അരുണൻ മാരകരോഗത്തിന്റെ ബാഹ്യലക്ഷണം

#

(31.05.2017) : ആർ.എസ്.എസ് പരിപാടിയിൽ സി.പി.ഐ (എം) എം.എൽ.എ കെ.യു. അരുണൻ പങ്കെടുത്തു എന്നത് ഒട്ടും നിസ്സാരമായി കാണേണ്ട കാര്യമല്ല. ഹെഡ്ഗവാറിന്റെയും ഗോൾവർക്കറുടെയും ചിത്രങ്ങൾ അലങ്കരിച്ച വേദിയിൽ ആർ.എസ്.എസ്സിന്റെ പരിപാടി ഉദ്‌ഘാടനം ചെയ്തതിനുശേഷം, അതിനെക്കുറിച്ച് വിമർശനങ്ങൾ ഉയർന്നപ്പോൾ, ആർ.എസ്.എസ്സിന്റെ പരിപാടിയാണെന്ന് അറിഞ്ഞില്ല എന്ന വിചിത്രമായ ഉത്തരമാണ് അരുണൻ നൽകിയത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയാണ് തന്നെ ആ പരിപാടിക്ക് ക്ഷണിച്ചതെന്ന സംഭ്രമജനകമായ വിശദീകരണവും എം.എൽ.എ നൽകി. ആർ.എസ്.എസ്സിന്റെ പ്രാദേശിക പരിപാടി സംഘടിപ്പിക്കാൻ മുൻകയ്യെടുക്കുന്നത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയാണെന്ന് പറയാൻ സി.പി.എം എം.എൽ.എയ്ക്ക് അല്പം പോലും സങ്കോചമുണ്ടായില്ല. ഇത് ഒരു എം.എൽ.എയുടെയോ ഒരു ബ്രാഞ്ച് സെക്രട്ടറിയുടെയോ മാത്രം പ്രശ്നമല്ല. ഇടതുപക്ഷത്തിന്റെ ചില കേന്ദ്രങ്ങളിലെങ്കിലും കടന്നുകയറാൻ ഹിന്ദുത്വ ശക്തികൾക്ക് കഴിയുന്നു എന്ന അപകടകരമായ യാഥാർത്ഥ്യത്തിന്റെ പ്രതിഫലനമായി വേണം ഊരകം സംഭവത്തെ മനസ്സിലാക്കാൻ.

സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന്റെ ചില പ്രസംഗങ്ങളും പ്രവൃത്തികളും ഹിന്ദുത്വ ശക്തികൾക്ക് വളം വെച്ചുകൊടുക്കുന്നവയാണെന്ന് ഞങ്ങൾ പല തവണ ചൂണ്ടിക്കാണിച്ചിരുന്നു. മദ്യത്തിനും മയക്കുമരുന്നിനും എതിരെ കുട്ടികളെ ബോധവൽക്കരിക്കാൻ സംഘടിപ്പിച്ച ഒരു യോഗത്തിൽ ഇറച്ചിയെയും മീനിനെയും മദ്യത്തോടും മയക്കുമരുന്നിനോടും സമീകരിച്ചുകൊണ്ട് രവീന്ദ്രനാഥ് നടത്തിയ പ്രസംഗം വലിയ വിവാദമായിട്ടും തെറ്റ് തിരുത്താൻ മന്ത്രി തയ്യാറായില്ല. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ശ്രീശങ്കരന്റെ ഒരു പ്രതിമയുള്ളതു കൂടാതെ, ഗേറ്റിനു പുറത്ത് ഒരു പ്രതിമ കൂടി സ്ഥാപിക്കാനുള്ള വർഗ്ഗീയശക്തികളുടെ നീക്കത്തിന് ഒത്താശ ചെയ്ത ആളാണ് ഇടതുമുന്നണിയുടെ വിദ്യാഭ്യാസമന്ത്രി. മാത്രമല്ല, ജ്യോത്സ്യൻ കുറിച്ചു നൽകിയ മുഹൂർത്തമനുസരിച്ച് അവധിദിവസം പ്രവൃത്തിദിവസമായി പ്രഖ്യാപിച്ച് രാവിലെ 8.30 ന് പ്രതിമ അനാവരണം ചെയ്ത് ഹിന്ദുത്വ ശക്തികളുടെ അനുസരണയുള്ള കുട്ടിയാകാനും അദ്ദേഹത്തിന് മടിയുണ്ടായില്ല.

വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥിനെയും കെ.യു. അരുണൻ എം.എൽ.എ യെയും പോലെ ഇടതുപക്ഷ ലേബൽ ഉപയോഗിച്ച് പൊതുജീവിതത്തിൽ ഉന്നതസ്ഥാനങ്ങൾ നേടിയിട്ടുള്ളവർ സംഘപരിവാർ ശക്തികൾ ഉയർത്തുന്ന വെല്ലുവിളിയുടെ ഭീകരത തിരിച്ചറിയുന്നില്ല എന്ന് മാത്രമല്ല, അറിഞ്ഞോ അറിയാതെയോ ഹൈന്ദവ വർഗ്ഗീയതയുടെ അജൻഡ നടപ്പാക്കുന്നവരായി മാറുകയും ചെയ്യുന്നു എന്നതാണ് അപകടകരമായ കാര്യം. വർഗ്ഗീയതയോടുള്ള സമീപനത്തിൽ ഇടതുപക്ഷത്തിന്റെ വ്യക്തതയില്ലായ്മയും ആശയക്കുഴപ്പങ്ങളും, പലപ്പോഴും, വർഗ്ഗീയതയെ നേരിടുന്നതിനുള്ള അവരുടെ ശ്രമങ്ങളെ ദുർബ്ബലമാക്കുന്നു. ബാലഗോകുലം നടത്തുന്ന ശോഭായാത്രകൾ വഴി ഒരു വിഭാഗം ആളുകളെ സ്വാധീനിക്കാൻ ആർ.എസ്.എസ്സിന് കഴിഞ്ഞിട്ടുണ്ട്. ബാലഗോകുലം വഴി ആർ.എസ്.എസ് ആളുകളെ സ്വാധീനിക്കുന്നത് തടയാൻ ശ്രീകൃഷ്ണജയന്തി ആഘോഷിക്കാൻ ബാലസംഘത്തിന് നിർദ്ദേശം കൊടുക്കുന്നതുപോലെയുള്ള കൊടുംതെറ്റുകൾ ഇവിടെ ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. വർഗ്ഗീയവാദത്തെ സാംസ്കാരികമായി നേരിടേണ്ടത് എങ്ങനെ എന്നതിനെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങൾ മൂലമാണ് അരുണനെയും രവീന്ദ്രനാഥിനെയും പോലെയുള്ളവർ ഇടതുപക്ഷത്തിന്റെ സ്വന്തം ആളുകളാകുന്നത്.

ഇനിയും ധാരാളം അരുണൻമാർ ഇടതുപക്ഷത്തുണ്ടാകും. അത്തരം അരുണൻമാരെ കണ്ടെത്തി പുറത്തേക്കുള്ള വഴി കാണിച്ചു കൊടുക്കാതെ, ഗോമാതാവിനെ മുന്നിൽ നിറുത്തി കേരളത്തിലും കടന്നുകയറാൻ ശ്രമിക്കുന്ന ഹിന്ദുത്വവാദത്തെ തടുത്തു നിറുത്താൻ ഇടതുപക്ഷത്തിന് കഴിയില്ല. വർഗ്ഗീയതയ്ക്കും യാഥാസ്ഥിതികതയ്ക്കും എതിരായ യഥാർത്ഥ സാംസ്കാരിക മുന്നേറ്റം ഇവിടെയുണ്ടായാൽ അരുണനെയും രവീന്ദ്രനാഥിനെയുമൊക്കെ നമ്മൾ കാണുക മറുപക്ഷത്തായിരിക്കും.