പ്ലസ് ടു അധ്യാപകരുടെ സ്ഥലമാറ്റം വിദ്യാഭ്യാസ വകുപ്പ് അട്ടിമറിക്കുന്നു ?

#

തിരുവനന്തപുരം (28-05-17) : ;കഴിഞ്ഞ രണ്ടു വര്‍ഷമായി നടപ്പാകാതിരുന്ന ഹയര്‍സെക്കണ്ടറി അധ്യാപകരുടെ സ്ഥലമാറ്റം ഇത്തവണയും അട്ടിമറിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. സര്‍ക്കാര്‍ തന്നെ 2017 മാര്‍ച്ചില്‍ പുറത്തിറക്കിയ കരട് മാനദണ്ഡങ്ങളാണ് (ജി ഓ 06/ 2017) ഇപ്പോഴത്തെ സംശയങ്ങള്‍ക്ക് അടിസ്ഥാനം.

നിലവിലെ കരട് പ്രകാരം മെയ് 31 നു മുന്‍പായി സ്ഥലമാറ്റം സംബന്ധിച്ച ഉത്തരവ് പുറത്തിറക്കണമെന്നിരിക്കെ ഇതിനു വേണ്ട യാതൊരു നടപടികളും ഹയര്‍സെക്കണ്ടറി വകുപ്പ് കൈക്കൊണ്ടിട്ടില്ല എന്നാണ് അറിയുവാന്‍ കഴിയുന്നത്. ഹയര്‍സെക്കന്‍ഡറി വിദ്യാഭാസ ഡയറക്ടര്‍ ആയി നിയമിക്കപ്പെട്ട പ്രശാന്ത് ഐ.എ എസ് ചാര്‍ജ് എടുക്കാന്‍ വൈകുന്നു എന്നുള്ളതും സ്ഥലമാറ്റ നടപടികള്‍ വൈകാന്‍ കാരണമാകുന്നു. നിലവില്‍ 5 മുതല്‍ 10 വര്‍ഷംവരെയായി തങ്ങളുടെ മാതൃ ജില്ലയില്‍ മാത്രം സേവനമനുഷ്ഠിച്ചിട്ടുള്ള മുതിര്‍ന്ന അധ്യാപകരെ സംരക്ഷിക്കാനുള്ള ഭരണാനുകൂല സര്‍വീസ് സംഘടനയുടെ താത്പര്യമാണ് പുതിയ കരടില്‍ നിഴലിക്കുന്നത് എന്നാണ്  പൊതുവെയുള്ള വിമര്‍ശനം.

പുതിയ കരട് പ്രകാരം പ്ലസ് ടു അധ്യാപകരുടെ ഹോം സ്റ്റേഷന്‍ അതതു ഉദ്യോഗസ്ഥരുടെ വിദ്യാഭാസ ജില്ലയായി പുനര്‍നിശ്ചയിച്ചിരിക്കുകയാണ്. നാളിതുവരെ സ്ഥലമാറ്റത്തിന്റെ മാനദണ്ഡം റവന്യു ജില്ലയായിരുന്നു. സ്റ്റേറ്റ് വൈഡ് നിയമനം മാനദണ്ഡമായുള്ള വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്കോ മറ്റു വകുപ്പുകള്‍ക്കോ ഈ പുതിയ മാനദണ്ഡം ബാധകമല്ല എന്നുള്ള വസ്തുത, പ്ലസ് ടു അധ്യാപകരുടെ സ്ഥലമാറ്റം അട്ടിമറിക്കുന്നു എന്നുള്ള വാദത്തിനു കൂടുതല്‍ ബലം നല്‍കുന്നു. ഗവണ്മെന്റ് ജീവനക്കാരുടെ സ്ഥലമാറ്റത്തിനുള്ള പൊതു മാനദണ്ഡങ്ങള്‍ എന്ത് കൊണ്ടാണ് പ്ലസ് ടു അധ്യാപകരുടെ സ്ഥലംമാറ്റത്തിന് ബാധകമാകാത്തതെന്ന ചോദ്യം കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിവെക്കുന്നു.

