ലിംഗഛേദനം പാടില്ലായിരുന്നുവെന്ന് മുകളിൽ നിന്ന് പൊട്ടിവീണ മാന്യന്മാർ

#

(21.05.2017) : കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് തനിക്കെതിരെ ലൈംഗികാക്രമണം നടത്താൻ ശ്രമിച്ച സന്യാസിയുടെ ലിംഗം മുറിച്ച യുവതിയുടെ നടപടി തെറ്റായിപ്പോയി എന്ന് ശശി തരൂർ എം.പി. പോലീസിനെ അറിയിക്കുകയായിരുന്നു യുവതി ചെയ്യേണ്ടിയിരുന്നതെന്നും നിയമം കയ്യിലെടുത്തത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. യുവതിയുടെ നടപടി പരക്കെ സ്വാഗതം ചെയ്യപ്പെട്ടപ്പോൾ വ്യത്യസ്ത അഭിപ്രായം പറഞ്ഞത് ശശി തരൂർ മാത്രമല്ല. അഭിഭാഷകർ, സാമൂഹ്യപ്രവർത്തകർ തുടങ്ങി പല പ്രമുഖ വ്യക്തികളും സമാനമായ അഭിപ്രായങ്ങൾ പങ്കു വെച്ചു. ശശി തരൂർ അങ്ങനെ ഒരു അഭിപ്രായം പറഞ്ഞതിൽ അത്ഭുതമില്ല. നാട്ടിൽ പോലീസുൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത് എങ്ങനെയാണെന്നതിനെക്കുറിച്ച് നേരിട്ടുള്ള പ്രായോഗികാനുഭവങ്ങൾ തരൂരിനുണ്ടാകാൻ സാധ്യതയില്ല. പക്ഷേ, ക്രിമിനൽ കേസുകളിൽ വൈദഗ്ദ്ധ്യം നേടിയിട്ടുള്ള അഭിഭാഷകർ, നമ്മുടെ സംവിധാനങ്ങളെക്കുറിച്ച് മറ്റാരെക്കാളും നന്നായി അറിയേണ്ടവരാണ്.

ആത്മരക്ഷാർത്ഥം നടത്തിയ പ്രത്യാക്രമണമോ, പീഡിപ്പിച്ചതിലുള്ള പക മൂലം ആലോചിച്ചുറപ്പിച്ച് നടത്തിയ ആക്രമണമോ, രണ്ടായാലും ഈ മാർഗ്ഗം സ്വീകരിച്ചതുകൊണ്ട് യുവതിക്ക് തനിക്ക് നേരിടേണ്ടി വന്ന അനീതി സമൂഹത്തിന് മുന്നിലെത്തിക്കാൻ കഴിഞ്ഞു. യഥാവിധി നിയമസംവിധാനങ്ങളെ സമീപിക്കാൻ യുവതി തീരുമാനിച്ചിരുന്നെങ്കിൽ അവർക്ക് നീതി ലഭിക്കാൻ നമ്മുടെ നാട്ടിലെ ഇന്നത്തെ രീതിയനുസരിച്ച് ഒരു സാധ്യതയുമുണ്ടായിരുന്നില്ല. സംഘപരിവാർ സംഘടനകളുമായി അടുത്ത ബന്ധം പുലർത്തുന്ന, പ്രധാനപ്പെട്ട ഒരു ആശ്രമത്തിന്റെ പ്രതിനിധിയായ പ്രമുഖനായ ഒരു സന്യാസി, തന്നെ ലൈംഗികമായി ആക്രമിച്ചെന്ന് ഒരു സാധാരണ യുവതി ആരോപണമുന്നയിച്ചാൽ, അവർക്ക് നീതി ലഭിക്കില്ല എന്ന കാര്യത്തിൽ ആർക്കെങ്കിലും സംശയമുണ്ടോ? പ്രമുഖ വ്യക്തികൾക്കെതിരെയുള്ള ഏത് ലൈംഗികാക്രമണ കേസിലാണ് ഇവിടെ ഇരകൾക്ക് നീതി ലഭിച്ചിട്ടുള്ളത്?

ആക്രമണത്തിന് മുതിരുന്ന ആളിന്റെ ലിംഗം മുറിക്കുകയാണ് ലൈംഗികാക്രമണം ഉണ്ടാകുമ്പോൾ ചെയ്യേണ്ടത് എന്ന രീതിയിൽ കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തെ ലഘൂകരിക്കാനാവില്ല. വർഷങ്ങളോളം തന്നെ പീഡിപ്പിച്ച ഒരാൾ രക്ഷപ്പെട്ടു പോകാൻ പാടില്ല എന്ന് നിശ്ചയിച്ച ഒരു സാധാരണ യുവതി സ്വയം കണ്ടെത്തിയ മാർഗമായി വേണം ലിംഗച്ഛേദനസംഭവത്തെ ഇതുവരെ ലഭ്യമായ വിവരങ്ങൾവെച്ച് മനസ്സിലാക്കേണ്ടത്. അഴിമതി നിറഞ്ഞ ഇന്നത്തെ നിയമസംവിധാനത്തിലുള്ള വിശ്വാസമില്ലായ്മയാണ് ഈ നടപടിക്ക് തന്നെ പ്രേരിപ്പിച്ചതെന്ന്, നിയമ വിദ്യാർത്ഥിയാണെങ്കിൽ പോലും ആ യുവതി തിരിച്ചറിഞ്ഞിരിക്കണമെന്നില്ല. ഇങ്ങനെ ഒരു കൃത്യം ചെയ്യാൻ ഒരു സാധാരണ സ്ത്രീ നിർബ്ബന്ധിതയാകുന്നത്, അങ്ങേയറ്റത്തെ നിസ്സഹായാവസ്ഥയിലാണ്. നിയമം കയ്യിലെടുക്കരുതായിരുന്നു എന്ന് ഉപദേശിക്കുന്നവരെപ്പോലെ വേറൊരു കൂട്ടരുണ്ട്. യുവതിയുടെ പ്രവൃത്തിയെ കാല്പനികമായി മഹത്വവൽക്കരിക്കുകയും അതിവൈകാരികമായി പ്രതികരിക്കുകയും ചെയ്യുന്ന അക്കൂട്ടരും യഥാർത്ഥ സാഹചര്യം മനസ്സിലാക്കുന്നുണ്ട് എന്ന് തോന്നുന്നില്ല.

തനിക്കെതിരെയുള്ള ആക്രമണത്തിന് കീഴ്പ്പെടാൻ തയ്യാറാകാതെ പ്രതിരോധിക്കാൻ തയ്യാറായ ഒരു യുവതിക്ക് സൗജന്യ ഉപദേശം നൽകാൻ മുന്നോട്ടു വരുന്ന മഹാന്മാരോട് ഒരു ചോദ്യം മാത്രം. നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന സ്ത്രീ സുരക്ഷാ സംവിധാനത്തെക്കുറിച്ച് സൂക്ഷ്മമായും സത്യസന്ധമായും മനസ്സിലാക്കാൻ ശ്രമിച്ചതിനുശേഷം ആക്രമണത്തോട് പ്രതികരിക്കുന്നവരെ ഉപദേശിക്കാൻ ഇറങ്ങുന്നതല്ലേ നല്ലത്?