍ തങ്ങളുടെ പ്രസിഡന്റ് അങ്ങനെയാകരുതെന്നാണ് അവരുടെ നിലപാട്.

ഒരു സമൂഹം എന്ന നിലയില്‍ നാം ഇവരില്‍ ആരുടെ കൂടെയാണ്? രാഷ്ട്രീയക്കാരും നമ്മെ പോലെ മനുഷ്യര്‍ തന്നെയാണല്ലോ. മാര്‍ക്‌സിന് തന്റെ വേലക്കാരിയില്‍ ഒരു കുഞ്ഞുണ്ടായിരുന്നു എന്നത് ഡി.വൈ.എഫ്.ഐക്കാരെ ഇപ്പോഴും നാണിപ്പിക്കുന്നത് എന്തിന്? മഗ്ദല യേശുവിന്റെ കാമുകിയായിരുന്നാല്‍ തന്നെ എന്ത്? മനുഷ്യര്‍ കൂടിയായ ദൈവങ്ങളെയല്ലേ നമുക്ക് വേണ്ടത്? അതുകൊണ്ടാണ് ജോണ്‍ എബ്രഹാം തന്റെ ഫിലിം ഓഫ് എന്‍കൗണ്ടറിലെ ആദ്യത്തെ എപ്പിസോഡ് ഇങ്ങനെ പ്ലാന്‍ ചെയ്തത്-പുത്തരിക്കണ്ടം മൈതാനത്തോ വിദ്യാര്‍ത്ഥി കോര്‍ണറിലോ ചെയ്ത തകര്‍പ്പന്‍ പ്രഭാഷണത്തിനു ശേഷം ഇ.എം.എസ് ആരാധക സഹസ്രങ്ങള്‍ക്കിടയിലൂടെ പുറത്തേക്കിറങ്ങുന്നു. തിക്കിത്തിരക്കി ക്യാമറയുമായി സഖാവിന് അടുത്തെത്തുന്ന ജോണ്‍ പെട്ടെന്ന് ചോദിക്കുന്നു, സഖാവ് ഇപ്പോഴും സ്വയംഭോഗം നടത്താറുണ്ടോ?

നോര്‍മലായ ഒരു സമൂഹമെന്ന് തെളിയിക്കലാണ് മലയാളികള്‍ ആദ്യപടിയായി ചെയ്യേണ്ടിയിരിക്കുന്നത്. സദാചാരപരമായി നാം സാക്ഷരരായ ഒരു സമൂഹമേ അല്ല. യൂണിഫോമിലും അല്ലാതെയുമായി നാം ഓരോരുത്തരും സദാചാര പോലീസുകാരായി മാറുന്നത് അതുകൊണ്ടാണ്. ഓരോരുത്തര്‍ക്കും സ്വകാര്യ ജീവിതത്തിനു കൂടി അവകാശമുണ്ട്. തന്റെ സാമൂഹ്യ ഉത്തരവാദിത്വങ്ങളെ മറികടക്കാത്തിടത്തോളം അത് മന്ത്രിയുടെയും അവകാശമാണ്. മന്ത്രിയും നമ്മിലൊരാളാണല്ലോ.

തെഹല്‍ക കഥയിലും മംഗളം കഥയിലും ഓരോ പെണ്‍കുട്ടികള്‍ ഉണ്ടല്ലോ. ഒരു ഡിന്നര്‍ പാര്‍ട്ടി കഴിഞ്ഞ് ലിഫ്റ്റില്‍ താഴെയിറങ്ങുമ്പോള്‍ മകളുടെ സുഹൃത്ത് കൂടിയായ യുവസഹപ്രവര്‍ത്തകയോട് അല്പം കൂടുതല്‍ സ്വാതന്ത്ര്യം എടുത്തതാണ് തേജ്പാലിന് വിനയായത്. മാപ്പ് പറഞ്ഞുകൊണ്ട് പിന്നീട് അയച്ച എസ്.എം.എസ് വലിച്ചു നീട്ടപ്പെട്ട തെളിവുമായി. അതിന് പിന്നില്‍ ആരൊക്കെയെന്നത് അജ്ഞാതം. ഏതായാലും തെഹല്‍ക്ക എന്ന മാധ്യമ പ്രതിപക്ഷം തുടര്‍ന്ന് തകര്‍ക്കപ്പെട്ടു. അത് ഇന്ത്യയുടെ നഷ്ടം.

മംഗളം കഥയിലെ പെണ്‍കുട്ടി ആദര്‍ശവത്ക്കരിക്കപ്പെട്ട പൈങ്കിളി ചലച്ചിത്രങ്ങളിലെ മാധ്യമനായകശിങ്കങ്ങളാല്‍ ആകര്‍ഷിക്കപ്പെട്ട് ഈ തൊഴിലിലേര്‍പ്പെടുന്നവരില്‍ ഒരാള്‍. ആ പെണ്‍കുട്ടി ചാവേറാക്കപ്പെടുകയാണുണ്ടായത് ഈ കഥയില്‍. മന്ത്രി ശശീന്ദ്രന്‍ രക്ഷപെടും. കുഞ്ഞാലിക്കുട്ടിയും കുര്യനും നീലനും ജോസഫും എല്ലാം രക്ഷപ്പെട്ടല്ലോ. മംഗളവും അജിത്കുമാറും സംഘവും രക്ഷപ്പെടും. നമ്മുടെ പോലീസും കോടതിയുമല്ലേ. യഥാര്‍ത്ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ട അപൂര്‍വ്വം സംഭവങ്ങളേ നമുക്കറിയാവൂ. എല്ലാവരും കൂടിയിപ്പോള്‍ മംഗളത്തിലെ ആ പെണ്‍കുട്ടിയുടെ പിന്നാലെയാണ്. ഒരുമ്പെട്ടവളേ എന്നലറിക്കൊണ്ട്. തുടക്കക്കാരിയായ ആ യുവ മാധ്യമപ്രവര്‍ത്തകയെ നിങ്ങള്‍ക്കെന്ന പോലെ എനിക്കുമറിയില്ല. എന്നാൽ, എന്റെ മകളെക്കാള്‍ പ്രായക്കുറവുള്ള ആ കുട്ടിയുടെ പിന്നാലെയുള്ള ആള്‍ക്കൂട്ടത്തില്‍ ചേരാന്‍ ഞാന്‍ വിസമ്മതിക്കുക തന്നെ ചെയ്യുന്നു.