യോഗി ആദിത്യനാഥ് കേരളത്തെ എതിർക്കുന്നതെന്തിന് ?

#

(29-05-17) : കേരളത്തില്‍ നടക്കുന്ന ബീഫ് ഫെസ്റ്റിവലുകളില്‍ രോഷാകുലനാണ് യോഗി ആദിത്യനാഥ്. കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനുശേഷവും കേരളത്തില്‍ ബീഫ് പാര്‍ട്ടി നടക്കുന്നതെങ്ങനെയെന്നാണ് ആദിത്യനാഥിന്റെ ചോദ്യം. ലക്‌നൗവില്‍ എ.ബി.വി.പി സംഘടിപ്പിച്ച ചടങ്ങില്‍ യോഗി ആദിത്യനാഥ് സംസാരിച്ചതു മുഴുവന്‍ കേരളത്തെക്കുറിച്ചായിരുന്നു. മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കണമെന്ന പറച്ചില്‍ ധാരാളം നടക്കുന്നുണ്ട്. മതേതരത്വത്തിന്റെ പേരിലാണ് പല സംഘടനകളും ഇതാവശ്യപ്പെടുന്നത്. കേരളത്തിലെ ബീഫ് പാര്‍ട്ടിയെക്കുറിച്ച് അവയൊക്ക മൗനം പാലിക്കുന്നതിന്റെ കാരണം ആരായുകയാണ് ആദിത്യനാഥ്. സാധാരണഗതിയില്‍, കേരളം എന്ന് ഒരു സംസ്ഥാനം നിലവിലുണ്ട് എന്ന് നടിക്കുക പോലും ചെയ്യാത്തവരാണ് ആദിത്യനാഥിനെപ്പോലുള്ള വടക്കേയിന്ത്യന്‍ സംഘപരിവാര്‍ നേതാക്കള്‍. ലക്‌നൗവില്‍ എ.ബി.വി.പി യോഗത്തില്‍ ആദിത്യനാഥ്, കൂടുതല്‍ സമയം ചെലവഴിച്ചത് കേരളത്തെക്കുറിച്ച് സംസാരിക്കാനാണ്.

ബീഫ് ഉപയോഗിച്ച് ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും നടത്തുന്ന രാഷ്ട്രീയനീക്കത്തെ ഏറ്റവും ശക്തമായി എതിര്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ബീഫ് ലഭ്യമാക്കാതിരിക്കാനുള്ള ശ്രമങ്ങളെ കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കുന്നില്ല. ബീഫ് വില്പനയില്‍ വലിയ കുതിച്ചു ചാട്ടമാണ് ഈ ദിവസങ്ങളിലുണ്ടാകുന്നത്. കേന്ദ്ര സർക്കാർ ഉത്തരവ് തങ്ങളുടെ അവകാശങ്ങളുടെ മേലുള്ള കൈകടത്താലാണെന്ന തിരിച്ചറിവിൽ നിന്ന് അതിനോടുള്ള വെല്ലുവിളിപോലെയാണ് ജനങ്ങള്‍ സ്വമേധയാ ബീഫ് വാങ്ങാന്‍ മുന്നോട്ടു വരുന്നത്. ജനങ്ങളില്‍ നിന്നുയരുന്ന സ്വാഭാവികമായ ഈ പ്രതിഷേധത്തിന്റെ ആഴം അളക്കാന്‍ ബി.ജെ.പിക്ക് കഴിയുന്നില്ല. കേരളം തങ്ങള്‍ക്ക് തീര്‍ത്തും അന്യമായ സംസ്‌കാരവും രാഷ്ട്രീയവും പിന്തുടരുന്ന സംസ്ഥാനമാണെന്ന് ബി.ജെ.പിയുടെ വടക്കേയിന്ത്യന്‍ നേതൃത്വം കരുതുന്നു. ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍ എന്ന സംഘപരിവാര്‍ മുദ്രാവാക്യത്തില്‍ മദ്രാസിയും മലയാളവുമൊന്നും ഉള്‍പ്പെടുന്നില്ല.

