ഗ്രാമത്തിലേക്ക് റോഡില്ല ; സഹോദരന്റെ മൃതദേഹം യുവാവ് സൈക്കിളിൽ കെട്ടിവച്ചു വീട്ടിലെത്തിച്ചു

#

ആസ്സാം (19-04-17) : ഗ്രാമത്തിലേക്ക് ഗതാഗത യോഗ്യമായ പാതയോ വാഹന സൗകര്യമോ ഇല്ലാത്തതിനാൽ സഹോദരന്റെ മൃതദേഹം യുവാവ് സൈക്കിളിൽ കെട്ടിവച്ചു വീട്ടിൽ എത്തിച്ചു. ആസ്സാം മുഖ്യമന്ത്രി സർബാനന്ദ സോനോവാളിന്റെ മണ്ഡലമായ മജൂലിയിലാണ് സംഭവം. മജൂലിയിലെ ബാലിജാൻ സ്വദേശിയായ  ഡിംപിൾ ദാസ് എന്ന 18 കാരന്റെ മൃതദേഹമാണ് ബന്ധുക്കൾ സൈക്കിളിൽ കെട്ടിവച്ചു വീട്ടിലേക്കു കൊണ്ടുപോയത്.

ബാലിജാൻ ഗ്രാമത്തിലേക്ക് ഗതാഗത യോഗ്യമായ റോഡില്ല. ഗ്രാമത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്നത് മുള കൊണ്ടുണ്ടാക്കിയ ചെറിയ പാലമാണ്. ഇതുകടന്ന് അടുത്ത ഗ്രാമത്തിൽ എത്തിയാൽ മാത്രമേ ഗതാഗത സൗകര്യം ലഭിക്കൂ. ശ്വാസകോശ സംബന്ധമായ അസുഖം മൂർച്ഛിച്ച ഡിംപിൾ ദാസിനെ ബന്ധുക്കൾ സൈക്കിളിലാണ് ഏറ്റവും അടുത്ത സർക്കാർ ആശുപത്രിയായ ഗാരമൂർ സിവിൽ ആശുപത്രിയിൽ എത്തിച്ചത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ ഡിംപിൾ ദാസിനെ പരിശോധിച്ച്  അടിയന്തിരമായി ചികിത്സ നൽകിയെങ്കിലും മരിക്കുകയായിരുന്നു. തുടർന്ന്  ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി സൈക്കിളിൽ കെട്ടിവച്ച് വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. പ്രാദേശിക മാധ്യമങ്ങൾ സംഭവം റിപ്പോർട്ട് ചെയ്തതോടെ മുഖ്യമന്ത്രി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടു.

ഡിംപിൾ ദാസിനെ ആശുപത്രിയിൽ എത്തിക്കുമ്പോൾ രോഗം മൂർച്ഛിച്ച് ഗുരുതരാവസ്ഥയിൽ ആയിരുന്നതായി ആശുപത്രി സൂപ്രണ്ട് പറഞ്ഞു. അടിയന്തിരമായി ചികിത്സകളും കൃത്രിമ ശ്വാസവും  നൽകിയെങ്കിലും മരിക്കുകയായിരുന്നു. രോഗി മരിച്ചതായി ബന്ധുക്കളെ അറിയിക്കുകയും മൃതദേഹം വീട്ടിൽ എത്തിക്കുന്നതിനായി ആംബുലൻസ് ഏർപ്പാടാക്കുകയും ചെയ്തു. എന്നാൽ ഡ്രൈവർ എത്തുന്നതിനു മുന്നേ ബന്ധുക്കൾ മൃതദേഹവുമായി പോകുകയായിരുന്നുവെന്നും ആശുപത്രി സൂപ്രണ്ട് മാലിക് മിനി പറഞ്ഞു. ആരോഗ്യവകുപ്പ് ഡയറക്ടർ മജൂലിയിൽ എത്തി സംഭവത്തെക്കുറിച്ചു വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി സോനോവാൾ ആവശ്യപ്പെട്ടിരിക്കുകയാണ്.