പുതിയ കരട് പ്രകാരം പ്ലസ് ടു അധ്യാപകർക്ക് അവരുടെ വിദ്യാഭ്യാസ ജില്ലയിലേക്ക് മാത്രമേ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാൻ കഴിയൂ എന്നുള്ള നിബന്ധന തന്നെ മറ്റു ജില്ലകളിൽ ജോലി ചെയുന്ന അദ്ധ്യാപകരുടെ സ്ഥലംമാറ്റ സാധ്യതയെ ഹനിക്കുന്നതാണ്. മാതൃ ജില്ലയിൽ നിന്നും 400 കിലോമീറ്ററിൽ അധികം ദൂരെ ജോലിചെയ്യുന്ന അധ്യാപകനും സ്വന്തം വിദ്യാഭ്യാസ ജില്ലക്ക് പുറത്തു എന്നാൽ അതെ റവന്യു ജില്ലയിൽ ജോലി ചെയുന്ന അധ്യാപകനും സ്ഥലംമാറ്റത്തിന് ഒരേ മാനദണ്ഡമാണ് പുതിയ കരട് പ്രകാരം സംജാതമാകുന്നത്. ഈ അവസ്ഥയിൽ സീനിയോറിറ്റിയുള്ള അധ്യാപകർക്കു അവരുടെ റവന്യു ജില്ലയിൽ തന്നെ തുടരാനുള്ള സൗകര്യമൊരുങ്ങും. ഇത് തന്നെയാണ് സ്ഥലമാറ്റം അട്ടിമറിക്കുന്ന സർവീസ് സംഘടനകളുടെയും ലക്ഷ്യമെന്നാണ് ഉയർന്നു വരുന്ന ആരോപണം. തെക്കൻ ജില്ലകളിൽ ജോലി ചെയുന്ന മുതിർന്ന ഹയർ സെക്കണ്ടറി അധ്യാപകരെ അതാതു റെവന്യു ജില്ലകളിൽ തുടരാൻ ഉള്ള സാഹചര്യം സൃഷ്ടിക്കുകയാണ് സർവീസ് സംഘടനകളുടെ ലക്‌ഷ്യം.

പുതിയ കരടു പുറത്തിറങ്ങിയപ്പോള്‍ തന്നെ ഇതിനെതിരെ കടുത്ത വിമര്‍ശനം ഉയരുകയും, അതിന്റെ ഫലമായി കരടിലെ അപാകതകള്‍ പരിഹരിക്കാനായി വിദ്യാഭ്യാസ വകുപ്പ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത്തില്‍ കൂടുതല്‍ പേരും എയ്ഡഡ് സ്‌കൂള്‍ അധ്യാപകരാണെന്നുള്ള വിമര്‍ശനവും ഉണ്ട്. മാത്രവുമല്ല കരടിന്മേല്‍ നടന്ന ചര്‍ച്ചയുടെ മിനുട്‌സ് ഇതുവരെ വിവരാവകാശ പ്രകാരം ലഭ്യമായിട്ടില്ല എന്നുള്ള വസ്തുതയും വിദ്യാഭാസ വകുപ്പിനു ഇതില്‍ നിക്ഷിപ്ത താല്പര്യം ഉണ്ട് എന്നുള്ള വാദത്തിനു ശക്തി പകരുന്നു.

രണ്ടര ലക്ഷത്തോളം വരുന്ന വിദ്യാര്‍ത്ഥികളുടെ പ്രവേശന നടപടികള്‍ ഒരു മാസം കൊണ്ട് പൂര്‍ത്തിയാക്കുന്ന ഹയര്‍ സെക്കണ്ടറി വകുപ്പിന് 25000 അധ്യാപകരുടെ സ്ഥലംമാറ്റ നടപടികള്‍ വൈകിപ്പിക്കുന്നതിനു എന്ത് ന്യായീകരണമാണ് നല്കാന്‍ കഴിയുക എന്ന ചോദ്യം വളരെ പ്രസക്തമാണ്. എല്ലാ വകുപ്പുകളിലും സുതാര്യം സ്ഥലമാറ്റം ഓണ്‍ലൈനില്‍ നടക്കുമ്പോള്‍, പ്ലസ് ടു അധ്യാപകര്‍ അനുഭവിക്കുന്ന വിവേചനം ചോദ്യം ചെയ്യപ്പെടേണ്ടതാണ്.