വേഷത്തിലും ഭാഷയിലും ആചാരങ്ങളിലും തങ്ങളില്‍ നിന്ന് വിഭിന്നമായ രീതികള്‍ പിന്തുടരുന്ന ഈ തെക്കന്‍ സംസ്ഥാനത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ "സനാതന" ഹൈന്ദവതയുടെ വക്താക്കളായ സംഘപരിവാര്‍ നേതാക്കള്‍ക്ക് ഒരു ധാരണയുമില്ല. എല്‍.കെ.അദ്വാനി, സുഷമ സ്വരാജ് തുടങ്ങിയ ഇംഗ്ലീഷ് സംസാരിക്കുന്ന നേതാക്കള്‍, ചടങ്ങിനു വേണ്ടിയെങ്കിലും കേരളത്തോടുള്ള പുച്ഛവും വിരോധവും ഒളിപ്പിച്ചുവെയ്ക്കാന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. മോദി, അമിത്ഷാ, ആദിത്യനാഥ് മോഡല്‍ നേതാക്കളുടെ ഭാഷയില്‍ കേരളത്തിന്റെ രാഷ്ട്രീയസംസ്‌കാരത്തോടുള്ള അവജ്ഞയും പുച്ഛവും നിഴലിച്ചു കാണുക പതിവാണ്. വിവിധ ജാതികളിലും മതങ്ങളിലും പെട്ടവര്‍ ഇട കലര്‍ന്നു കഴിയുക, വ്യത്യസ്ത ജാതിമത വിഭാഗങ്ങളില്‍പെട്ടവര്‍ തമ്മില്‍ ഭക്ഷണത്തിലോ വേഷത്തിലോ ഒന്നും വ്യത്യാസമില്ലാതിരിക്കുക തുടങ്ങിയതൊന്നും ആദിത്യനാഥിനും കൂട്ടർക്കും ദഹിക്കുന്ന കാര്യങ്ങളല്ല.

ബീഫ് നിരോധിക്കാന്‍ ഒരിക്കലും തയ്യാറായിട്ടില്ലാത്ത സംസ്ഥാനമാണ് കേരളം. പുതിയ ഉത്തരവ് വഴിയും കേരളത്തെ മെരുക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയില്ല. ബീഫിനെ ഒരു വിഷയമാക്കി ഉയര്‍ത്തിക്കൊണ്ടുവന്നാല്‍ കേരളത്തില്‍ അത് ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്ന് സംസ്ഥാനത്തെ പ്രായോഗിക ബുദ്ധിയുള്ള ബി.ജെ.പി നേതാക്കള്‍ക്കറിയാം. പക്ഷേ, കേന്ദ്രനേതൃത്വത്തോട് പറയാന്‍ ഒരാള്‍ക്കും ധൈര്യമില്ല. എന്നല്ല, കേരളത്തില്‍ അതെങ്ങനെ ബാധിക്കും എന്ന് നോക്കി തീരുമാനമെടുക്കാന്‍ ബി.െജെപി കേന്ദ്രനേതൃത്വം തയ്യാറാകുകയുമില്ല.

കേരളമുള്‍പ്പെടെ ബീഫ് നിരോധനത്തിനെ അനുകൂലിക്കാത്തവരുമായി ഏറ്റുമുട്ടലിന് തയ്യാറാകുകയാണ് വേണ്ടതെന്ന സന്ദേശമാണ് ആദിത്യനാഥ് നല്‍കുന്നത്. അത്തരം ഏറ്റുമുട്ടലുകളിലൂടെയാണ് ഉത്തരേന്ത്യയില്‍ ബി.ജെ.പി, ജനങ്ങളെ ചേരിതിരിക്കുകയും സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയും പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുള്ളത്. കേരളത്തിനെതിരായ നിലപാട് എന്നാല്‍ കമ്മ്യൂണിസത്തിനും മതന്യൂനപക്ഷത്തിനും ദളിത് വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും ദക്ഷിണേന്ത്യക്കാര്‍ക്കുമെതിരായ നിലപാട് എന്നാണ് യോഗി ആദിത്യനാഥും ആ ലൈന്‍ പിന്തുടരുന്നവരും കണക്കാക്കുന്നത്.

കേരളത്തെ ആക്രമിക്കുക വഴി ഉത്തരേന്ത്യയില്‍ സവര്‍ണ്ണ ഹൈന്ദവത എന്ന തങ്ങളുടെ യഥാര്‍ത്ഥ നിയോജകമണ്ഡലത്തെ തൃപ്തിപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യാന്‍ കഴിയുമെന്ന് ആദിത്യനാഥും കൂട്ടരും കരുതുന്നു. കേരളത്തിനെതിരായ ഓരോ ആക്രമണവും തങ്ങളുടെ യഥാര്‍ത്ഥ അനുയായികളെ ഏകീകരിക്കാന്‍ സഹായിക്കുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. ബീഫിന്റെ പേരില്‍ ഇപ്പോള്‍ ആദിത്യനാഥ് നടത്തിയ ഈ ആക്രമണം, വ്യത്യസ്തമായ വിഷയങ്ങള്‍ മുന്‍നിര്‍ത്തി കേരളത്തിനു നേരേ കൂടുതല്‍ ശക്തിയോടെ വരും കാലങ്ങളില്‍ ആവര്‍ത്തിക്കും.