പൊതുവിദ്യാലയങ്ങള്‍ ശ്രദ്ധാകേന്ദ്രങ്ങളാകുമ്പോള്‍

#

02-06-17) : ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള ചില ജനപ്രതിനിധികള്‍ സ്വന്തം മക്കളെ പൊതു വിദ്യാലയങ്ങളില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചു എന്ന വാര്‍ത്തയായിരുന്നു പുതിയ അദ്ധ്യയന വര്‍ഷാരംഭത്തിന്റെ വിശേഷങ്ങളില്‍ ഏറ്റവും ശ്രദ്ധ നേടിയത്. എം.ബി.രാജേഷ് എം.പിയും വി.ടി.ബല്‍റാം എം.എല്‍.എയും തങ്ങള്‍ ചെയ്ത സല്‍പ്രവൃത്തിയെക്കുറിച്ച് ഫെയ്‌സ്ബുക്കിലൂടെ ജനങ്ങളെ അറിയിക്കുകയും പത്രമാധ്യമങ്ങള്‍ അവരുടെ തീരുമാനത്തെ ആഘോഷമാക്കുകയും ചെയ്തു. തീര്‍ച്ചയായും നല്ല കാര്യം. പക്ഷേ, പൊതു വിദ്യാലയത്തില്‍ കുട്ടിയെ ചേര്‍ത്തു എന്നത് ഒരു മേന്മയായി കരുതത്തക്ക തരത്തില്‍ നമ്മുടെ പൊതുവിദ്യാലയങ്ങള്‍ ഇത്ര വലിയ തകര്‍ച്ചയില്‍ അകപ്പെട്ടതെങ്ങനെ എന്നതിനെക്കുറിച്ച് ഗൗരവത്തില്‍ ആലോചിക്കേണ്ട സന്ദര്‍ഭം കൂടിയാണ് ഇത്.

ചോദിച്ചവര്‍ക്കെല്ലാം, ചോദിച്ചിടത്തെല്ലാം അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ അനുവദിക്കുന്നതില്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ മത്സരിക്കുകയായിരുന്നു. എണ്‍പതുകളുടെ തുടക്കത്തോടെ തകര്‍ച്ചയിലായ പൊതുവിദ്യാലയങ്ങള്‍ പിന്നെ ഉയര്‍ത്തെഴുന്നേറ്റില്ല. വിദ്യാഭ്യാസമേഖലയില്‍ മുടക്കാന്‍ സര്‍ക്കാരിന് പണമില്ലെന്നതായിരുന്നു, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ തോന്നുന്നതു പോലെ അനുവദിക്കുന്നതിനുള്ള ന്യായം. അതേസമയം തന്നെ സര്‍ക്കാരിന് വന്‍ ബാധ്യത വരുത്തിവെയ്ക്കുന്ന തരത്തില്‍ എയ്ഡഡ് സ്‌കൂളുകളും ധാരാളമായി അനുവദിക്കുന്നുണ്ടായിരുന്നു. ഒന്നിലധികം സ്‌കൂളുകളുള്ള സ്ഥലങ്ങളിൽ ഒരു മാനദണ്ഡവും പാലിക്കാതെ സ്‌കൂളകള്‍ അനുവദിച്ചതു വഴി എയ്ഡഡ് സ്‌കൂളുകളില്‍ കുട്ടികളില്ലാതായതിന്റെ ബാധ്യതയും സർക്കാരിന്റെ ചുമലിലായി. കുട്ടികളില്ലാത്തതുമൂലം എയ്ഡഡ് സ്‌കൂളുകളിൽനിന്ന് പുറത്തായ അദ്ധ്യാപകരെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സംരക്ഷിക്കുക എന്ന ബാധ്യത സ്വന്തം തലയില്‍ എടുത്തുവെയ്ക്കാന്‍ "പ്രൊട്ടക്ഷന്‍" എന്ന വിചിത്രമായ നയം മൂലമാണ് സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമായത്. അതായത്, സ്വകാര്യ മാനേജ്‌മെന്റുകള്‍ ദശലക്ഷക്കണക്കിന് രൂപ കോഴ വാങ്ങി നിയമിച്ച അദ്ധ്യാപകരെ സംരക്ഷിക്കുക സര്‍ക്കാരിന്റെ ബാധ്യതയായി.

