മത്സ്യം മഹാവിഷ്ണുവിന്റെ അവതാരം ; കഴിക്കുന്നവരെ കൈകാര്യം ചെയ്യുമെന്ന് ഭീഷണി

#

കൊൽക്കത്ത(04.04.2017) : പശു സംരക്ഷണ രാഷ്ട്രീയത്തിന് പിന്നാലെ മത്സ്യം കഴിക്കുന്നതും വിലക്കി സംഘപരിവാർ സംഘടന. തങ്ങളുടെ വർഗീയ രാഷ്ട്രീയത്തിന് വേരോട്ടമില്ലാത്ത ബംഗാളിലേക്ക് കടന്നു കയറാനുള്ള തീവ്ര ശ്രമങ്ങളുടെ ഭാഗമായി രണ്ടു ബംഗാളി ബിംബങ്ങളെയാണ് സംഘപരിവാർ ആക്രമിക്കുന്നതെന്ന് എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ദേവ്ദൻ ചൗധരി ദി വയറിലെഴുതിയ ലേഖനത്തിൽ വ്യക്തമാക്കുന്നു. ബംഗാളി ജീവിതത്തിൽ സുപ്രധാന സ്ഥാനമുള്ള മത്സ്യവും, ബംഗാളിന്റെ സ്വന്തം രവീന്ദ്രനാഥ് ടാഗോറുമാണ് ആ രണ്ടു ബിംബങ്ങൾ. ഇതിന്റെ ഭാഗമായി കഴിഞ്ഞ കുറച്ചു മാസങ്ങളായി ഫെയ്‌സ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ സംഘപരിവാർ അനുകൂലികൾ വലിയ പ്രചാരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ബംഗാളി ഭാഷയിലുള്ള നൂറു കണക്കിന് ട്രോളുകളാണ് സംഘപരിവാർ ട്രോൾ ആർമികൾ പടച്ചു വിടുന്നത്.

ഈ അജണ്ടയുടെ ഭാഗമായാണ് ആൾ ഇന്ത്യ ഫിഷ് പ്രൊട്ടക്ഷൻ കമ്മിറ്റി എന്ന് സ്വയം വിളിക്കുന്ന ഒരു സംഘടന സമൂഹ മാധ്യമങ്ങളിൽ ഉയർന്നു വന്നിട്ടുള്ളത്. മത്സ്യം മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളിൽ ഒന്നാണെന്നും അതിനെ ഭക്ഷണമാക്കുന്നവരെ കായികമായി നേരിടുമെന്നുമാണ് ഈ സംഘടന പ്രചരിപ്പിക്കുന്ന പോസ്റ്റർ. പലരും ഇതിനെ തമാശയായിട്ടാണ് കാണുന്നതെങ്കിലും ഇതത്ര നിസാരമായ കാര്യമല്ലെന്നാണ് ദേവ്ദൻ ചൗധരി പറയുന്നത്. ബംഗാളി ലിബറൽ സംസ്കാരത്തിന് മുകളിലേക്കുള്ള ഹിന്ദുസ്ഥാനി പശു രാഷ്ട്രീയ സംസ്കാരത്തിന്റെ കടന്നു കയറ്റമാണിതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. കവി മൈക്കിൾ മധുസൂദനൻ ദത്തയെ ഹിന്ദു സംസ്കാരം വിട്ട് ക്രിസ്തു മതം സ്വീകരിച്ചവനും, വിദേശിയെ വിവാഹം കഴിച്ചവനും, രാമനെ അധിക്ഷേപിച്ചവനും എന്ന രീതിയിൽ അവതരിപ്പിക്കുന്ന ട്രോളുകളും സംഘപരിവാർ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

ടാഗോര്‍ സ്വഭാവദൂഷ്യമുള്ള ആളാണെന്നും ഹിന്ദു വിരുദ്ധനാണെന്നും ബ്രിട്ടീഷുകാരുടേയും മതേതരവാദികളുടേയും കൂട്ടുക്കൊടുപ്പുകാരനാണെന്നും അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. ഹെലന്‍ കെല്ലര്‍ ടാഗോറിന്‍റെ ചുണ്ടുകള്‍ തൊട്ട് നോക്കുന്ന ഫോട്ടോയാണ് കൊടുത്തിരിക്കുന്നത്. മറുവശത്ത് വന്ദേ മാതരം എഴുതിയ ബങ്കിം ചന്ദ്ര ചാറ്റർജിയെയാണ് യഥാർത്ഥ ഹിന്ദുവായി അവതരിപ്പിക്കുന്നത്. സത്യം പറഞ്ഞതിനാൽ അർഹതപ്പെട്ട നോബൽ സമ്മാനം അദ്ദേഹത്തിന് ലഭിക്കാതെ പോയെന്നും പ്രചാരണങ്ങളുണ്ട്. യാതാർത്ഥ ബംഗാളി ഹിന്ദുവിനെ ഉണർത്താൻ എന്ന പേരിലാണ് ഈ പ്രചാരണങ്ങൾ മുഴുവൻ നടത്തുന്നത്. തങ്ങളുടെ യഥാർത്ഥ ചരിത്രം തിരിച്ചറിയാനാണ് സംഘപരിവാർ ശക്തികൾ നിരന്തരം ആവശ്യപ്പെടുന്നത്. മതത്തിന്റെയും ജാതിയുടേയും പേരില്‍ ജനങ്ങളെ വിഘടിപ്പിക്കുന്നതിനുള്ള പ്രാചരണങ്ങളും ശക്തമാണ്.

നാളെ നടക്കുന്ന രാമനവമിക്ക് തങ്ങള്‍ ശൂലവും വാളുമായി പ്രകടനം നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് പ്രസ്താവിച്ചു കഴിഞ്ഞു. ബംഗാളില്‍ ഇല്ലാത്ത ഒന്നായിരുന്നു രാമ നവമി ആഘോഷങ്ങളെന്നും ഹിന്ദുത്വയുടെ പശു രാഷ്ട്രീയം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമിത്തിന്റെഭാഗമാണിതെന്നും അദ്ദേഹം പറയുന്നു.