തെറി വിളിക്കുന്നതും അശ്ലീലം പറയുന്നതുമാണോ നാടന്‍ശൈലി ?

#

(25-04-17) : മന്ത്രി എം.എം.മണിയുടെ പ്രസംഗങ്ങള്‍ക്കെതിരേ നാനാഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ഉയരവേ മുഖ്യമന്ത്രി പിണറായി വിജയന്‍ മണിയുടെ പ്രസംഗത്തെ നിയമസഭയില്‍ ന്യായീകരിച്ചു. മണിയുടേത് നാടന്‍ ശൈലിയാണെന്നും അതിനെ എതിരാളികള്‍ പര്‍വ്വതീകരിച്ച് രാഷ്ട്രീയ ആയുധമാക്കി മാറ്റുകയാണെന്നുമാണ് പിണറായിയുടെ വിശദീകരണം. ഏറ്റവും ഒടുവിലത്തെ വിവാദ പ്രസംഗമുള്‍പ്പെടെ മണിയുടെ വാചോവിലാസങ്ങള്‍ ആര്‍ക്കും കേള്‍ക്കാന്‍ കഴിയുന്ന തരത്തില്‍ യൂട്യൂബില്‍ ലഭ്യമാണ്. ആ പ്രസംഗങ്ങള്‍ കേട്ടിട്ടുള്ളവരെ മുഖ്യമന്ത്രിയുടെ വിശദീകരണം അത്ഭുതപ്പെടുത്തും.

ആരെയും എന്തും പറയുകയെന്നതാണ് മണിയുടെ ശൈലി. കാര്യകാരണങ്ങള്‍ നിരത്തിയുള്ള വിമര്‍ശനമല്ല അദ്ദേഹം നടത്തുക. പ്രതിപക്ഷ ബഹുമാനം തൊട്ടു തീണ്ടാത്തതാണ് ആ ശൈലി. അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടിപ്പിക്കുന്നതിന് ജനാധിപത്യബോധവും പക്വതയുമുള്ളവര്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ മണിക്ക് പരിചിതമല്ലെന്ന് തോന്നുന്നു. തെറിയും അശ്ലീല ആംഗ്യങ്ങളും മണിയുടെ പ്രസംഗത്തിലെ ഒഴിവാക്കാനാകാത്ത ഐറ്റങ്ങളാണ്.

എന്തോ വിയോജിപ്പിന്റെ പേരില്‍, ഒരു പോളിടെക്‌നിക്കിന്റെ വനിതാ പ്രിന്‍സിപ്പലിനെക്കുറിച്ച് മണി നടത്തിയ പരാമര്‍ശങ്ങള്‍ ഒരു പൊതുപ്രവര്‍ത്തകന്റെ ഭാഗത്തു നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തവയാണ്. അവര്‍ കതകടച്ചിട്ടാണ് പഠിപ്പിക്കുന്നതെന്നും അവിടെ നടക്കുന്നത് "മറ്റേ പണി"യാണെന്നും മണി പറയുന്നു. ഈ "മറ്റേ പണി", മണിയുടെ ഒരു സ്ഥിരം പ്രയോഗമാണ്. കതകടയ്ക്കുന്നതിനെക്കുറിച്ചും അദ്ദേഹത്തിന്  വലിയ ആധിയാണ്. ജിഷ്ണു പ്രണോയിയുടെ അമ്മയെയും കുടുംബാംഗങ്ങളെയും മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നതിനെക്കുറിച്ച് പറയുമ്പോഴും മണി, "കതകടയ്ക്കല്‍" പ്രയോഗം നടത്തുന്നുണ്ട്. കുപ്രസിദ്ധമായ വണ്‍, ടൂ, ത്രീ പ്രസംഗമുള്‍പ്പെടെയുള്ള മണിയുടെ എല്ലാ പ്രസംഗങ്ങളിലും നിറഞ്ഞു നില്‍ക്കുന്നത് അസഹിഷ്ണുതയും പരപുച്ഛവും അശ്ലീല പ്രയോഗങ്ങളുമാണ്.