സ്വകാര്യ അണ്‍ എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ കുത്തൊഴുക്ക് തുടങ്ങിയതിനുശേഷം, ഒരു നിവൃത്തിയുമില്ലാത്തവരുടെ കുട്ടികള്‍ പഠിക്കുന്ന സ്ഥാപനങ്ങളായി പൊതു വിദ്യാലയങ്ങള്‍ മാറി. പി.എസ്.സി വഴി തെരഞ്ഞെടുക്കപ്പെടുന്ന മികച്ച അദ്ധ്യാപകരുണ്ടെന്നല്ലാതെ, മറ്റു സൗകര്യങ്ങള്‍ പല പൊതു വിദ്യാലയങ്ങളിലും വളരെ കുറവായിരുന്നു. പൊതു വിദ്യാലയങ്ങളിലെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് അധരവ്യായമങ്ങളല്ലാതെ മറ്റൊന്നും അധികൃതരില്‍ നിന്നുണ്ടായില്ല. സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന സ്‌കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് കൂടിക്കൂടി പല സ്‌കൂളുകളിലും വിദ്യാർത്ഥികൾ നാമമാത്രമായി മാറി.

ഇക്കാലത്ത് അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ സ്വഭാവത്തിലും വലിയ മാറ്റങ്ങളുണ്ടായി. അവയില്‍ തന്നെ ഗ്രേഡ് കുറഞ്ഞവയില്‍ പഠിക്കാന്‍ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെയും താഴെത്തട്ടിലുള്ള രാഷ്ട്രീയക്കാരുടെയും ചെറുകിട കച്ചവടക്കാരുടെയും മക്കള്‍ മാത്രമായി. മേല്‍ത്തട്ട് രാഷട്രീയക്കാരും വലിയ ബിസിനസ്സുകാരും ഉന്നത ഉദ്യോഗസ്ഥരും സ്വന്തം കുട്ടികളെ സംസ്ഥാനത്തിന് പുറത്ത് മുന്തിയതരം പബ്ലിക് സ്‌കൂളുകളിലയച്ചു. അക്കൂട്ടരിൽ ചിലർ, സംസ്ഥാനത്ത് തന്നെ "ഇന്റെര്‍ നാഷണല്‍ സ്‌കൂള്‍" എന്നും മറ്റുമുള്ള പേരുകളില്‍ ലക്ഷക്കണക്കിന് രൂപ ഫീസ് വാങ്ങുന്ന സ്ഥാപനങ്ങളിലാണ് കുട്ടികളെ അയച്ചത്. പാവപ്പെട്ടവരുടെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ ശ്രദ്ധിക്കാന്‍ പ്രമാണിമാര്‍ക്കാർക്കും സമയമോ സൗകര്യമോ ഉണ്ടായില്ല. അവരെ അതിന് നിര്‍ബ്ബന്ധിക്കാനും ആരും ശ്രമിച്ചില്ല.

ഇടതുപക്ഷത്തും വലതുപക്ഷത്തുമെല്ലാമുള്ള രാഷ്ട്രീയനേതാക്കള്‍, മലയാള ഭാഷയെ ഉദ്ധരിച്ചേ മതിയാവൂ എന്ന് ശാഠ്യമുള്ള സാഹിത്യകാരന്മാര്‍ തുടങ്ങി നമ്മുടെ രാഷ്ട്രീയ സാംസ്‌കാരിക നായകരൊക്കെ തങ്ങളുടെ മക്കളെ എവിടെ അയച്ചാണ് പഠിപ്പിച്ചതെന്ന് അന്വേഷിക്കുമ്പോൾ കേരളത്തിലെ പൊതു വിദ്യാലയങ്ങള്‍ ഇന്നത്തെ അവസ്ഥയിലെത്തിയതിന്റെ കാരണങ്ങള്‍ ചെറുതായെങ്കിലും മനസ്സിലാക്കാൻ കഴിയും.

സ്വന്തം കുട്ടികളെ പൊതുവിദ്യാലയങ്ങളില്‍ ചേര്‍ക്കാന്‍ സന്നദ്ധത കാണിച്ച എം.ബി രാജേഷിനെയും വി.ടി.ബല്‍റാമിനെയും അതുപോലെയുള്ളവരെയും അഭിനന്ദിക്കുമ്പോള്‍ തന്നെ പൊതു വിദ്യാലയങ്ങളോട് മുഖം തിരിച്ചു നിന്ന രാഷ്ട്രീയ നേതാക്കളെക്കുറിച്ച് അന്വേഷിക്കേണ്ട ബാധ്യത കൂടി നമുക്കുണ്ട്. കഴിഞ്ഞ 3-4 പതിറ്റാണ്ടുകാലം പൊതു വിദ്യാലയങ്ങള്‍ തീര്‍ത്തും അവഗണിക്കപ്പെട്ട കാലയളവില്‍ നമ്മുടെ മുന്തിയ രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ എവിടെയൊക്കെയാണ് പഠിച്ചതെന്ന് ഒരന്വേഷണം നടത്തുന്നത് നമ്മുടെ രാഷ്ട്രീയത്തെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ച് പുതിയ തിരിച്ചറിവുകള്‍ നേടാന്‍ സഹായിച്ചേക്കും.