പാർട്ടി പത്രത്തിലെ പരസ്യത്തിൽ വകുപ്പ് മന്ത്രിയെ വെട്ടി

#

തിരുവനന്തപുരം (29-05-17) : കേരളത്തെ സമ്പൂർണ്ണ വൈദ്യുതീകരണ സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള സർക്കാർ നീക്കത്തെ തള്ളിയ വൈദ്യുത മന്ത്രി എം.എം.മണി പരസ്യത്തിൽ നിന്ന് പുറത്ത്. വികസന കുതിപ്പോടെ ജനകീയ സർക്കാരിന്റെ ഒന്നാം വാർഷികം, ജനകീയ സർക്കാരിന് അഭിവാദ്യങ്ങളോടെ എന്ന് ഗവണ്മെന്റ് ഇലക്ട്രിക്കൽ കോൺട്രാക്‌റ്റേഴ്‌സ് അസോസിയേഷൻ നൽകിയിരിക്കുന്ന പരസ്യത്തിലാണ് മന്ത്രി മണിയെ ഒഴിവാക്കിയിരിക്കുന്നത്. ദേശാഭിമാനി തിരുവനന്തപുരം എഡിഷനിലാണ് പരസ്യം.

സർക്കാരിന്റെ വികസന പദ്ധതികൾ എടുത്തു പറഞ്ഞിരിക്കുന്ന പരസ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ , പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ, ആരോഗ്യമന്ത്രി കെ.കെ.ശൈലജ, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സി.പി.എം നേതാവ് വി.ശിവൻകുട്ടി എന്നിവരുടെ ചിത്രങ്ങളാണ് നൽകിയിരിക്കുന്നത്. 119000 കോടി രൂപയുടെ പദ്ധതികൾ പൂർത്തിയാക്കി പൊതുമരാമത്ത് വകുപ്പ് വികസനത്തിന്റെ മുൻ നിരയിൽ , സമ്പൂർണ്ണ വൈദ്യുതീകരണം നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം, ആരോഗ്യമേഖലയിലെ സമഗ്ര പരിഷ്കരണവുമായി ആർദ്രം പദ്ധതി, കിഫ്‌ബി വഴി 25000 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ, അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം തുടങ്ങി സർക്കാരിനെ പുകഴ്ത്തുന്നതാണ് പരസ്യം. പരസ്യത്തിൽ പരാമർശിക്കുന്ന എല്ലാ വകുപ്പുകളുടെയും മന്ത്രിമാരുടെ ചിത്രങ്ങൾ നൽകിയപ്പോൾ എം.എം.മണിമാത്രമാണ് ഒഴിവാക്കപ്പെട്ടത്. മത്രവുമല്ല പരാമർശം ഇല്ലാത്ത ദേവസ്വം വകുപ്പിന്റെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചിത്രം ഉൾപ്പെടുത്തുകയും ചെയ്തു.

സർക്കാരിന്റെ സമ്പൂർണ്ണ വൈദ്യുതീകരണത്തെ തള്ളിയ മന്ത്രി മണിയെ  പരസ്യത്തിൽ നിന്ന് ഒഴിവാക്കിയത് രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കമിട്ടുകഴിഞ്ഞു. മെയ് 30 ന് കേരളത്തെ സമ്പൂർണ്ണ വൈദ്യുതീകരണ സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കാൻ ഒരുങ്ങുമ്പോഴായിരുന്നു അത് വെറുമൊരു പ്രഖ്യാപനം മാത്രമാണെന്ന തരത്തിൽ എം.എം.മണിയുടെ പ്രതികരണം ഉണ്ടായത്. ദിനം പ്രതി പുതിയ വീടുകൾ ഉണ്ടാകുന്ന സംസ്ഥാനത്ത് എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുക എന്നത് പ്രായോഗികമല്ല എന്നായിരുന്നു എം.എം.മണിയുടെ നിലപാട്. സമ്പൂർണ്ണ വൈദ്യുതീകരണ പ്രഖ്യാപനത്തിനെതിരെ  വകുപ്പ് മന്ത്രിതന്നെ രംഗത്ത് വന്നതോടെ സർക്കാർ പ്രതിരോധത്തിലായി.

സർക്കാർ തീരുമാനത്തിനെതിരെ നിലപാടെടുത്ത മന്ത്രി എം.എം മണി പരസ്യത്തിൽ വേണ്ട എന്ന തീരുമാനമാണോ അതോ അദ്ദേഹത്തെ മന്ത്രിയായി അംഗീകരിക്കാനുള്ള സംഘടനയുടെ വിഷമമാണോ പുറത്താകലിന് പിന്നിലെന്ന് വ്യക്തമല്ല. വൈദ്യുതി വകുപ്പിലെ കരാർ ജോലികൾ ഏറ്റെടുക്കുന്ന കോൺട്രാക്ടർമാരുടെ സംഘടന തന്നെ മന്ത്രിയുടെ ചിത്രം നൽകാതെ മുൻ മന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തി പരസ്യം നൽകിയതാണ് വിവാദമാകുന്നത്. പാർട്ടി പത്രത്തിൽ അച്ചടിച്ചുവന്ന പരസ്യത്തിൽനിന്നുള്ള ഇത്തരം ഒരു പുറത്താകൽ പാർട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകളുടെ സൂചനയാണെന്ന് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നു.