മന്ത്രി മണിക്കെതിരെ പരാതി നൽകിയ ജോർജ്ജ് വട്ടുകുളത്തിന്റെ വീട്ടിൽ ഭീഷണിയുമായി പോലീസ്

#

മൂന്നാർ (13-05-17) : മന്ത്രി എം.എം.മണിയുടെ വിവാദ  മൂന്നാർ പ്രസംഗത്തിനെതിരെ പരാതിനൽകിയ ജോർജ്ജ് വട്ടുകുളത്തിന്റെ വീട്ടിൽ ഭീഷണിയുമായി പോലീസ്. വീട്ടിൽ എത്തിയ പോലീസുകാരൻ ഇടുക്കിയിൽ നിന്നാണെന്ന് സ്വയം പരിചയപ്പെടുത്തിയ ശേഷം ചില രേഖകളിൽ ഒപ്പിട്ടു നല്കാൻ ജോർജ്ജ് വട്ടുകുളത്തിന്റെ ഭാര്യയോട് ആവശ്യപ്പെടുകയായിരുന്നു എന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പോലീസ്എത്തി മടങ്ങുന്നതിന്റെ ദൃശ്യങ്ങളും ചാനൽ സംപ്രേക്ഷണം ചെയ്തു.

മൂന്നാറിൽ പൊമ്പിളൈ ഒരുമൈ സമരവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശത്തിനെതിരെ മലയാളവേദി ചെയർമാൻ ജോർജ്ജ് വട്ടുകുളം ഹൈക്കോടതിയിൽ പരാതി സമർപ്പിച്ചിരുന്നു. ഇതിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് എറണാകുളത്തേക്ക് പോയിരുന്ന സമയത്താണ് പോലീസ് വീട്ടിൽ എത്തിയത്. രേഖകളിൽ ഒപ്പിട്ടുനൽകാൻ ജോർജ്ജ് വട്ടുകുളത്തിന്റെ ഭാര്യ വിസമ്മതിച്ചതോടെ മകൻ ഒപ്പിടണമെന്നായി. എന്താണ് രേഖകൾ എന്ന് ചോദിച്ചപ്പോൾ മന്ത്രി മണിക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ട പേപ്പറുകളാണെന്ന് പോലീസുകാരൻ പറഞ്ഞതായി കുടുംബാംഗങ്ങൾ പറയുന്നു. ഒപ്പിട്ടുനൽകാൻ വിസമ്മതിച്ചതോടെ വീടിനു പുറത്തിറങ്ങി ഫോണിൽ ആരോടോ സംസാരിച്ചശേഷം പോലീസ് സംഘം മടങ്ങുകയും ചെയ്തു.

മന്ത്രി മണിക്കെതിരേ പരാതികൊടുത്തതിന്റെ പ്രതികാരം വീട്ടുന്നതിന് തന്നെ കള്ളക്കേസിൽ കുടുക്കാനാണ് പോലീസ് ശ്രമം എന്ന് ജോർജ്ജ് വട്ടുകുളം ആരോപിച്ചു. എന്തുതന്നെ വന്നാലും പരാതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാറിൽ മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടന്ന കയ്യേറ്റം ഒഴിപ്പിക്കലിനിടെയും കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്തു നടന്ന പൊമ്പിളൈ ഒരുമൈ സമരത്തിനിടെയും "മറ്റേപ്പണി" നടന്നുവെന്ന മന്ത്രി എം.എം.മണിയുടെ പ്രസംഗം വൻ വിവാദമായിരുന്നു. മണിയുടെ രാജി ആവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ പ്രവർത്തകർ നിരാഹാര സമരം നടത്തുകയും സംസ്ഥാന വ്യാപകമായി മണിക്കെതിരെ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. വിഷയം നിയമസഭയേയും പ്രക്ഷുബ്ധമാക്കിയിരുന്നു.