ബന്ധു നിയമനം : ഇ.പി ജയരാജനെതിരായ കേസ് അവസാനിപ്പിക്കുന്നു

#

തിരുവനന്തപുരം (30-05-17) : ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി ഇ.പി.ജയരാജനെതിരായ കേസ് അവസാനിപ്പിക്കുന്നതായി വിജിലന്‍സ്. പരാതിയില്‍ കഴമ്പില്ലെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് കേസ് അവസാനിപ്പിക്കുന്നതെന്നാണ് വിജിലന്‍സ്  അന്വേഷണ സംഘം ഹൈക്കോടതിയില്‍ അറിയിച്ചിരിക്കുന്നത്.

കേസില്‍ കുറ്റാരോപിതരായവര്‍ സാമ്പത്തികമായോ അല്ലാതെയോ നേട്ടമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് വ്യക്തമാക്കണമെന്ന ഹൈക്കോടതി  നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായി നല്‍കിയ വിശദീകരണത്തില്‍  ജയരാജനെതിരെ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ് കഴിഞ്ഞ ദിവസം തന്നെ കോടതിയെ അറിയിച്ചിരിന്നു. കേസ് ഇന്ന് വീണ്ടും പരിഗണിച്ചപ്പോഴാണ് പരാതിയില്‍ കഴമ്പില്ലാത്തതിനെ തുടര്‍ന്ന് കേസ് അവസാനിപ്പിക്കുന്നതായി വിജിലന്‍സ് അറിയിച്ചിരിക്കുന്നത്.

അഴിമതി നിരോധന നിയമ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് സ്വജനപക്ഷപാതത്തിന് ഇ.പി.ജയരാജനെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ബന്ധുനിയമനത്തിന്റെ മറവില്‍ ആരും സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്നും അതിനാല്‍ തന്നെ കേസ് അഴിമതി നിരോധന നിയമത്തിന്റെ കീഴില്‍ വരില്ലെന്നും പിന്നീട് ഇവര്‍ തന്നെ കോടതിയില്‍ വിശദീകരണം നല്‍കുകയും ചെയ്തു.

നേരത്തെ സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകനും മന്ത്രിക്കെതിരെ കേസെടുത്ത വിജിലന്‍സ് നീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ തന്നെയാണ് പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കില്ലെന്ന സര്‍ക്കാര്‍ വാദത്തെ ശരിവയ്ക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച വിജിലന്‍സ് ജയരജാനെതിരായ കേസ് അവസാനിപ്പിക്കുന്നതായി അറിയിച്ചിരിക്കുന്നത്.