മാണിയെ വേണ്ടെന്ന് കോൺഗ്രസ്സ് നേതാക്കൾ

#

തിരുവനന്തപുരം (19-4-17): കെ.എം. മാണിയെ  യു.ഡി.എഫിലേക്ക് തിരികെ വിളിക്കുന്നതിൽ കടുത്ത എതിർപ്പുമായി ഒരു വിഭാഗം നേതാക്കൾ . തിരുവനന്തപുരത്ത്  ചേർന്ന കെ.പി.സി.സി നേതൃയോഗത്തിലാണ് മാണി തിരികെ വരുന്നതിനോട്  എം.എൽ.എ മാരായ പി.ടി തോമസ്,ജോസഫ് വാഴക്കൻ എന്നിവരും എം.എം.ജേക്കബും    എതിർപ്പ് പ്രകടിപ്പിച്ചത്. മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ വൻ വിജയത്തിന്റെ പശ്ചാത്തലത്തിൽ കെ.എം. മാണിയും കേരളം കോൺഗ്രസ്സും  യു.ഡി.എഫിലേക്ക് തിരിച്ചുവരണമെന്ന് കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസ്സൻ അഭിപ്രായപ്പെട്ടിരുന്നു.

കെ.എം മാണി യു.ഡി.എഫിനെയും നേതാക്കളെയും അപമാനിച്ചയാളാണെന്നും അപമാനം സഹിച്ച് മാണിയെ തിരികെ വിളിക്കണമോ എന്നത് നേതാക്കൾ തന്നെ തീരുമാനിക്കണമെന്നും പി.ടി. തോമസ് യോഗത്തിൽ പറഞ്ഞു. എന്നാൽ കടുത്ത വിമർശനവുമായാണ് ജോസഫ് വാഴക്കൻ അഭിപ്രായത്തെ എതിർത്തത്. മാണിക്ക് പഴയ പ്രതാപമൊന്നുമില്ലെന്നും ഇല്ലാത്ത ശക്തി പെരുപ്പിച്ച്  കാണിച്ച് മാണിയെ തിരികെ വിളിക്കേണ്ട കാര്യമില്ലെന്നും ജോസഫ് വാഴക്കൻ പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ വോട്ടുനേടിയ ആളാണ് മാണിയെന്നും ജോസഫ് വാഴക്കൻ കുറ്റപ്പെടുത്തി.  ആരെയും പിറകെ നടന്ന് ക്ഷണിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു എം.എം.ജേക്കബിന്റെ അഭിപ്രായം. എന്നാൽ മറ്റുള്ള മുതിർന്ന നേതാക്കൾ ഇതെപ്പറ്റി അഭിപ്രായം പറഞ്ഞില്ല.