മണിയുടെ അസഭ്യ പ്രയോഗങ്ങളെയും അശ്ലീല ആംഗ്യങ്ങളെയും സി.പി.എം നേതാക്കള്‍ ന്യായീകരിക്കുന്നത്, അവ നാടന്‍ശൈലിയുടെ ഭാഗമാണെന്ന ന്യായം പറഞ്ഞാണ്. നാടന്‍ശൈലി എന്നതു കൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത് എന്താണെന്നറിയില്ല. നൈസര്‍ഗ്ഗികമായ, കൃത്രിമത്വമില്ലാത്ത സംസാരവും പെരുമാറ്റവുമെന്നാണ് നാടന്‍ശൈലി എന്നു പറയുമ്പോള്‍ സാധാരണ ഗതിയില്‍ മനസ്സിലാക്കുക. ഇവിടെ നാടന്‍ശൈലി എന്ന വിശേഷണം മണിയുടെ പ്രസംഗങ്ങള്‍ക്ക് ചാര്‍ത്തിക്കൊടുക്കുക വഴി തെറി പറയുന്നതും അശ്ലീല ആംഗ്യം കാണിക്കുന്നതുമാണ് നാടന്‍ശൈലി എന്നു വരുത്തിതീര്‍ക്കാനാണ് സി.പി.എമ്മിലെ ഒരു വിഭാഗം നേതാക്കള്‍ ശ്രമിക്കുന്നത്.

വണ്‍, ടൂ, ത്രീ എന്ന് എണ്ണിക്കൊണ്ട് "ഒരുത്തനെ വെട്ടിക്കൊന്നു, ഒന്നിനെ കുത്തിക്കൊന്നു, ഒന്നിനെ വെടിവെച്ച് കൊന്നു" എന്ന് പറയുന്നതാണോ നാടന്‍ ശൈലി? സ്ത്രീകളെക്കുറിച്ച് പറയുമ്പോള്‍ "വേറെ ഇടപാട്", "മറ്റേ പണി", "വേറെ സൂക്കേട്" എന്നൊക്കെ പറയുന്നതാണോ നാടന്‍ശൈലി? ആരെയും എന്തും പറയും, ആരുണ്ട് ചോദിക്കാന്‍? എന്ന ധിക്കാരമാണ് മണിയുടെ വാക്കുകളില്‍ പ്രകടമാകുന്നത്. അധികാരത്തിന്റെ ധാര്‍ഷ്ട്യവും ധിക്കാരവും മോശപ്പെട്ട ഭാഷയില്‍ പ്രകടിപ്പിക്കുന്നതിനെയാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ നാടന്‍ശൈലി എന്ന പേരില്‍ ന്യായീകരിക്കുന്നത്.

വിദ്യാഭ്യാസം കുറവാണ് എന്ന ന്യായവും മണിയുടെ തെറി പ്രസംഗത്തിന് ന്യായീകരണമായി പറയാറുണ്ട്. ഔപചാരിക വിദ്യാഭ്യാസം വളരെ കുറഞ്ഞ നിരവധി നേതാക്കള്‍ കേരളത്തില്‍ എല്ലാ പാര്‍ട്ടികളുടെയും ഉന്നത നേതാക്കളായിട്ടുണ്ട്. അവരാരും ഔപചാരിക വിദ്യാഭ്യാസമില്ലായ്മയെ മറയാക്കി തെറി പറയുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തവരല്ല. തെണ്ടി, നാറി, പരനാറി, വായ്‌നോക്കി തുടങ്ങിയ പദങ്ങളുപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ നേരിടുന്നവര്‍ക്ക് മണിയുടെ പ്രസംഗത്തില്‍ അസഭ്യവും അശ്ലീലവും കാണാന്‍ കഴിയുന്നുണ്ടാവില്ല. പക്ഷേ, ഇതൊക്കെ ജനങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടെന്ന് മാത്രം ആരും മറക്കാതിരിക്കട്ടെ.